Panniyur Varahamurthy Temple |
മത്സ്യ, കൂർമ്മ, വരാഹ,നരസിംഹ ,വാമന, പരശുരാമ, ശ്രീരാമ, ശ്രീകൃഷ്ണ, ബലരാമ, കൽക്കി -എന്നിങ്ങനെയാണ് മഹാവിഷ്ണുവിന്റെ ദശാവതാരം.
- ഇതിൽ വരാഹമൂർത്തിക്കായി പണികഴിപ്പിച്ചിട്ടുള്ള 2 ക്ഷേത്രങ്ങളെ കേരളത്തിൽ ഉള്ളൂ. ഒന്ന് തിരുവനന്തപുരത്തും മറ്റൊന്ന് പാലക്കാടും.
പട്ടാമ്പിയിലെ കുമ്പിടി എന്ന ചെറിയ ഗ്രാമത്തിലെ കവലയിൽ നിന്ന് ഏകദേശം അഞ്ഞൂറ് മീറ്റർ അകത്തേക്ക് മാറി പന്നിയൂർ എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
എം.ടി. വാസുദേവൻ നായരുടെ ജന്മസ്ഥലമായ കൂടലൂരിന്റെ വളരെ അടുത്തായാണ് ഈ ക്ഷേത്രം.
|
ഈ ക്ഷേത്രത്തിന് കുറേ ഐതിഹ്യങ്ങൾ ഉണ്ട്.
ക്ഷത്രിയരെ എല്ലാം കൂട്ടക്കൊല ചെയ്ത പരശുരാമൻ പാപ പരിഹാരത്തിനായി കേരളം നിർമ്മിക്കുകയും അത് ബ്രാഹ്മണർക്കായി നൽകുകയും ചെയ്തു. കേരളത്തെ 64 ഗ്രാമങ്ങളായി വിഭജിച്ച് ഭരണം ആരംഭിക്കുന്നതിനിടെ കേരളമൊട്ടാകെ പൊങ്ങി വരാൻ തുടങ്ങിയത്രേ. എന്ത് ചെയ്യണമെന്നറിയാതെ പരശുരാമൻ നാരദരുടെ സഹായം തേടി. നാരദ മഹർഷി മഹാവിഷ്ണുവിനെ ഭജിക്കാൻ ഉപദേശിച്ചു. അങ്ങനെ മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്തിയ പരശുരാമന്റെ മുന്നിൽ വിഷ്ണു പ്രത്യക്ഷപ്പെടുകയും, താൻ ഒരിക്കൽ ലോകത്തെ രക്ഷിക്കാനായി വരാഹമൂർത്തിയുടെ രൂപം സ്വീകരിച്ചു എന്നും തന്റെ ആ രൂപത്തെ ആരാധിക്കുക, ഈ സ്ഥലത്തിന് ത്രിമൂർത്തിയുടെ അനുഗ്രഹം ലഭിക്കും എന്നും വിഷ്ണു പറഞ്ഞു..
അങ്ങനെ പരശുരാമൻ വരാഹ വിഗ്രഹം സ്ഥാപിച്ചു ആരാധിച്ചുപോന്ന ക്ഷേത്രമാണിത്.
|
പിന്നീട്,,പരശുരാമന്റെ കാലശേഷം ഈ ക്ഷേത്രം പുതുക്കി പണിയുകയുണ്ടായി.. ഉളിയന്നൂർ തച്ചനായ സാക്ഷാൽ പെരുന്തച്ചൻ ആണ് ക്ഷേത്രത്തിന്റെ പുതുക്കി പണിയൽ നടത്തിയത് എന്നൊരു ഐതിഹ്യം ഉണ്ട്. ക്ഷേത്രം പണിയുന്നതിനിടക്ക് കൂടെ കൂടെ തടസ്സങ്ങൾ വന്നുകൊണ്ടിരിന്നു(ദേവേന്ദ്രൻ അസൂയ കൊണ്ട് പണി തടസ്സപ്പെടുത്തി എന്നും ഐതിഹ്യമുണ്ട് ), കൃത്യ സമയത്ത് പണി ചെയ്ത് തീർക്കാൻ കഴിയാതെ വന്നതോടെ നിരാശയാൽ തന്റെ ഉളി അവിടെ തന്നെ എറിഞ്ഞുകൊണ്ട് താൻ ഈ ജോലിക്ക് അർഹനല്ല അതിനാൽ തന്റെ തച്ചൻ ജീവിതം താൻ അവസാനിപ്പിക്കുന്നു എന്ന് പറഞ്ഞു പെരുന്തച്ചൻ അവിടം വിട്ട് പോയി എന്നൊരു കഥയുണ്ട്..
|
കൂടാതെ മറ്റൊരു കഥ ഇതാണ്..
തന്റെ പ്രിയപ്പെട്ട മകന്റെ നിര്യാണത്തെത്തുടർന്ന്, സ്വയം ഉത്തരവാദിയാണ് എന്ന മാനസിക അസ്വസ്ഥയാൽ അലഞ്ഞുതിരിയലിലൂടെ പന്നിയൂരിലെത്തി..ക്ഷീണം, വിശപ്പ്, ദാഹം എന്നിവയാൽ അദ്ദേഹം വരാഹമൂർത്തി മഹാക്ഷേത്രത്തിൽ പുനരുജ്ജീവന പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരുന്ന മരപ്പണിക്കാരിൽ നിന്ന് ആശ്വാസം തേടിയിരുന്നു.
തച്ചനെ തിരിച്ചറിയുന്നതിൽ പരാജയപ്പെട്ടതിനാൽ തൊഴിലാളികൾ അദ്ദേഹത്തെ തികച്ചും അവഗണിക്കുകയും പിന്നീട് ഒരു വാക്കുപോലും ഉച്ചരിക്കാതെ ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു. അവരുടെ ഭാഗത്തുനിന്നുള്ള അത്തരം പെരുമാറ്റത്തിൽ വളരെയധികം കോപിഷ്ടനായ പെരുന്തച്ചൻ അവരെ ഒരു പാഠം പഠിപ്പിക്കാൻ തീരുമാനിച്ചു..അങ്ങനെ അവരറിയാതെ ക്ഷേത്ര ഉത്തരത്തിനായി പാകപ്പെടുത്തി വച്ചിരുന്ന തടികളിൽ വ്യത്യാസം വരുത്തുകയും, അവിടെ നിന്നും സ്ഥലം വിടുകയും ചെയ്തു അദ്ദേഹം. തിരിച്ചെത്തിയ തൊഴിലാളികൾ അത് കണ്ട് നിരാശപ്പെടുകയും വന്നത് പെരുന്തച്ചനായിരുന്നു എന്ന് തിരിച്ചറിയുകയും ചെയ്തു. അദ്ദേഹത്തെ കണ്ടെത്തി മാപ്പ് ചോദിക്കാൻ തീരുമാനിച്ചു രാത്രി ഉറങ്ങാൻ കിടന്ന അവർ ശ്രീ കോവിലിൽ നിന്നും മുഴങ്ങുന്ന ശബ്ദം കേട്ട് അർദ്ധരാത്രിയിൽ ഉണർന്നു.തച്ചൻ തിരിച്ചെത്തിയെന്നും അവരുടെ തീർച്ചപ്പെടുത്തിയിട്ടില്ലാത്ത ജോലികൾക്ക് അന്തിമ സ്പർശങ്ങൾ നൽകുകയാണെന്നും മനസിലാക്കിയ അവർ അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് മാപ്പ് അപേക്ഷിക്കുകയും.. പെരുന്തച്ചൻ എത്തിയിരിക്കുന്നു എന്നും അദ്ദേഹമാണ് ഈ അറ്റകുറ്റപണികൾ തീർത്തു ക്ഷേത്രത്തെ മനോഹരമാക്കിയതെന്നും അറിഞ്ഞാൽ പിന്നെ ഞങ്ങൾ തൊഴിൽരഹിതരാകും എന്ന് വേവലാതി അറിയിക്കുകയും ചെയ്ത തൊഴിലാക്കികൾക്ക് മാപ്പ് നൽകിയതോടൊപ്പം തന്റെ കർമ്മം ഇന്നത്തോടെ താൻ അവസാനിപ്പിക്കുന്നു എന്നറിയിച്ച് അതിനു സാക്ഷിയായി തന്റെ ഉളി അവിടെ നിക്ഷേപിച്ച് അദ്ദേഹം യാത്ര തിരിച്ചു.
|
ഇതിൽ ഏത് കഥയാണ് സത്യത്തിൽ ഉണ്ടായതെന്ന് അറിയില്ല എങ്കിലും ഉളിയന്നൂർ തച്ചന്റെ ഉളി ഇപ്പോഴും ക്ഷേത്രത്തിൽ കാണാൻ കഴിയും.
പുരാതന കാലത്തെ അനുസ്മരിപ്പിക്കുന്ന തരത്തിൽ ആണ് ക്ഷേത്രവും പരിസരവും ഉള്ളത്. ഇവിടെ വരാഹമൂർത്തിയുടെ മടിയിൽ ഭൂമി ദേവി ഇരിക്കുന്ന വിഗ്രഹമാണ് ഉള്ളത്. അതിനാൽ തന്നെ ഭൂമിപൂജയാണ് ഇവിടുത്തെ പ്രധാന പൂജ. ക്ഷേത്ര പരിസരത്തെ മണ്ണെടുത്തു വന്ന് പൂജ ചെയ്യുകയും പൂജ കഴിഞ്ഞാൽ എടുത്തിടത്തിൽ തന്നെ മണ്ണ് നിക്ഷേപിക്കുകയും ചെയ്യുന്നു.
എം.ടി. വാസുദേവൻ നായരുടെ 'വിലാപയാത്ര', 'കാലം' തുടങ്ങിയ പുസ്തകങ്ങളിൽ ഈ ക്ഷേത്രത്തെ കുറിച്ച് കുറേ പ്രതിപാദിച്ച് കാണാം. കൂടാതെ, ചാലൂക്യരുടെയും ബ്രാഹ്മണരുടെയും ഭാഗ്യദാതാവാണ് ഈ ക്ഷേത്രമൂർത്തി എന്നും, പണ്ടത്തെ രാഷ്ട്രകൂട ദേശത്തു നിന്നും എത്തിയ ബ്രാഹ്മണരാണ് പന്നിയൂരിന് അടുത്തുള്ള ശുകപുരത്തു താമസിക്കുന്നത് എന്നും മലബാർ മാന്വൽ (Malabar Manual) എന്ന പുസ്തകത്തിൽ വില്ലിയം ലോഗൻ (William Logan ) പ്രതിപാദിക്കുന്നു.
|
പന്നിയൂർ വരാഹമൂർത്തി ക്ഷേത്രത്തിനും , മത്സ്യ തീർത്ഥം എന്നറിയപ്പെടുന്ന ക്ഷേത്ര കുളത്തിനും, അവിടെ യക്ഷിയുടെ ആവാസകേന്ദ്രമായി അറിയപ്പെട്ടിരുന്ന ബ്രിഹത്തായ ആൽമരത്തിനും, ആ യക്ഷിയെ തളച്ച് വച്ചിരിക്കുന്ന കൂത്തമ്പലത്തിന്റെ ഒറ്റത്തൂണിനും ഒക്കെ പറയാൻ കഥകൾ ഇനിയും ബാക്കി.... ചരിത്രത്തെയും, പ്രകൃ തിയെയും, ഐതിഹ്യങ്ങളെയും, മനുഷ്യകര വിസ്മയത്തെയും എല്ലാം കാണാനും കേൾക്കാനും അനുഭവിക്കാനും ആഗ്രഹിക്കുന്നവർക്ക് അത്ഭുതങ്ങളും വിസ്മയങ്ങളും ഒരുക്കി വരവേൽക്കുകയാണിവിടം.....