നമ്മുടെ ഐതിഹ്യങ്ങളിലെ പ്രധാന കഥാപാത്രമാണ് ഭൂതം.ആ ഭൂതത്താന്മാരുടെ പേരിലും കേരളത്തിൽ ഒരു അണക്കെട്ടു നിർമിക്കപ്പെട്ടിട്ടുണ്ട്.ഭൂതത്താൻകെട്ട് അണക്കെട്ട്.
BhoothathanKettu Dam |
എറണാകുളം ജില്ലയിൽ പെരിയാർ നദിക്ക് കുറുകെ ആണ് പൊതുമരാമത്തു വകുപ്പിന്റെ മേൽനോട്ടത്തിൽ 1957 ൽ പണി തുടങ്ങി 1964 ൽ കമ്മിഷൻ ചെയ്ത ഈ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്.
കോതമംഗലം - തട്ടേക്കാട് വഴിയിൽ നിന്നും കീരംപാറ കവലയിൽ എത്തി ഇടമലയാർ വഴിയിലേക്ക് തിരിഞ്ഞു 5 കിലോമീറ്റർ കൂടെ മുന്നോട്ട് പോയാൽ ഈ ഡാം ആയി.
ഈ പേരിനു പുറകിലുള്ള ഐതിഹ്യങ്ങൾ കേട്ടിരിക്കാൻ തന്നെ നല്ല രസമാണ് കേട്ടോ.നല്ല മഴയുള്ള ദിവസങ്ങളിൽ ഇവിടങ്ങളിലെ ചായക്കടകളിൽ വന്നിരുന്നത് ചൂട് ചായക്കൊപ്പം ഇത്തരം കഥകൾ കൂടെ കേൾക്കാം.
|
കേട്ടതിൽ പഴക്കം ചെന്ന ഐതിഹ്യം പറഞ്ഞു തുടങ്ങാം...
പെരിയാർ നദീതട പദ്ധതിയുടെ ഭാഗമായി മനുഷ്യർ അണക്കെട്ടു നിർമിക്കുന്നതിനും മുൻപ് തന്നെ ഇവിടെ ഒരു തടാകം പോലെ ഒന്ന് ഉണ്ടായിരുന്നു.
തൃക്കാരിയൂർ ക്ഷേത്രം വെള്ളപ്പൊക്കത്തിലൂടെ നശിപ്പിച്ചു ദേവനായ ശിവനെ ഒതുക്കം എന്ന് ഭൂതഗണങ്ങൾ കണക്കുകൂട്ടി.പെരിയാറിന്റെ ഒഴുക്ക് വഴിതിരിച്ചു വിടുക എന്നതായിരുന്നു പ്രധാന ആശയം.
എന്നാൽ ഈ അപകടം മുൻകൂട്ടി മനസ്സിലാക്കിയ ശിവൻ പുഴ തിരിച്ചു വിടൽ പണിയിൽ ഏർപ്പെട്ടിരുന്ന ഭൂത ഗണങ്ങളുടെ അടുത്ത് ചെന്ന് കോഴിയുടെയും കാക്കയുടെയും ശബ്ദം ഉണ്ടാക്കി.ശബ്ദം കേട്ട ഭൂതങ്ങൾ പ്രഭാത സമയമായെന്ന് വിചാരിച്ചു പണി ഇടക്ക് വെച്ച് നിർത്തുകയും സ്ഥലം വിടുകയും ചെയ്തു.
പിന്നീടൊരിക്കലും ഭൂതങ്ങൾക്ക് ഇതുവരെയും ആ പണി പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല.അന്ന് അവർ ഉരുട്ടിക്കൊണ്ടുവന്ന വലിയ കല്ലുകൾ ഈ പ്രദേശത്തു ഉണ്ട്.മാത്രവുമല്ല ഇവിടെ പെരിയാർ ചുരുങ്ങി ഇടുങ്ങിയ വഴിയായി മാറുകയും ചെയ്യുന്നു.
|
മറ്റൊരു ഐതിഹ്യത്തിന് ചേരരാജാക്കന്മാരുടെ കാലത്തോളം പഴക്കമുണ്ട്.കോതമംഗലം പണ്ട് ചേരരാജാക്കന്മാരുടെ ശക്തി കേന്ദ്രമായിരുന്നു.
ധാരാളം ബുദ്ധമത വിശ്വാസികൾ ആ സാമ്രാജ്യത്തിൽ ഉണ്ടായിരുന്നു എന്നും പറയപ്പെടുന്നു.ഒരു പക്ഷെ ഈ ഡാം ന്റെ ആദ്യ രൂപം ആ കാലത്തു സൃഷ്ടിക്കപ്പെട്ടതാണെന്നാണ് ഒരു വിശ്വാസം.ഭൂതം എന്നുള്ളത് ബുദ്ധ സന്യാസികളിലെ മുതിർന്ന സന്യാസിയോ അല്ലെങ്കിൽ ബുദ്ധൻ തന്നെയോ ആയിരിക്കണം.
എന്നാൽ ചരിത്രപരമായി പറയുന്നത് നാലാം നൂറ്റാണ്ടിലും 1341 ലും ഉണ്ടായ രണ്ടു മഹാപ്രളയങ്ങളിലും കൊച്ചിൻ തുറമുഖം തുറക്കപ്പെടുകയും അതിന്റെ ഭാഗമെന്നോണം മല ഇടിഞ്ഞു രൂപപ്പെട്ടതാണ് ഈ കല്ലുകളും പെരിയാറിന്റെ ഇടുങ്ങിയ പാതയും എന്നാണ്.
ഉയരമുള്ള പർവതങ്ങൾ ,ശാന്തമായ തടാകം,പെരിയാർ നദി,നിബിഡവനം സഞ്ചാരികളെ ഭൂതത്താൻ കെട്ടിലെ ഭൂതങ്ങൾ മയക്കുക തന്നെ ചെയ്യും.
|
സമുദ്രനിരപ്പിൽ നിന്നും 100 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഡാമിന്റെ പരിസരങ്ങൾ ശാന്തമാണ്.വഞ്ചി വീടുകൾ,മലകയറ്റം,മീൻപിടുത്തം,വിശ്രമം വിനോദം തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ഈ പ്രദേശത്തു ഒരുക്കിയിട്ടുണ്ട്.ഒരു വശം നിറയെ നിബിഢവനമാണ്.
സഞ്ചാരികളെ നീന്താൻ പ്രേരിപ്പിക്കുന്ന തരത്തിൽ കായലിന്റെ ചില ഭാഗങ്ങൾ പച്ചനിരത്തിലേക്ക് മാറും.തെക്ക് വശത്തേക്കാണ്‌പോകുന്നത് എങ്കിൽ തേക്കടിയുടെയും ചേരമലയുടെയും ഇടഭാഗത്തേക്കാണ് പോകുന്നത്.
ഇത് പഴയ ചേരരാജ്യ സാമ്രാജ്യത്തിന്റെ കേന്ദ്രമായിരുന്നു എന്ന് ഗവേഷകർ പറയുന്നു.ഇവിടുന്നു ലഭ്യമാകുന്ന പഴയകാല പത്രങ്ങളും പുരാവസ്തു അവശിഷ്ടങ്ങളും അത് സാക്ഷ്യപ്പെടുത്തുന്നു.പുരാതന വസ്തു വിദ്യയുടെ ശേഷിപ്പുകൾ ഇവിടെ നിന്നും കണ്ടെത്തിയ ക്ഷേത്ര അവശിഷ്ടങ്ങളിൽ നമുക്ക് കാണാനാകും.വളരെ സജീവമായിരുന്ന ഒരു ജന സമൂഹം ഇവിടെ ജീവിച്ചിരുന്നു.
|
ചുവന്ന ആൽഗകൾ സൃഷ്ടിക്കുന്ന രക്തക്കുളത്തിന്റെ ഫീൽ വെള്ളം ഒഴുകുന്ന വഴികളിൽ ലഭിക്കും.
ധാരാളം പൊന്മാനുകൾ,ഒരു പക്ഷെ അവ മീനിനെ തട്ടിയെടുത്തു പറക്കുന്നത് നമ്മുടെ തൊട്ടടുത്ത് നിന്നാകാം ..അനേകം ഇനങ്ങളും നിറങ്ങളും ഉള്ള സൈബീരിയൻ കൊക്കുകൾ,അത്ഭുതത്തോടെ നമ്മൾ നോക്കി നിൽക്കുന്ന തരത്തിലുള്ള മറ്റു ദേശാടനപക്ഷികൾ...തീർച്ചയായും നമ്മൾ ഇവിടുത്തെ ഭൂതത്താന്മാരെ ഇഷ്ട്ടപ്പെട്ടു പോവുക തന്നെ ചെയ്യും.ഈ നാട് ഭൂതങ്ങൾ സൃഷ്ടിച്ചതാണെന്നു പറയാതെ വയ്യ.