|
Bekkal fort |
ഏഷ്യൻ വൻകരയിലെ പ്രധാന കോട്ടകളിലൊന്ന്. കേരളത്തിലെ ഏറ്റവും വലിയ കോട്ട. അറബിക്കടലിന്റെ തിരകൾ വന്നു ചുംബിക്കുന്ന കോട്ട മതിലുകൾക്ക് 35 ഏക്കറിലധികം ഭൂ വിസ്തൃതിയുണ്ട്.
ഈ പ്രദേശം പണ്ട്
കദംബര രാജവംശത്തിന്റെയും പിന്നീട്
മൂഷിക രാജവംശത്തിന്റെയും അധീനതയിൽ ആയിരുന്ന ഈ പ്രദേശം പിന്നീട് കോലൊത്തിരി രാജ വംശത്തിന്റെ കാലത്തു ഭരണ കേന്ദ്രമായിരുന്നു. പിന്നീട് ഇവിടം വിജയനഗര സാമ്രാജ്യത്തിന്റെ അധീനതയിലാവുകയും 1565ലെ
തളിക്കോട്ട യുദ്ധത്തിൽ വിജയനഗരം പരാജയപ്പെടുകയും പ്രദേശം ബദിനൂർ രാജാവിന്റെ അധീനതയിലുമായി.
കുംബളയിലെ ഇക്കേരി നായ്ക്കന്മാർ എന്നുമറിയപ്പെടുന്ന ബദിന്നൂർ നായ്ക്കന്മാരിലെ ശിവപ്പ നായിക്ക് 1650 ൽ ഈ കോട്ട നിർമിച്ചു എന്നാണ് കരുതപ്പെടുന്നത്. എന്നാൽ കോലൊത്തിരി രാജവംശം നിർമിച്ച കോട്ട ശിവപ്പ നായിക്ക് പുതുക്കി പണിതതാണെന്നും അഭിപ്രായം ഉണ്ട്.
1763 ൽ ഈ പ്രദേശം മൈസൂർ രാജാവായിരുന്ന ഹൈദരലി ആക്രമിച്ചു കീഴടക്കി. പിന്നീട് ടിപ്പുസുൽത്താന്റെ നേതൃത്വത്തിൽ തുളുനാടിന്റെയും മലബാറിന്റെയും ഭരണ കേന്ദ്രമാക്കി കോട്ടയെ മാറ്റി. 1791 ൽ ടിപ്പുവിനെ പരാജയപ്പെടുത്തിയ ബ്രിട്ടീഷുകാർ ഈ കോട്ടയെ അവരുടെ അധീനതയിലാക്കി. മലബാർ ജില്ലയുടെ ഭാഗമാക്കി.
ഭൂരിഭാഗവും സമുദ്രത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ കോട്ട ചെങ്കല്ല് കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. വലിയ മതിലുകൾ, കൊത്തളങ്ങൾ, നീരീക്ഷണ ഗോപുരങ്ങൾ, ഭൂമിക്കടിയിലൂടെ തുരങ്കങ്ങൾ എന്നിവയും ഈ കോട്ടയിലുണ്ട്.
കോട്ടയുടെ നടുവിലുള്ള നിരീക്ഷണ ഗോപുരം 9 മീറ്റർ ഉയരവും 24 മീറ്റർ ചുറ്റളവും ഉള്ളതാണ്. പീരങ്കിയടക്കം സൈനിക ഉപകരണങ്ങൾ മുകളിലേക്ക് എത്തിക്കാൻ തക്ക നിർമാണ വൈദഗ്ധ്യം അതിൽ നമുക്ക് കാണാം.
കാസർഗോഡ് നിന്നും 17 കിലോമീറ്റർ ദൂരമാണ് ഇങ്ങോട്ടേക്കുള്ളത്.