വാൽനക്ഷത്രങ്ങൾ അഥവാ ധൂമകേതുക്കൾ എന്നും മനുഷ്യനെ വിസ്മയിപ്പിച്ചിട്ടേയുള്ളൂ. പ്രപഞ്ചരൂപീകരണത്തിന് ശേഷം അവശേഷിച്ച പൊടിപടലങ്ങൾ, വിവിധ തരത്തിലുള്ള പാറക്കഷണങ്ങൾ , ജലകണികകൾ എന്നിവയിൽ നിന്നുമാണ് ഇവ രൂപമെടുക്കുന്നത്.അതും പല വലുപ്പത്തിൽ.
സൗരയൂഥത്തിന്റെ അങ്ങേയറ്റമായ ഊർട്ട് മേഘപടങ്ങളും, കുയ്പ്പർ ബെൽറ്റുമാണ് നാം കാണുന്ന ധൂമകേതുക്കളുടെ ഉറവിടം. അനേകം വർഷങ്ങളെടുത്തുള്ള സഞ്ചാരപഥത്തിൽ, സൂര്യനോട് അടുക്കുമ്പോൾ ഇവയുടെ പൊടിപടങ്ങളടങ്ങിയ വാൽഭാഗം പ്രകാശം മികച്ച തോതിൽ പ്രതിഫലിപ്പിക്കുന്നു. വാനനിരീക്ഷകർ ഏറ്റവും കാത്തിരിക്കുന്ന കാഴ്ചയാണ് നിയോവൈസ് എന്ന ഈ വാൽ നക്ഷത്രത്തിന്റേത്.
NEOWISE C 2020 F3 |
1986ൽ വന്ന ഹാലി വാൽനക്ഷത്രത്തിനും, 1997ലെ ഹേയ്ൽ ബോപ്പിനും ശേഷം ഇതുവരെ അങ്ങനെയൊരു ആകാശക്കാഴ്ച്ച നമുക്ക് കിട്ടിയിട്ടില്ല. എന്നാൽ ഈയൊരു ആഴ്ച്ച മാനത്തേക്ക് നോക്കിയാൽ നമുക്ക് നല്ലൊരു അടിപൊളി വാൽനക്ഷത്രത്തെ കാണാം.
‘കഴിഞ്ഞ രാത്രിയിലെ വെടിക്കെട്ട്’ എന്ന അടിക്കുറിപ്പോടെ നാസ ബഹിരാകാശ സഞ്ചാരിയായ ബോബ് ബെൻകൻ ചില ഫോട്ടോകൾ ട്വിറ്ററിൽ പങ്കുവെക്കുകയുണ്ടായി. C 2020 F3 എന്നാണ് നിയോവൈസ് വാല്‍നക്ഷത്രത്തിന്റെ ഔദ്യോഗിക നാമം.
മാര്‍ച്ച് 27നാണു നാസയുടെ ബഹിരാകാശ ദൂരദര്‍ശിനി വാല്‍നക്ഷത്രത്തെ കണ്ടെത്തിയത്. നിയോവൈസ് എന്ന ടെലസ്‌കോപ്പ് ഉപയോഗിച്ച് കണ്ടെത്തിയതുകൊണ്ടാണ് വാല്‍ നക്ഷത്രത്തിന് ആ പേര് നല്‍കിയത്.
|
ഇന്ത്യയടങ്ങുന്ന ഉത്തരാർധഗോളത്തിൽ നിയോവൈസിനെ ഇപ്പോൾ തെളിഞ്ഞുകാണാം. കാരണം ഭൂമിയുമായി ഏറ്റവും അടുത്ത സ്ഥാനത്തിലാണ് ഇതിപ്പോൾ.
മഴമേഘങ്ങളും മറ്റും ചതിച്ചില്ലെങ്കിൽ സൂര്യാസ്തമനത്തിന് ഒന്നര മണിക്കൂർ ശേഷം ചക്രവാളത്തോട് ചേർന്ന് വടക്കുപടിഞ്ഞാറൻ ദിക്കിലേക്ക് നോക്കിയാൽ നഗ്നനേത്രങ്ങൾ കൊണ്ടുതന്നെ ഈ വാൽനക്ഷത്രത്തെ കാണാൻ സാധിക്കും.
എങ്കിലും മികച്ച കാഴ്ചക്ക് നല്ല ബൈനോക്കുലർ, അല്ലേൽ ടെലസ്കോപ് എന്നിവ ഉപയോഗിക്കുന്നതാണ് കുറച്ചുകൂടെ അഭികാമ്യം.
|
പൊടിയും വാതകവും നിറഞ്ഞ പ്രതലമുള്ളതിനാൽ അവശിഷ്ടങ്ങള്‍ ധാരാളം നിയോവൈസിന് ചുറ്റുമുണ്ട്. അതിനാൽ തന്നെ വാൽഭാഗം നീളമുള്ളതായിരിക്കും.
ലോകത്തിന്റെ പലഭാഗങ്ങളിലും ജൂലൈ മാസത്തിൽ ഇത് മികച്ച രീതിയിൽ ദൃശ്യമായിക്കഴിഞ്ഞു. വാല്‍നക്ഷത്രം ഓഗസ്റ്റില്‍ സൗരയൂഥത്തിന്റെ പുറത്തേക്കു പ്രവേശിക്കുമ്പോൾ നിറംമങ്ങിതുടങ്ങുകയും പിന്നീട് അപ്രത്യക്ഷമാവുകയും ചെയ്യും.
|
നാസയുടെ അഭിപ്രായത്തില്‍, നിയോവൈസിന്റെ ന്യൂക്ലിയസ് ഏകദേശം അഞ്ച് കിലോമീറ്ററാണ്. വാലിന് മാത്രം ഏകദേശം മൂന്ന് കിലോമീറ്റർ നീളം വരും. ഇത്, 460 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് സൗരയൂഥത്തിന്റെ ഉത്ഭവത്തിനനുടത്ത് അവശേഷിക്കുന്ന പൊടിപടലങ്ങളാൽ രൂപപ്പെട്ടതാണ്. ഈ വാല്‍നക്ഷത്രം ഇനി ഭൂമിയില്‍ ദൃശ്യമാകുക 8,786ല്‍ ആയിരിക്കും. അതായത് 6,000 വര്‍ഷത്തിനുശേഷം.
ഇതിനുമുൻപ് നിയോവൈസ് ഭൂമിക്ക് സമീപം വന്നപ്പോൾ ബുദ്ധനോ ക്രിസ്തുവോ ജനിച്ചിരുന്നില്ല. ഇനി അടുത്ത തവണ വരുമ്പോൾ ചിലപ്പോൾ മനുഷ്യന് ബഹിരാകാശത്തേക്ക് ചെന്ന് ഇതിനെ തൊട്ടടുത്ത്നിന്ന് കാണാൻ സാധിക്കുന്നതരത്തിൽ നമ്മുടെ ശാസ്ത്രം വളരുമെന്ന് പ്രതീക്ഷിക്കാം. അതുവരേക്ക് കാത്തുനിൽക്കാതെ ഇപ്പോൾ വീണുകിട്ടിയ ഈ അവസരം നമുക്ക് വിനിയോഗിക്കാം.
SyamMohan
@teamkeesa