കോവിഡിനു ശേഷം ഇന്ത്യ NO. 1-സർക്കാർ ചെയ്യേണ്ടത്, ശ്രദ്ധിക്കേണ്ടത് | INDIA AFTER COVED. 1-Government to do, to pay attention

   കോവിഡ് സൃഷ്‌ടിച്ച സവിശേഷമായ സാഹചര്യം ലോകത്തിലെ വൻശക്തികളുടെ സമ്പദ് വ്യവസ്ഥയെ തന്നെ പിടിച്ചുനിർത്തിയിരിക്കുന്നു. ആശങ്കകളുടെയും അഭ്യുഹങ്ങളുടെയും മൃതശരീരങ്ങളുടെ എണ്ണത്തിന്റെയും പൂപ്പൽ പടർന്നു കയറിയ ലോക സമ്പദ് വ്യവസ്ഥയിൽ,അമേരിക്കയെയും ചൈനയെയും റഷ്യയെയും പിന്തള്ളി തന്ത്ര പ്രധാന ശക്തിയാകാനുള്ള സുവർണാവസരമാണ് ഇന്ത്യക്ക് കൈവന്നിരിക്കുന്നത്.എന്നാൽ അതിന് നിലവിലുള്ള സ്ഥിതി മതിയാകില്ല.


'നിലവിലെ സ്ഥിതി 'എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്...?? 

  'മിനിമം ഗവണ്മെന്റ്, മാക്സിമം ഗവേർണൻസ്' എന്ന മോദി ഗവണ്മെന്റ് മുദ്രവാക്യം വ്യപകമായി തെറ്റിദ്ധരിക്കപ്പെട്ടു. ഈ വാക്യം ഗവണ്മെന്റിന്റെ  പൊതുമേഖലയിലെ  ഉദാരവത്കരണ നടപടികളുടെ തുടക്കമായി കരുതിയവർക്ക് തെറ്റി. മാത്രവുമല്ല വ്യാചാർത്ഥം നോക്കിയാൽ പോലും മുൻ യൂ. പി. എ സർക്കാരുകളുടെ മന്ത്രിസഭയ്ക്ക് തുല്ല്യമായ അംഗത്വം ഇപ്പോൾ മോദി മന്ത്രിസഭയിലുണ്ട്. 

      ഇപ്പോഴത്തെ ഗവണ്മെന്റിന്റെ കേന്ദ്രീകൃത സ്വഭാവമാണ് അതിൽ ഏറ്റവും പ്രധാനം. പുതിയ ആശയങ്ങൾ, പദ്ധതികൾ തുടങ്ങിയവയെല്ലാം ഉടലെടുക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസിൽ (PMO)നിന്നാണ്. ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്ക്  ഒരു പുതിയ ആശയം നടപ്പിലാക്കാനുള്ള ഇച്ഛാശക്തിയും ആത്മവിശ്വാസവും നഷ്ടപ്പെടുന്നു. ഏതൊരു തീരുമാനത്തിനും PMO യെ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യം ഒരുപക്ഷെ പൊളിറ്റിക്കൽ പാർട്ടിയുടെ കാര്യത്തിൽ ഗുണകരമായിരിക്കാം.പ്രധാനമന്ത്രിയുടെ ഓഫീസ് ചില മേഖലകളിൽ മികവുള്ളവരായിരിക്കാം. എന്നാൽ എടുക്കുന്ന തീരുമാനങ്ങൾ സമ്പദ് വ്യവസ്ഥയിൽ എങ്ങനെ പ്രതിഫലിക്കുന്നു എന്ന് മനസ്സിലാക്കുന്നതിൽ പ്രധാനമന്ത്രിയുടെ ഓഫീസിനു വീഴ്ച പറ്റുന്നു. മന്ത്രാലയങ്ങളുടെ അധികാര പരിധി അവയ്ക്ക് തന്നെ തിരികെ നൽകുവാൻ പി. എം. ഒ തയാറാകണം. 

ഏകീകൃത സാമ്പത്തിക രീതിയിൽ നിന്നും കേന്ദ്രസർക്കാർ പിന്മാറേണ്ടതായി വരും. മുൻകാല ഗവണ്മെന്റുകളുടെ മോശം നടപടികളെ തള്ളിക്കളഞ്ഞു കൂടുതൽ സാമ്പത്തിക ഉദാരവത്കരണ നടപടികൾക്ക് ആക്കം കൂട്ടുകയാണ് വേണ്ടത്. 
മാത്രവുമല്ല ബിസിനസ് ചെയ്യുന്നതിൽ നിന്നും സർക്കാർ പിന്മാറി (നഷ്ടത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ)സ്വകാര്യ മേഖലയിൽ കൂടുതൽ ആരോഗ്യകരമായ മത്സരരത്തിന് കളമൊരുങ്ങിയാൽ അതായിരിക്കും ഇന്ത്യൻ സാമ്പത്തികരംഗത്തിനു കൂടുതൽ ഗുണകരം. 

സ്വീകർത്താക്കൾക്ക് നേരിട്ടുള്ള ആനുകൂല്യകൈമാറ്റം മോഡി സർക്കാരിന്റെ നേട്ടമാണ്.
ഉദാഹരണം, കർഷകർക്കായുള്ള 6000 രൂപ, ജൻധൻ അക്കൗണ്ട് വഴിയുള്ള കോവിഡ് ധനസഹായ വിതരണം, ഗ്യാസ് സബ്സിഡി നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക്  തുടങ്ങിയവ. 

എന്നാൽ ഒന്നാം യു. പി എ സർക്കാരും രണ്ടാം യു. പി. എ സർക്കാരും കൂടുതൽ ഊന്നൽ കൊടുത്ത പുനർ വിതരണത്തിലായിരുന്നു മോദി സർക്കാരും  ഊന്നൽ കൊടുത്തത്. വരുമാനമില്ലാതെ (ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, (NREGA) ഭക്ഷ്യ സുരക്ഷാ പദ്ധതി)  വിതരണം മാത്രം നടന്നതോടെ സമ്പദ് വ്യവസ്ഥയുടെ വളർച്ച മന്ദഗതിയിലായി. 
   സാമ്പത്തിക സാഹചര്യങ്ങൾ മോശമാകുമ്പോൾ എല്ലാവരുടെയും ശ്രദ്ധ തിരിക്കുന്ന മറ്റെന്തെങ്കിലും സംഭവം പ്രധാനമന്ത്രിയുടെ ഓഫീസ് സൃഷ്ടിക്കും. ഉദാഹരണത്തിനു നോട്ടുമാറ്റം, ബാങ്ക് സംയോജനം, കോർപ്പറേറ്റ് ടാക്സ് ഇളവ് ചെയ്യുക പോലുള്ളവ. ഇത്തരം തീരുമാനങ്ങൾ കാലാനുസൃതമോ ദീർഘവീഷണം ഉള്ളവയോ  ആയിരിക്കില്ല . സംഭവം ആയി നേരിട്ട് ബന്ധമുള്ള  മേഖലയുടെ പ്രശ്നം പരിഹരിക്കപ്പെടും ഒപ്പം ആ മന്ത്രാലയത്തിന്റെ അധികാരബോധം നഷ്ടപ്പെടും. 

മേക് ഇൻ ഇന്ത്യ പോലുള്ള പദ്ധതികൾ വഴി ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപ പ്രോത്സാഹന നടപടികൾക്ക് തുടക്കത്തിൽ കൈ കൊടുത്ത സർക്കാർ  ആർ. സി. ഇ. പി  കരാർ പോലെ ഭാവിയിൽ മികച്ച നേട്ടങ്ങളുണ്ടാക്കുന്ന  ഗ്ലോബൽ സപ്ലൈ ചെയ്‌നുകളിൽ  നിന്നും പിന്മാറി. 
2007-08 കാലഘട്ടത്തേക്കാൾ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ തോതും (FDI-foreign direct investment )ഇപ്പോൾ കുറവാണ്. 
മാത്രവുമല്ല  ആരെയും ആർക്കും വിശ്വാസം ഇല്ലാത്ത അവസ്ഥയാണ് നിലവിൽ ഇന്ത്യയിൽ, ബാങ്ക് തട്ടിപ്പ് നടത്തിയവരിൽ ആരെയും ഇതുവരെയും പിടികൂടിയിട്ടില്ലെന്നത് നിരാശാജനകമാണ്. അതുകൊണ്ടുതന്നെ ഇന്ത്യയിൽ ആഭ്യന്തര നിക്ഷേപങ്ങളും ഉണ്ടാകുന്നില്ല. 

ഇപ്പോൾ കോവിഡ് പിടിച്ചു നിർത്തിയ സാമ്പത്തിക മേഖലയിൽ ജി സ് ടി യും നോട്ടുമാറ്റവും മൂലം തകർന്നടിഞ്ഞ ചെറുകിട മാർക്കറ്റുകൾ ലക്ഷ്യമാക്കി കൂടുതൽ പദ്ധതികൾക്ക് രൂപം നൽകേണ്ടതുണ്ട്. കാരണം ചിതറിക്കിടക്കുന്ന ചെറുകിട മാർക്കെറ്റുകളാണ് ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല്. 

സർക്കാർ എന്ത് ചെയ്യണം... !

  •   1.ഏറ്റവും പ്രാധാന്യം കാർഷിക മേഖലയിൽ തന്നെ നൽകണം. ലോക്ക് ഡൗൺ മൂലം കെട്ടികിടന്നു നശിച്ച കാർഷിക വിളകൾ, വിലക്കുറവ്, കാർഷിക കടങ്ങളുടെ മൊറട്ടോറിയം തുടങ്ങി ഒട്ടേറെ വിഷയങ്ങൾ ഗവണ്മെന്റ് പരിഗണനയും കാത്തിരിക്കുന്നു. 
ഗുണമേന്മയുള്ള വിത്തുകൾ, സാങ്കേതികവിദ്യകൾ, ഊർജം, സാമ്പത്തികം, തുടങ്ങിയവയിലേക്ക് കർഷകർക്ക് എളുപ്പത്തിൽ സമീപിക്കാൻ കഴിയണം. 
കർഷകർക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പ് വരുത്തണം. 
സംഭരണ ശാലകൾ, ഉപഭോക്താക്കൾ തുടങ്ങിയവരിലേക്ക് നേരിട്ടുള്ള ലോജിസ്റ്റിക് സംവിധാനം കർഷകരിൽ നിന്നും  ഉണ്ടാകണം. 
ഭൂമി പാട്ടത്തിനെടുക്കുന്നതിൽ ഉള്ള നിയമപരമായ ചുവപ്പുനാടകളും വില നിർണായത്തിൽ ഉൾപ്പെടെ   അനാവശ്യമായ സർക്കാർ ഇടപെടലുകളും ഒഴിവാക്കുക, മാത്രവുമല്ല സബ്സിഡി വഴി നൽകുന്ന കിഴിവ് പണമായി അക്കൗണ്ടുകളിലേക്ക് നൽകിയാൽ അതും വലിയൊരു സഹായമായിരിക്കും. 
സബ്സിഡി സ്കീമിൽ പാട്ടത്തിനെടുത്തവരെയും ഏക്കർ അടിസ്ഥാനത്തിൽ ഉൾപ്പെടുത്തുക. പ്രധാനമായും കർഷകരെ കാർഷികവൃത്തിയിൽ നിന്നും പുറത്തുപോകാൻ പ്രാപ്തരാക്കുക എന്നതിലാവണം സർക്കാർ ഊന്നൽ നൽകേണ്ടത്. 
  •   2.സാമ്പത്തിക വളർച്ചയ്ക്ക് വികേന്ദ്രീകരണം അത്യാവശ്യമാണ്. പി. എം. ഒ വേണം, എന്നാൽ മന്ത്രാലയങ്ങൾക്കുള്ള അധികാര പരിധി മന്ത്രാലയങ്ങൾക്കും നൽകണം. മന്ത്രാലയങ്ങൾക്ക് മുൻഗണന നൽകി പദ്ധതികൾ അവിടെ നിന്നും രൂപം കൊള്ളേണ്ടതുണ്ട്. 
  •  3.സംസ്ഥാനങ്ങളുമായുള്ള ബന്ധം ഊഷ്മളമാക്കുക. പുതിയ പദ്ധതികളുടെ രൂപീകരണത്തിലും സ്ഥലമേറ്റെടുപ്പ് പോലുള്ളവയുടെ കാര്യത്തിലും സംസ്ഥാനങ്ങളുമായുള്ള നല്ല ബന്ധം കേന്ദ്രത്തിനു ഗുണകരമാകും. 15 ആം ധനകാര്യ കമ്മീഷൻ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുക (സംസ്ഥാനങ്ങൾക്കുള്ള വരുമാന വിഭജനം പഴയ പടി ആക്കാനുള്ള നിർദ്ദേശങ്ങൾ ആണ് റിപ്പോർട്ടിൽ ഉള്ളതെന്ന് പറയപ്പെടുന്നു. )
  • 4.ധനക്കമ്മി ജി. ഡി. പി. യുടെ 9-10 % ആണെന്നുള്ളത് അപകടകരമായ വസ്തുതയാണ്. സ്വകാര്യ ചെലവുകൾ പ്രോത്സാഹിപ്പിക്കണം. പണം ചിലവഴിക്കാനാകുന്ന മധ്യവർഗത്തിനു വേണ്ടി കൂടുതൽ നികുതിയിളവുകൾ നൽകാം. ഒപ്പം തന്നെ ഗ്രാമീണ വികസനത്തിനും ശ്രദ്ധ നൽകാം. 
  • 5.ന്യുന പക്ഷ വിഭാഗങ്ങൾ, കേന്ദത്തിൽ നിന്നും അകന്നിരിക്കുന്ന സംസ്ഥാനങ്ങൾ തുടങ്ങിയവയ്ക്കും ഭാരത പുനർ നിർമാണത്തിൽ പങ്ക് ഉണ്ടെന്നു ബോധ്യപ്പെടുത്തി സ്കോളർഷിപ്പുകൾ,ജി. സ്. ടി. വരുമാന വിഹിതം  മുതലായവ പുനര്നിര്ണയിക്കുക 
  • 6.പ്രകൃതി, ഭക്ഷണം, വിദ്യാഭ്യാസം, ടൂറിസം, ധനകാര്യം,, ആരോഗ്യം മുതലായവയിൽ സർക്കാർ ഇടപെടലുകൾ കര്ശനമാക്കുക. പുതിയ ആശുപത്രികൾ, സ്കൂളുകൾ, ആധുനിക മെഡിക്കൽ ലാബ്കൾ, ഈ മേഖലകളിലെ ഗവേഷണം, സ്ഥാപനങ്ങളുടെ അക്രെഡിറ്റേഷൻ നിബന്ധനകളുടെ പരിഷ്കരണം വഴി ഗുണമേന്മ ഉറപ്പുവരുത്തുക. ഈ കാര്യങ്ങളെ കുറിച്ചുള്ള വേണ്ടുവോളം വിവരങ്ങൾ മുൻപ് സർക്കാർ തന്നെ നിയോഗിച്ചിട്ടുള്ള കമ്മീഷനുകളുടെ റിപ്പോർട്ടിൽ ഉണ്ട്. നടപ്പാക്കുവാനാവശ്യമുള്ള വിദഗ്ധർ നമ്മുടെ ഓരോ ഡിപ്പാര്ട്ട്മെന്റുകളിലും ഉണ്ട്. 
  • 7.ഇൻകം ടാക്സ്, സി ബി ഐ മുതലായ അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതും, ഉള്ളിലും പുറത്തുമുള്ള പ്രശ്നങ്ങളെ രാഷ്ട്രീയമായി വിലയിരുത്തുന്നതും, അവ തത്കാലികമാണെന്ന് വിശ്വസിക്കുന്നതും, സാമ്പത്തിക അവസ്ഥയെ കുറിച്ചുള്ള വാർത്തകൾ, സർവ്വേകൾ എന്നിവയെ അടിച്ചമർത്തുന്നതും സർക്കാർ ഉപേക്ഷിക്കുക. എന്നിട്ട് യാഥാർഥ്യങ്ങൾക്ക് പുറകെപോകാൻ  അവയെ അനുവദിക്കുക. 
  • 8.ഗവണ്മെന്റ് നേരിട്ടുള്ള ബിസിനസ്സിൽ നിന്നും പിന്മാറുക എന്നതാണ് മറ്റൊന്ന്. പൊതുമേഖലയിലെ തന്ത്ര പ്രധാന സംരംഭങ്ങൾ ഒഴികെ മറ്റുള്ളവയെ സ്വകാര്യ മേഖലയിലേക്ക് കൈമാറണം. അതിനെ വെറുമൊരു വിഭവ സമാഹരണ നടപടിയായി മാത്രം കാണരുത്, ജീവനക്കാർ, ആസ്തി തുടങ്ങിയവയെ രാജ്യത്തിന്റെ വളർച്ചയ്ക്കായി ഉപയോഗിക്കേണ്ടതുണ്ട്. അതിനായി ഒരു മാസ്റ്റർ പ്ലാൻ ഉണ്ടാക്കിയെടുക്കണം. സ്വകാര്യ മേഖലയിലേക്ക് ആ കമ്പനികൾ പോയാലും അവയുടെ നിയന്ത്രണത്തിനായി റെഗുലേറ്ററി ബോഡികൾ സ്ഥാപിക്കണം. 
  • 9.ടാക്സ് കുറച്ചും, സ്വതന്ത്ര വ്യപാരകരാറുകളിൽ ഏർപ്പെട്ടും ആഭ്യന്തര വിപണിയിൽ മത്സരം ഉണ്ടാക്കിയെടുക്കുക. ഇന്ത്യ മത്സരയോഗ്യമല്ല എന്ന് പറയുന്നവരെ തെറ്റാണെന്ന് ബോധ്യപ്പെടുത്താൻ കഴിയണം. പുതിയ തീരുമാനങ്ങൾ, വിവരങ്ങൾ, ചർച്ച, പങ്കാളിത്തം എന്നിവയിൽ എല്ലാവരെയും ഉൾപ്പെടുത്തുക. ഇപ്പോൾ ഇത്തരം വാർത്തകളിൽ പലതും ഉദ്യോഗസ്ഥർ വഴി പിൻ വാതിൽ വഴിയാണ് വരുന്നത് എന്നത് വിസ്മരിച്ചു കൂടാ. ചെലവ് (cost), മത്സരം (competition),ഉൽപാദനക്ഷമത(productivity) തുടങ്ങിയ കാര്യങ്ങളിൽ മാറ്റങ്ങൾ പഠിക്കാൻ റെഗുലേറ്ററി ബോഡി സ്ഥാപിക്കുക. ബോഡിയുടെ നിർദ്ദേശങ്ങൾ നിക്ഷേപകർക്ക് വിശ്വാസം നൽകുന്നത് ആയിരിക്കണം. 
  •  10.സാമ്പത്തിക പരിചയം ഇല്ലാത്ത നിലവിലെ കോടതി സംവിധാനങ്ങളെ പരമാവധി മാറ്റി  നിർത്തുക 
  • 11.അരവിന്ദ് പൻഗരിയ യുടെ അഭിപ്രായത്തിൽ വൻ ഉല്പാദന ക്ഷമതയുള്ള കമ്പനികൾ ഇന്ത്യയിൽ വന്നെങ്കിൽ മാത്രമേ ഇന്ത്യ വളരുകയുള്ളൂ. മാത്രവുമല്ല നിലവിലെ തൊഴിലാളി നിയമങ്ങളിൽ കാലോചിത മാറ്റങ്ങൾ കൊണ്ടുവരുക (യൂണിയൻ, ജോലിക്കാർ  എന്നിവരോട് സംസാരിച്ചതിന് ശേഷം )അതിന് മാപ്പിംഗ്, ഉടമസ്ഥാവകാശം എന്നിവയിൽ സർക്കാർ നടപടികൾ വേഗത്തിലാക്കണം. 
  • പാവപ്പെട്ട സംസ്ഥാനങ്ങളിൽ കാർഷിക ഭൂമി (കൃഷിയിടങ്ങൾ അല്ല ) വികസനത്തിനായി ഉപയോഗിക്കേണ്ടി വരും. ഭൂമിയുടെ നിർണയത്തിൽ സുതാര്യത കൊണ്ടുവരണം. ബലം പ്രയോഗിച്ചുള്ള ഭൂമി ഏറ്റെടുക്കൽ ഒരു പരിധിവരെ ഉപേക്ഷിക്കേണ്ടതാണ്. ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ചുള്ള നടപടികൾ, മതിപ്പുവില തുടങ്ങിയ കാര്യങ്ങളിൽ  നിയമനിർമാണം നടത്തുവാൻ സംസ്ഥാനങ്ങളെ നിർബന്ധിക്കുക. അതുവഴി വില്പനക്കാരന്റെ താല്പര്യങ്ങളും സംരക്ഷിക്കാം. 
  • 12.നിർമാണം, റിയൽ എസ്റ്റേറ്റ്, അടിസ്ഥാന സൗകര്യം, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾ (NBFC)തുടങ്ങിയവയിൽ നിക്ഷേപങ്ങൾ ഉറപ്പുവരുത്തുക. ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ തകർച്ച സമ്പദ് വ്യവസ്ഥയിൽ ഒരിക്കലും നല്ലതല്ല. R B I നേതൃത്വത്തിൽ മൂലധനം വിലയിരുത്തി വളർച്ച രേഖപ്പെടുത്തിയവയെ മാത്രം ഗവണ്മെന്റ് സഹായം നൽകി നിലനിർത്തുക. അങ്ങനെ  രൂപയുടെ വിനിമയം വർധിപ്പിക്കാം. 
  • നിന്നുപോയ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ വീണ്ടും ആരംഭിക്കുക. അതിന് പണ ലഭ്യത ഉറപ്പ് വരുത്തുക. 
  • മൂലധനം, ഭൂമി,തൊഴിലാളി, മാർക്കെറ്റ് മുതലായവയിൽ ഉദാരവത്കരണ നടപടികൾ ശക്തമാക്കുന്നതിനായി പുതിയ നിയമനിര്മാണങ്ങൾ, പദ്ധതികൾ ആരംഭിക്കുക. 

ഒരു പക്ഷേ കോവിഡാനന്തര ലോക സാമ്പത്തിക വ്യവസ്ഥയിൽ ഇന്ത്യ വൻ ശക്തികളിലൊന്നായി മാറിയാലും അത്ഭുതപ്പെടേണ്ടതില്ല. പക്ഷേ അതിലേക്കുള്ള യാത്ര  കെട്ടിക്കിടന്ന മരുന്നുകൾ കയറ്റിയയച്ചതുപോലെ അത്ര എളുപ്പമല്ലെന്ന് മാത്രം. 

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.