സമ്പന്നമായ ദ്രാവിഡിയൻ നിർമിതികൾക്കും, കായലിനും കടൽതീരങ്ങൾക്കും, പേരുകേട്ടതാണ് കേരളം അടങ്ങുന്ന ദക്ഷിണേന്ത്യ.
എന്നാൽ ഇവിടവുമായി ഒരിക്കലും ചേർത്ത് പറയാതെ പോയ ഒന്നാണ് മഞ്ഞുവീഴ്ച അഥവാ സ്നോഫാൾ. വെളുത്ത നനുത്ത മഞ്ഞിനോട് നാമെപ്പോഴും ഗുൽമാർഗിന്റെയോ, ഷിംലയുടെയോ, നൈനിറ്റാളിന്റെയോ പേരേ ചേർത്ത് പറയൂ. എന്നാൽ ശാന്തമായ താഴ്വരങ്ങളും, കുളിരേകുന്ന അന്തരീക്ഷവുമായി മഞ്ഞുപെയ്യുന്ന ഒരു ഗ്രാമം ഇങ്ങ് ദക്ഷിണേന്ത്യയിലുമുണ്ട്.
lambasingi |
ആന്ധ്രാപ്രദേശ് ഒളിപ്പിച്ചുവെച്ച ഒരു കൊച്ചുഗ്രാമമാണ് ലംബാസിംഗി. ഇത്രയേറെ പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിട്ടും പ്രസിദ്ധമാവാതെ പോയ ആന്ധ്രായുടെ കശ്മീർ.
ദക്ഷിണേന്ത്യയിൽ മഞ്ഞുവീഴുന്ന ഒരേയൊരു സ്ഥലമാണ് വിശാഖപട്ടണത്തിനോട് ചേർന്ന് കിടക്കുന്ന ഈ ഹിൽസ്റ്റേഷൻ.
പ്രാദേശികഭാഷയിൽ 'കൊറ ബായലു' എന്നറിയപ്പെടുന്ന ഈ പ്രദേശം സമുദ്രനിരപ്പിൽ നിന്നും ആയിരത്തിലധികം മീറ്റർ ഉയരെയാണ് സ്ഥിതി ചെയ്യുന്നത്.
|
ചുറ്റുപാടുമുള്ള മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് ഈ ഗ്രാമം തണുപ്പ് കൂടിയ പ്രദേശമാണ്. തിങ്ങിനിറഞ്ഞ വനമേഖലയും കോടമഞ്ഞും ചേരുമ്പോള്‍ ഒരു പ്രത്യേക സൗന്ദര്യമാണ്.
കാപ്പിത്തോട്ടങ്ങളും യൂകാലിപ്റ്റസ് മരങ്ങളും ഇവിടെ ധാരളമായുണ്ട്. ആപ്പിളും സ്‌ട്രോബറിയും കൃഷി ചെയ്യുന്നതും കാണാം. മുമ്പ് ഈ പ്രദേശം കടുവകളുടെ ആവാസ്ഥസ്ഥലമായിരുന്ന കൊടുംവനമായിരുന്നു. വനമേഖലയില്‍ കാട്ടുപോത്ത് അടക്കമുള്ള മൃഗങ്ങളെ ഇപ്പോഴും കാണാം.
|
സദാ സമയവും കോട മൂടുന്ന ലംബാസിംഗിയിൽ തണുപ്പ്കാലത്താണ് മഞ്ഞുവീഴ്ച്ച. ദക്ഷിണേന്ത്യയില്‍ മറ്റെങ്ങും ഇത്തരത്തില്‍ മഞ്ഞുവീഴ്ച്ചയുണ്ടാകാറില്ല. താപനില പൂജ്യത്തോടടുക്കുന്ന സന്ദര്‍ഭങ്ങളില്‍ ഭാഗ്യമുണ്ടെങ്കില്‍ ഇവിടെ മഞ്ഞുവീഴ്ച്ച അനുഭവിക്കാനാകും.
ഗ്രാമത്തില്‍ നിന്നുള്ള കാഴ്ച്ചയും അത്യാകര്‍ഷകമാണ്. അനേകം മലഞ്ചെരിവുകൾ. നിരവധി അരുവികളും മലനിരകളുടെ ദൂരക്കാഴ്ച്ചകളും ഈ കുഞ്ഞു കശ്മീരിന്റെ സൗന്ദര്യങ്ങളാണ്.
ഇതിനൊക്കെ പുറമെ സാഹസിക വിനോദങ്ങള്‍ ഇഷ്ടപ്പെടുന്നവരേയും ലംബാസിംഗി നിരാശപ്പെടുത്തുന്നില്ല. കാട്ടിലൂടെയുള്ള ട്രെക്കിംഗ്, റോക്ക് ക്ലൈംബിംഗ്, ഹൈക്കിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങള്‍ ഇവിടെയുണ്ട്.
|
ലംബാസിംഗിയില്‍ നിന്ന് ആറു കിലോമീറ്റര്‍ അകലെയാണ് താജാംഗി റിസർവോയർ സ്ഥിതി ചെയ്യുന്നത്. ഫോട്ടോഗ്രാഫിയില്‍ താല്‍പ്പര്യമുള്ളവര്‍ക്കും ട്രെക്കിംഗ്കാര്‍ക്കും പ്രകൃതിസ്‌നേഹികള്‍ക്കും ഏറെയിഷ്ടമുള്ള സ്ഥലമാണിത്.
അത്രയ്ക്കും മനോഹരമാണ് ഇവിടത്തെ മലനിരകൾ. ലംബാസിംഗിയിൽ നിന്നും 27 കിലോമീറ്റർ മാറിയാണ് കോത്തപള്ളി വെള്ളച്ചാട്ടം. ഇനിയും അധികമാരും ഇവിടേക്ക് എത്തിത്തുടങ്ങിയിട്ടില്ലാത്തതിനാൽ തന്നെ വലിയ തിരക്കില്ലാതെ ഈ വെള്ളിക്കൊലുസ് കണ്ടുവരാം.
പച്ചപ്പുനിറഞ്ഞ വനത്തിലൂടെയുള്ള വെള്ളച്ചാട്ടം ആരുടെയും മനം കവരും. പലതരം പൂക്കളാൽ അലങ്കരിച്ചിട്ടുള്ള പൂന്തോട്ടമായ സൂസൻ ഗാർഡനും
ലംബാസിംഗിയുടെ അനേകം ആകർഷണങ്ങളിൽ ഒന്നാണ്.
|
വിശാഖപട്ടണം നഗരത്തിൽ നിന്ന് 100 കിലോമീറ്റർ ദൂരത്തിലാണ് ഈ തെക്കിന്റെ കശ്‌മീർ. ബസുകൾ ധാരാളം ലഭ്യമാണെങ്കിലും സ്വന്തം വാഹനത്തിൽ പോകുന്നതാണ് ഉചിതം.
നവംബർ മുതൽ ജനുവരി വരെയുള്ള മാസങ്ങളാണ് ലംബാസിംഗി സന്ദർശിക്കാൻ ഏറ്റവും മികച്ച സീസൺ. താപനില പൂജ്യം ഡിഗ്രിയിലും താഴെപോയി, മഞ്ഞുവീഴ്ച്ച കാണണമെങ്കിൽ ആ സമയങ്ങളിൽ പോകണം.
അധികമാരും അറിയാതെപോയ ഒരദ്‌ഭുതം തന്നെയാണ് ഈ ചെറിയ ഗ്രാമം.
SyamMohan
@teamkeesa