swami narayan akshardham |
അദ്‌ഭുതകാഴ്ചകളുടെ നിധികുംഭം തന്നെയാണ് ഡൽഹി എന്ന മഹാനഗരം. ഒരു പകലിന്റെ നഗരപ്രദക്ഷിണത്തിൽ കണ്ടുതീർക്കാവുന്നതല്ല ഇന്ദ്രപ്രസ്ഥത്തിലെ ഇന്ദ്രജാലങ്ങൾ.
ചിലപ്പോൾ ഒരു മാസം തന്നെ തികയാതെ വരും ചരിത്രം ഇഴകലർന്ന, മനോഹരനിർമിതികളിൽ പോയി വരാൻ. ആ കാഴ്ചകളിലെ താരതമ്യേന പുതിയ അംഗമാണ് യമുനാതീരത്ത് സ്ഥിതി ചെയ്യുന്ന സ്വാമിനാരായൺ അക്ഷർധാം ക്ഷേത്രം.
ഹിന്ദു സംസ്കാരത്തിന്റെ പാരമ്പര്യത്തേയും ആചാരത്തേയും ആത്മീയതയേയും കോർത്തിണക്കിയ ബൃഹത്തായ ദേവാലയം.
|
ഇന്ത്യൻ ശിൽപചാരുതയുടെ ഏറ്റവും ഉത്തമ ഉദാഹരണമാണ് അക്ഷർധാം. അതിമനോഹര ശില്പങ്ങൾക്കരികിൽ വർണ്ണപുഷ്പങ്ങളുടെ ഉദ്യാനങ്ങൾ, ഇടയ്ക്കിടെ പച്ചപുൽത്തകിടികൾ, തണലൊരുക്കുന്ന അനേകം ചെറുവൃക്ഷങ്ങൾ.
പടവുകൾ കയറി മുകളിലെത്തുമ്പോൾ അവിശ്വസനീയമായ കൊത്തുപണികളിൽ, ഇറ്റാലിയൻ മാർബിളിന്റെ ചാരുതയും,രാജസ്ഥാനി ചെങ്കല്ലിന്റെ വശ്യതയും ഇഴചേർന്ന, ആകർഷണീയമായ തലയെടുപ്പുള്ള പ്രധാന ഗോപുരം.
|
വാസ്തു, സ്ഥപത്യ, പഞ്ചരത്നശാസ്ത്രതത്വങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് അക്ഷർധാം പണികഴിപ്പിച്ചിരിക്കുന്നത്. അഞ്ചു പ്രധാന ഭാഗങ്ങൾ. സമുച്ചയത്തിന്റെ മധ്യഭാഗത്തായാണ് പ്രധാന ക്ഷേത്രം നിലകൊള്ളുന്നത്.
അക്ഷർധാം ക്ഷേത്രസമുച്ചയത്തിലെ പ്രധാന കെട്ടിടത്തിന് 141 അടി ഉയരവും 316 അടി വീതിയും 370 അടി നീളവുമുണ്ട്. പിങ്ക് മണൽക്കല്ലിലും വെണ്ണക്കല്ലിലും തീർത്തതാണ് അക്ഷർധാം.
കെട്ടിടത്തിന്റെ നിർമാണത്തിലൊന്നും ലോഹഭാഗങ്ങൾ ഉപയോഗിക്കാത്തതിനാൽ എത്ര വെയിലേറ്റാലും അകത്തേക്ക് ആ ചൂട് അനുഭവപ്പെടുകയില്ല.
കൊത്തുപണികളോടു കൂടിയ 234 തൂണുകൾ, 9 കുംഭഗോപുരങ്ങൾ, 20000 മൂർത്തീശിൽപങ്ങളും ഹിന്ദു സന്യാസികളുടെ പ്രതിമകളും ഇവിടെ കാണാം. 148 ആനകളുടെ, ഏകദേശം 3000 ടൺ ഭാരം വരുന്ന ഭീമാകാരമായ പ്രതിമകളാണ് 'ഗജേന്ദ്രപീഠം' എന്ന അടിസ്ഥാനശിലയെ താങ്ങിനിർത്തുന്നത്. ഇവ പഞ്ചലോഹത്താൽ നിർമിതമാണ്. |
|
മദ്ധ്യഗോപുരത്തിൽ കൽമണ്ഡപത്തിലെ രത്നങ്ങൾ പതിപ്പിച്ച മകുടത്തിന് കീഴെയാണ് കല്ലിൽ കൊത്തിയ സ്വാമി നാരായൺ പ്രതിഷ്ഠ. അതുകൂടാതെ സീതാറാം,രാധാകൃഷ്ണ, ശിവ പാർവതി,ലക്ഷ്മിനാരായണ പ്രതിഷ്ഠകളും ഇവിടെയുണ്ട്.
അക്ഷർധാമിനകത്തുള്ള ലോകത്തിലെ ഏറ്റവും വലിയ ഫിലിം സ്ക്രീനിൽ സ്വാമിനാരായൺ അഥവാ സഹജാനന്ദസ്വാമിയുടെ ജീവചരിത്രം പ്രദർശിപ്പിക്കുന്നു. 'സഹജാനന്ദ് ദർശൻ, നീലകണ്ഠദർശൻ എന്നീ ചിത്രങ്ങൾ സ്വാമി നാരായണന്‍ നടത്തിയ സാമൂഹ്യപരിവര്‍ത്തനത്തിന്റെ നേർക്കാഴ്ചയാണ്.
ക്ഷേത്രത്തിനകത്തുകൂടെയുള്ള 'സംസ്‌കൃതി വിഹാർ' എന്ന ബോട്ട് സവാരിയാണ് മറ്റൊരു പ്രധാന ആകർഷണം. 20 മിനിറ്റോളമുള്ള ഈ യാത്ര ഭാരതത്തിന്റെ പൗരാണികമായ കാഴ്ചകളിലേക്ക് നമ്മെ കൊണ്ടുപോകും. ലേസർഷോയും ഹിന്ദുപുരാണത്തിന്റെ കഥാപ്രദർശനവും ആരെയും ആകർഷിക്കും.
|
അദ്വൈതസിദ്ധാന്തത്തെ അടിസ്ഥാനമാക്കിയുള്ള പ്രമാണങ്ങളും, വൈഷ്ണവാചാരങ്ങളും പിന്തുടരുന്നവരാണ് അഹിംസയും, ധർമ്മവും, ബ്രഹ്മചര്യവും ആചരിക്കുന്ന സ്വാമിനാരായൺ സന്യാസി സംഘങ്ങൾ.
അവരുടെ ഉടമസ്ഥതയിലുള്ള ഈ ക്ഷേത്രത്തിന്റെ ഉദ്ഘാടനം 2005ൽ ആദരണീയനായ നമ്മുടെ രാഷ്ട്രപതി APJ അബ്ദുൽ കലാം ആണ് നിർവഹിച്ചത്.
2007ൽ ലോകത്തെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രമന്ദിരം എന്ന പേരിൽ ഗിന്നസ് ബുക്കിൽ ഇടംപിടിക്കുകയും ചെയ്തു അക്ഷർധാം.
ഹസ്രത് നിസാമുദ്ദീൻ റയിൽവേ സ്റ്റേഷനിൽ നിന്നും 6kmഉം , ഡൽഹി മെട്രോ ബ്ലൂ ലൈനിലെ അക്ഷർധാം സ്റ്റേഷനിൽ നിന്ന് 300 മീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. പകലോ രാത്രിയോ, ഈ മഹത്ക്ഷേത്രത്തിന്റെ സൗന്ദര്യം ആരെയും അമ്പരപ്പിക്കുമെന്നതിൽ സംശയം വേണ്ട.
Swaminarayan Akshardham,
NH 24, Akshardham Setu, New Delhi 110092.
SyamMohan
@teamkeesa