Chembai |
ത്യാഗരാജ സ്വാമികൾ, മുത്തുസ്വാമി ദീക്ഷിതർ, ശ്യാമശാസ്ത്രികൾ ഇവർക്ക് ശേഷം കർണാടക സംഗീതത്തിലെ ത്രിമൂർത്തികൾ എന്നറിയപ്പെട്ടിരുന്നത് ചെമ്പൈ വൈദ്യനാഥ അയ്യർ / ചെമ്പൈ വൈദ്യനാഥ ഭാഗവതർ, മഹാരാജപുരം വിശ്വനാഥ ഐയ്യർ, അരിയക്കുടി രാമാനുജ അയ്യങ്കാർ എന്നീ മഹാപ്രതിഭകൾ ആയിരുന്നു..
ഇവരിൽ, ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജന്മഭൂമിയാണ് പാലക്കാട് കോട്ടായിയിൽ സ്ഥിതി ചെയ്യുന്ന ചെമ്പൈ അഗ്രഹാരം.
|
ശക്തവും ഉന്മേഷവും ശ്രുതി ബദ്ധവുമായ ശബ്ദത്തിനുടമയായിരുന്നു അദ്ദേഹം. ശാസ്ത്രീയ സംഗീതത്തിലെ അഗാധ പാണ്ഡിത്യം, അദ്വിതീയമായ സ്വരശുദ്ധി, അചഞ്ചലമായ ശ്രുതിബദ്ധത, മധുരമായ ഉയർന്ന ആവൃത്തിയിലുള്ളശബ്ദം എന്നിങ്ങനെ ചെമ്പൈ ഭാഗവതരുടേതായ പ്രത്യേകതകൾ ധാരാളം.
വർഷംതോറും ഫെബ്രുവരി മാർച്ച് മാസങ്ങളിലായി നടക്കുന്ന ചെമ്പൈ പാർത്ഥസാരഥി ഏകാദശി സംഗീതോത്സവം പേരുകേട്ടതാണ്..
ചെമ്പൈ ഭാഗവതർ തന്നെ തുടങ്ങിവച്ച ഈ സംഗീതോത്സവം ഇന്നും അതിന്റെ പേരും പ്രശസ്തിയും അതേപടി നിലനിർത്തികൊണ്ട് ആഘോഷിക്കപ്പെടുന്നു.ചെമ്പൈ ഭാഗവതരുടെ വീടിന്റെ മുന്നിലായിട്ടാണ് സംഗീതോത്സവത്തിന്റെ വേദി ഒരുക്കുക.
|
ആ ദിനങ്ങളിൽ ലോകമെമ്പാടുമുള്ള സംഗീത പ്രേമികളുടെ ഒഴുക്ക് കാണാൻ സാധിക്കും.
ചെമ്പൈ പാർത്ഥസാരഥി ഏകാദശി സംഗീതോത്സവത്തിൽ പങ്കെടുക്കാത്ത സംഗീതജ്ഞർ ഇല്ല എന്നു വേണമെങ്കിൽ പറയാം. എം. എസ്. സുബ്ബലക്ഷ്‌മി, മഹാരാജപുരം സന്താനം, ബാലമുരളികൃഷ്ണ, എം.ഡി.രാമനാഥൻ, യേശുദാസ്, ഉണ്ണികൃഷ്ണൻ തുടങ്ങിയ എല്ലാ സംഗീതപ്രതിഭകളും ഈ വേദിയിൽ പാടിയിട്ടുണ്ട്.
ഈ വേദിയിൽ പാടുമ്പോൾ കിട്ടുന്ന ഊർജ്ജവും സന്തോഷവും ഒന്നും മറ്റെവിടെയും കിട്ടിയിട്ടില്ല എന്നാണ് ഓരോ പ്രതിഭകളുടെയും അനുഭവം.
ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ പ്രിയ ശിഷ്യനായ യേശുദാസ് എല്ലാ വർഷവും മുടങ്ങാതെ ഇവിടെ എത്തുന്നു. കൂടാതെ അദ്ദേഹം അദ്ദേഹത്തിന്റെ ഗുരുവിനു വേണ്ടി ഒരു മണ്ഡപം പണിതിട്ടുണ്ട്. അതിൽ ചെമ്പൈ ഭാഗവതരുടെ സ്വർണ്ണ പ്രതിമയും ഉണ്ട്. തമ്പുരുവിന്റെ ആകൃതിയിലാണ് മണ്ഡപം.
|
യേശുദാസ് കൂടാതെ, ജയവിജയന്മാർ, പി, ലീല തുടങ്ങി പിൽക്കാലത് പ്രശസ്തരായ ഒട്ടനവധി സംഗീതക്ജ്ഞർ ചെമ്പൈ ഭാഗവതരുടെ ശിഷ്യരാകുന്നു.
70 വർഷത്തെ സംഗീത തപസ്യയിലൂടെ കർണാടക സംഗീതത്തെ പ്രശസ്തിയിലൂടെ നടത്താനും, സംഗീത പ്രിയരിൽ ആനന്ദത്തിന്റെ ശ്രുതിമഴ പെയ്യിക്കാനും, ശിഷ്യഗണങ്ങളെ അറിവും വാത്സല്യവും കൊടുത്തു വളർത്താനും ഒപ്പം വിനയാന്വിതമായ വ്യക്തി ജീവിതം നയിക്കാനും, ഒരേ സമയം കഴിഞ്ഞിരുന്നു അദ്ദേഹത്തിന്.
രാഗ വിസ്താര മധ്യേ പൊടുന്നനെ നാസിക പ്രയോഗങ്ങളിലൂടെയുള്ള രാഗ സഞ്ചാരം എന്നിവയൊക്കെ അനേകായിരം രസികരെ അദ്ദേഹത്തിന്റെ ആരാധകരാക്കി മാറ്റി.
രക്ഷമാം ശരണാഗതം, മാനസ സഞ്ചരരെ, കരുണ ചെയ്‍വാൻ, വാതാപി ഗണപതിം തുടങ്ങിയ പാട്ടുകൾ അദ്ദേഹത്തിന്റെ ശബ്ദത്തിൽ കേൾക്കാൻ ആരാധകർക്ക് എന്നും ആവേശമായിരുന്നു. ഇന്നും അങ്ങനെ തന്നെ.അമൃത വർഷിണി രാഗത്തിൽ പാടി മഴപെയ്യിച്ചിട്ടുണ്ട് അദ്ദേഹം എന്നും പറയപ്പെടുന്നു.
ഭാഗവതരുടെ വീട്ടിൽ ഒരു ദിവസം പോലും സന്ദർശകർ എത്താത്തതായി ഇല്ല. അദ്ദേഹത്തിന്റെ തംബുരു, ചെയർ, മരംകൊണ്ട് ഉണ്ടാക്കിയ ആട്ടുകട്ടിൽ, ചുവരിൽ തിങ്ങി നിറഞ്ഞു നിൽക്കുന്ന അദ്ദേഹത്തിന്റെ ബ്ലാക്ക് & വൈറ്റ് ചിത്രങ്ങൾ തുടങ്ങിയവ അദ്ദേഹത്തെയും, അദ്ദേഹത്തിന്റെ സംഗീതത്തെയും അനുസ്മരിപ്പിച്ചുകൊണ്ട് ആ വീടിന്റെ ഭൂഷണമായി നിലകൊള്ളുന്നു.
അദ്ദേഹത്തിന്റെ വീട് സംഗീതം പഠിപ്പിക്കുന്ന ഒരു ഗുരുകുലം തന്നെ ആയിരുന്നു. ശിഷ്യഗണങ്ങളാൽ തിങ്ങിനിറഞ്ഞല്ലാതെ കാണാൻ കഴിയാത്തതായിരുന്നു അവിടം.
എല്ലാത്തിനുമുപരി, ജാതിമത ചിന്തയ്ക്കതീതമായി ചിന്തിക്കുകയും നാനാ ജാതിമതസ്ഥരെ ശിഷ്യരായി സ്വീകരിക്കുകയും ചെയ്യുക വഴി താൻ ജീവിച്ച കാലത്തിനുമപ്പുറം ചിന്തിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു.
ഇന്നും നൂറുകണക്കിന് സംഗീത വിദ്യാർത്ഥികളുടെ ഇഷ്ടസ്ഥലമാണ് ആ വീട്..
കീർത്തനങ്ങൾ, വർണ്ണങ്ങൾ, ത്യാഗരാജ പഞ്ചരത്ന കൃതികൾ തുടങ്ങിയ കർണാടക സംഗീതസാഗരത്തിന്റെ ഒഴുക്കിൽ അലിഞ്ഞു ചേർന്നുകൊണ്ടാണ് 130 വർഷത്തോളം പഴക്കമുള്ള ആ അഗ്രഹാരം ഇന്നും നമ്മെ വരവേൽക്കുന്നത്..
|
78 ആം വയസ്സിൽ അന്തരിച്ച ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണക്കായി പാലക്കാട് ഗവ: മ്യൂസിക് കോളേജ് ചെമ്പൈ മെമ്മോറിയൽ ഗവ: മ്യൂസിക് കോളേജ് എന്ന് നാമകരണം ചെയ്യപ്പെട്ടു..കൂടാതെ, അദ്ദേഹത്തിന്റെ സ്മരണക്കായി ഗുരുവായൂർ ക്ഷേത്രത്തിൽ വർഷംതോറും സംഗീതോത്സവം നടത്തിപ്പോരുന്നു.
ചെമ്പൈ സംഗീതോത്സവം എന്ന നാമത്തിൽ നടത്തിപ്പോരുന്ന ഈ പ്രശസ്ത വേദിയിലും ധാരാളം പ്രഗത്ഭരായ സംഗീതജ്ഞർ പങ്കെടുക്കുന്നു.. അദ്ദേഹവും അദ്ദേഹത്തിന്റെ സംഗീതവും സംഗീതാസ്വാദകരുടെ മനസ്സിൽ ഇന്നും ശ്രുതിമീട്ടുന്നു....
Manasa Sreedhar
@team keesa
പാലക്കാട് ജില്ലയിലെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ചറിയുവാൻ...