pattathippara |
ചിപ്പിക്കുള്ളിലെ മുത്തുപോലെ നിബിഢ വനങ്ങൾക്കുളിൽ ഒളിഞ്ഞു കിടക്കുന്ന അതിമനോഹരമായ വിസ്മയമാണ് വെള്ളച്ചാട്ടങ്ങൾ...
കാഴ്ചക്കാരുടെ കണ്ണുകളെ അത്ഭുതപ്പെടുത്തുന്ന വെള്ളച്ചാട്ടങ്ങളെ കൊണ്ട് സമ്പന്നമായ തൃശ്ശൂർ ജില്ലയിൽ അധികമാരും അറിയപ്പെടാതെ പോയ ഒരു വെള്ളച്ചാട്ടമുണ്ട്.. അതാണ് പട്ടത്തിപ്പാറ വെള്ളച്ചാട്ടം..
ജില്ലയിൽ ആതിരപ്പള്ളി,,വാഴച്ചാൽ,, ചാർപ്പ തുടങ്ങിയ ഗംഭീര വെള്ളച്ചാട്ടങ്ങൾ ഉള്ളതിനാലാവാം ഈ പാവം പട്ടത്തിപ്പാറയെ ആരും അങ്ങനെ ശ്രദ്ധിക്കാതെ പോയത്..
എന്നാൽ ഇവളുടെ രമണീയതകൊണ്ട് ഒറ്റ നോട്ടത്തിൽ തന്നെ കാഴ്ചക്കാരെ വശീകരിക്കാനുള്ള കഴിവ് ഇവൾക്കുണ്ട്..
പണ്ടെപ്പോഴോ ചുള്ളിക്കമ്പുകൾ പെറുക്കാൻ എത്തിയ ഒരു പട്ടത്തി (ബ്രാഹ്മണ)പെൺകിടാവ് ഈ വെള്ളച്ചാട്ടത്തിൽ പെട്ടുപോയത്രെ അതിനു ശേഷമാണ് ഈ വെള്ളച്ചാട്ടം പട്ടത്തിപ്പാറ വെള്ളച്ചാട്ടം എന്നറിയപ്പെടാൻ തുടങ്ങിയത്..
3 തട്ടുകളിലായി ഒഴുക്കുന്ന ഇവൾ മഴക്കാലങ്ങളിൽ ഒറ്റ ശ്രേണിയായിട്ടാണ് ഒഴുകുക..
തൃശ്ശൂരിൽ നിന്നും ദേശീയപാതയിലൂടെ പാലക്കാട് ഭാഗത്തേക്കു 11 കിലോമീറ്റർ പോകുമ്പോൾ പാണഞ്ചേരിയിൽനിന്നും വടക്കു ഭാഗത്തേക്കു തിരിഞ്ഞു രണ്ടു കിലോമീറ്റർ താളിക്കോട് റോഡിലൂടെ പോയാൽ പട്ടത്തിപ്പാറയിലെത്താം..
വാഹനം അവിടെ നിർത്തി 1കിലോമീറ്റർ ദൂരം കാട്ടിലൂടെ നടന്നാലേ ഈ സുന്ദരിയെ കാണാൻ കഴിയൂ.. വെള്ളച്ചാട്ടം കാണൽ ആണ് ഉദ്ദേശം എങ്കിലും ഒരു ചെറിയ ട്രെക്കിങ്ങിനുള്ള അവസരവും ഉണ്ടിവിടെ..
അടുത്ത് തന്നെയായി ഒരുപാട് വർഷങ്ങൾക്ക് മുൻപ് പണികഴിപ്പിച്ച ഒരു ചെറിയ തടയണയുണ്ട്.. അതിൽ ഇറങ്ങി കുളിക്കുകയും ചെയ്യാം..
ഈ മനോഹരിയായ വെള്ളച്ചാട്ടത്തെ, വെള്ളച്ചാട്ടത്തിന്റെ താഴെയിറങ്ങി ആസ്വദിക്കണം എന്ന് തോന്നുമെങ്കിലും അത് വളരെയധികം അപകടം പിടിച്ച ഒന്നാണ് എന്നോർക്കുക..ഇളകുന്ന കല്ലുകളോട് കൂടിയതാണ് അവിടം.. അതിനാൽ അപകടസാധ്യത കൂടുതലാണ്..
സാഹസികമായ ഒരു യാത്ര ഇഷ്ടപ്പെടുന്നവർക്ക്,, പ്രകൃതിയെ അതിന്റെ പച്ചയായ അവസ്ഥയിൽ കാണാൻ ആഗ്രഹിക്കുന്നവർക്ക്,, ഫോട്ടോഗ്രാഫർമാർക്ക് എല്ലാം മികച്ച സ്ഥലമാണിത്..
കാനനത്തിന് അലങ്കാരമായി അവളുടെ നാഭിയിലേക് വീണുകിടക്കുന്ന മുത്തുമണി മാല പോലെ ഒഴുകുന്ന ഈ പട്ടത്തിപ്പാറ ഒരത്ഭുതം തന്നെയാണ്.