തോറ്റുപോയ ഒരാളുണ്ട്. ഫോണിനപ്പുറത്ത് അവന്റെ മുഖം എനിക്ക് കാണാമായിരുന്നു

Sri.V P Prabhakaran (G V H S S MADAPPALLY)

10 ക്ലാസ്സ്‌ പരീക്ഷ ഫലം വന്നപ്പോൾ വിജയിച്ച 434 കുട്ടികളിൽ ഒരാളെ പോലും വിളിക്കാത്ത പ്രധാന അധ്യാപകൻ.. പക്ഷേ അദ്ദേഹം ഒരാളെ മാത്രം വിളിച്ചു. ആ സ്കൂളിൽ നിന്നും പരീക്ഷ എഴുതി തോറ്റുപോയ ഒരേ ഒരു കുട്ടിയെ... അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്... 

   "തോറ്റുപോയ ഒരാളുണ്ട് കൂട്ടത്തിൽ. ഞാൻ അവനെ മാത്രമേ വിളിച്ചുള്ളൂ. വിജയിച്ച 434 പേരിൽ ഒരാളെയും വിളിക്കാതെ. കാരണം അവനോടൊപ്പം തോറ്റയാളിൽ ഒരാളാണ് ഞാനും. ഇപ്രാവശ്യം ആരും തോല്ക്കുമെന്ന് കരുതിയിരുന്നില്ല. തോല്ക്കുമെന്ന് കരുതിയവരെ നാം കൂടെ കൊണ്ടു നടന്നു. അതിൽ അക്ഷരം ശരിക്കെഴുതാൻ അറിയാത്തവരുമുണ്ടായിരുന്നു. അവരോട് കാണിച്ച കരുതൽ , സ്നേഹം പൂർണമായും അവർക്ക് തിരിച്ചറിയാൻ കഴിഞ്ഞു. പരാജയഭീതിയിൽ വെളിച്ചമറ്റ കണ്ണുകളിൽ കണ്ടതിളക്കം , ലൈബ്രറി മുറിയിൽ പോകുമ്പോഴൊക്കെ ഞാൻ തിരിച്ചറിഞ്ഞു. എന്തൊരു സ്നേഹത്തോടെയാണ് ടീച്ചർമാർ അവരോട് പെരുമാറിയിരുന്നത്. ഒരുപക്ഷേ ആ കുട്ടികൾ ജീവിതത്തിൽ ഈ സ്നേഹം മുമ്പ് അനുഭവിച്ചിട്ടുണ്ടാവില്ല. ഇത്ര സ്റ്റേഹവും കരുതലും നല്കാൻ ടീച്ചർക്ക് ഇതിനു മുമ്പ് ഒരവസരം ലഭിച്ചിട്ടുമുണ്ടാവില്ല. 
പരീക്ഷാ ദിനങ്ങളിൽ ഇവർ ഇരിക്കുന്ന ക്ലാസ് മുറികളിൽ പോവുമ്പോൾ അവരുടെ കണ്ണുകളിൽ തെളിഞ്ഞ നന്ദി സൂചകമായ നനവിൻ്റെ തിളക്കം. അവരുടെ അടുത്ത് പോയി തോളിൽ തട്ടി പ്രശ്നമൊന്നുമില്ലല്ലോ എന്നു പറഞ്ഞപ്പോൾ നോക്കിയ നോട്ടത്തിലെ സ്നേഹം.  എനിക്ക് ഇപ്പോൾ തോന്നുകയാണ് തോറ്റു പോയ ആ മോനും ഒരു പക്ഷേ എന്നെ നോക്കിയിട്ടുണ്ടാവാം. ഞാനത് കണ്ടില്ലല്ലോ? നമ്മുടെ നോട്ടത്തിൽ നിന്ന് കരുതലിൽ നിന്ന് സ്നേഹത്തിൽ നിന്ന് വിട്ടു പോയ ഒരു കുട്ടി. 

ഇന്നു വിളിച്ചപ്പോൾ പറഞ്ഞു: സാർ ഞാൻ ജയിക്കുമെന്ന് തന്നെയാണ് കരുതിയത്. വീട്ടിൽ ഉമ്മയില്ലേ എന്ന് ചോദിച്ചപ്പോൾ അവർ അടുത്ത വീട്ടിലാണെന്ന് പറഞ്ഞു. കുറച്ച്കഴിഞ്ഞപ്പോൾ ഉമ്മ തിരിച്ചുവിളിച്ചു: എൻ്റെ മോൻ മാത്രം തോറ്റു പോയി. പരീക്ഷ കഴിഞ്ഞപ്പോൾ അവൻ ജയിക്കുമെന്നാണ് എന്നോട് പറഞ്ഞത്. 

ജയവും തോൽവിക്കുമിടയിൽ എന്താണുള്ളത്? വെറുതെ ചിന്തിച്ചു പോയി. നമ്മുടെ കരുതലിൻ്റെ എന്തെങ്കിലും ഒരു കുറവ്? അവനോടൊപ്പം തോറ്റു പോയത് നമ്മൾ കൂടിയാണല്ലോ. റീ വാല്വേഷനൽ അവൻ ജയിക്കുമായിരിക്കും. അല്ലെങ്കിൽ സേ പരീക്ഷയിൽ. നൂറ് ശതമാനം ലഭിക്കുമ്പോഴാണ്  എല്ലാ വിജയങ്ങളും ആഘോഷമാവുന്നത്. പക്ഷേ പരീക്ഷകളിൽ പരാജയപ്പെട്ട എത്രയോ പേർ പിന്നീട് ജീവിതത്തിൽ വലിയ വിജയം ആഘോഷിച്ചിട്ടുണ്ട് എന്നും നമുക്കറിയാം . ഞാൻ അവനോട് പറഞ്ഞു, സാരമില്ല, നീ നാളെ സ്ക്കൂളിൽ വാ. അവൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു: വരാം സാർ. ഫോണിനപ്പുറത്ത് അവൻ്റെ മുഖം എനിക്ക് ശരിക്കും കാണാമായിരുന്നു."

    തോറ്റവരെ പുകഴ്ത്തി സോഷ്യൽ മീഡിയയിൽ നിറഞ്ഞ അനേകം പോസ്റ്റുകളിൽ ഇല്ലാതിരുന്ന ഒന്ന് ഈ വാക്കുകളിൽ ഉണ്ട്. അത് ആ കുട്ടിയുടെ ജീവിതമാണ്. ഭാവിയാണ്.ഈ ലോകം അവരുടേത് കൂടെയാണ് എന്ന് നമ്മെ ഓർമിപ്പിക്കുന്നു വടകര മടപ്പള്ളി ജി വി എച്ച് എസ് എസ്  പ്രധാന അധ്യാപകനായ പ്രഭാകരൻ മാസ്റ്റർ. 


Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.