idukki dam |
ഇടുക്കി ഡാം,ഏഷ്യയുടെ തന്നെ ചരിത്രത്തിലെ സമാനതകളില്ലാത്ത നിർമിതി.എത്രയോ പതിറ്റാണ്ടുകൾ ലോകത്തിലെ ഏറ്റവും വലിയ ആർച് ഡാം എന്ന സ്ഥാനം,ഇന്ത്യയിലെ ഏറ്റവും വലിയ ആർച് ഡാം.ജലനിരപ്പ് അതിന്റെ പൂർണശേഷി കൈവരിക്കുമ്പോൾ രണ്ടര മീറ്ററോളം പുറത്തേക്ക് വളരുന്ന അത്ഭുത നിർമിതി.
ഇടുക്കി ജില്ലയിൽ പെരിയാറിനു കുറുകെ ആണ് ഈ അണക്കെട്ട്. 1976 ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ഈ ജലവൈദ്യുത പദ്ധതി ഉദ്‌ഘാടനം ചെയ്തത്.
|
ആദ്യഘട്ടത്തിൽ 15000 തൊഴിലാളികളാണ് ഈ ഡാമിന് വേണ്ടി ജോലി ചെയ്തിരുന്നത്.ഔദ്യോഗിക കണക്കുകൾ പ്രകാരം 85 പേർ അപകടത്തിലും മറ്റും പെട്ട് മരണമടഞ്ഞു.
1932 ൽ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്ല്യൂ ജെ ജോൺ ഇടുക്കിയിലെ നിബിഡ വനങ്ങളിൽ നായാട്ടിനു എത്തി.അതിനിടയിൽ ആദിവാസി മൂപ്പനായ കൊലുമ്പനെ കണ്ടുമുട്ടി.പിന്നീട് കൊലുമ്പനെയും കൂടിയായിരുന്നു ശേഷിച്ച സഞ്ചാരം മുഴുവൻ.അങ്ങനെയുള്ള ഒരു യാത്രയിലാണ് കുറവൻ - കുറത്തി മലയിടുക്ക് കൊലുമ്പൻ സായിപ്പിന് കാണിച്ചു കൊടുക്കുന്നത്.വിശാലമായി കുതിച്ചൊഴുകുന്ന പെരിയാർ ഒരു ഇടുക്കിലൂടെ ഒഴുകുന്ന ദൃശ്യം.ആ കാഴ്ച ജോണിനെ വല്ലാതെ സ്പർശിച്ചു.
|
അദ്ദേഹം എൻജിനീയർ കൂടെയായ തന്റെ സഹോദരന്റെ സഹായത്തോടെ തിരുവിതാംകൂർ ഗവണ്മെന്റിനു റിപ്പോർട് നൽകി.കുറവൻ - കുറത്തി മലകൾക്കിടയിൽ അണക്കെട്ട് നിർമിച്ചാൽ ജലസേചനത്തിന്റെയും വൈദ്യുതിയുടെയും അനന്ത സാധ്യതകളാണ് തുറക്കുന്നത് എന്ന് അദ്ദേഹം ആ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
|
1969 ൽ ഡോ.ഡി.ബാബു പോളിനെ ഇടുക്കി ജില്ലാ കളക്ടർ ആയും പ്രോജക്ടിന്റെ തലവനായും സർക്കാർ നിയമിച്ചു.കാനഡയാണ് അതിനു വേണ്ട സാമ്പത്തിക സഹായങ്ങൾ കേരളത്തിന് നൽകിയത്.കേരളാ സംസ്ഥാന വൈദ്യുതി ബോർഡാണ് അതിനു വേണ്ട മുൻകൈ എടുത്തത്.
പദ്ധതിയുടെ പ്രധാന അണക്കെട്ട് കുറവൻ കുറത്തി മലകളെ ബന്ധിപ്പിച്ചുള്ളതാണ്.ഇങ്ങനെ അണകെട്ടുമ്പോൾ ഉയരുന്ന വെള്ളം ചെറുതോണി പുഴയിലൂടെ ഒഴുകിപോകാതിരിക്കാൻ അവിടെയും ഒരു ഡാം നിർമിച്ചു .അതെ പോലെ തന്നെ കിളിവള്ളിത്തോട്ടിലൂടെ നഷ്ടപ്പെടാതിരിക്കാൻ കുളമാവിലും ഓരോ അണക്കെട്ടുകൾ നിർമിച്ചു.
|
780 മെഗാവാട്ടിന്റെ ഇലക്ട്രിക് പ്രൊജക്റ്റ് ആണ് ഇടുക്കിയിലേത്.60 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് സുന്ദരമായ ജലവിതാനം പടർന്നു കിടക്കുന്നത്.കോട്ടയം ടൗണിന്റെ വിസ്തീർണം 57 .2 ചതുരശ്ര കിലോമീറ്ററാണെന്നു ഓർക്കണം.
169 മീറ്റർ ഉയരം,366 മീറ്ററോളം നീളം ,7 .62 മീറ്റർ വീതി.താഴ്വശത്തേക്ക് എത്തുമ്പോൾ വീതി 19 .81 മീറ്ററായി വർധിക്കും.
ഇവിടം സന്ദർശിക്കുന്നവർക്ക് മുന്നിലെ മഹാത്ഭുത നിര്മിതിയാണ് ഇടുക്കി ഡാം എന്ന് അറിയാതെ പറഞ്ഞു പോകും.മഹേഷിന്റെ പ്രതികാരം ക്ലൈമാക്സ് സ്റ്റുണ്ട് സീൻ ചിത്രീകരിച്ചത് ഇടുക്കിക്ക് മുന്നിലായി ചെറുതോണിയിലായിരുന്നു.ഷട്ടറുകളില്ലാത്ത ഡാം എന്നൊരു പ്രത്യേകത ഇടുക്കിക് ഉണ്ട്.തുറക്കേണ്ട സാഹചര്യം വന്നാൽ ചെറുതോണി ,കുളമാവ് അണക്കെട്ടുകളാണ് തുറക്കുക.
ഇന്ത്യയിലെ തന്നെ ജലവൈദ്യുത പദ്ധതികളിലെ ഏറ്റവും വലിയ പവർ ഹൌസ് ആണ് മൂലമറ്റത്തുള്ളത്.ഭൂഗർഭ നിലയവും മൂലമറ്റത്തിലുണ്ട്.
|
ആന, കാട്ടുപോത്ത്, സാമ്പാർ മാൻ, കാട്ടുനായ്, കാട്ടുപൂച്ച, കടുവ, കാട്ടുപന്നി മുതലായവയും കോബ്ര, വൈപ്പർ, ക്രെയ്റ്റ് തുടങ്ങി പലതരം പാമ്പുകളും ഈ സങ്കേതത്തിൽ കാണാം. അപൂർവയിനം കാട്ടുകോഴികൾ, മൈന, ലാഫിങ് ത്രഷ്, കറുത്ത ബൾബുൾ,മയിലുകൾ, മരംകൊത്തികൾ, പൊന്മാൻ എന്നിവയെയും ഈ പരിസരങ്ങളിൽ കാണാൻ കഴിയും.
മൂന്നാറും വാഗമണ്ണും കാണാൻ എത്തുന്ന മലയാളി തീർച്ചയായും കണ്ടിരിക്കേണ്ട നിർമിതി തന്നെയാണ് ഇടുക്കി ഡാം.ഏഷ്യയിലെ ഏറ്റവും വലിയ ആർച് ഡാം നമ്മുടെ കേരളത്തിലാണെന്ന അഭിമാനവുമായി ജലാശയത്തിൽ നിന്നുമുയരുന്ന മഞ്ഞിനെ നോക്കി നമ്മൾ പറയും...എന്തൊരു വലുപ്പം....ഹമ്പമ്പൊ...