കപ്പേള സിനിമ കണ്ടവർ ആദ്യം തന്നെ വിചാരിച്ച കാര്യങ്ങളിൽ ഒന്ന് ഏതാണ് ഈ നാട് ..കൊറോണ കഴിയട്ടെ ഒന്ന് പോണം .ഒരു പക്ഷെ സംവിധായകൻ മുസ്തഫ കേട്ട ചോദ്യങ്ങളിൽ ഏറെയും വയനാട്ടിൽ എവിടെയാണ് ഈ നാട് എന്ന ചോദ്യമാണ്.അതിനുള്ള ഉത്തരമാണ് ഇന്ന് കീശയിൽ ഉള്ളത് .
ധാരാളം അരുവികളും മലകളും മനോഹരമായ വ്യൂ പോയിന്റുകളും വളഞ്ഞു പുളഞ്ഞുള്ള റോഡും-പശ്ചിമഘട്ടത്തിലെ ഏറ്റവും ആകര്ഷണീയതയുള്ള പ്രദേശം .
കോഴിക്കോട് ജില്ലയുടെ ടൂറിസം ഭൂപടത്തിലൊന്നും ഈ നാട് ഇടംപിടിച്ചിട്ടില്ലെങ്കിലും സഞ്ചാരികളുടെ മനസ്സിൽ എന്നോ വലിയൊരു സ്ഥാനം പൂവാറൻതോട് നേടിക്കഴിഞ്ഞിരുന്നു.
1960 കളിൽ ആണ് ഇവിടെ കുടിയേറ്റം ആരംഭിക്കുന്നത് .മണ്ണിനോടും കാട്ടുമൃഗങ്ങളോടും പടവെട്ടി അവർ ഈ മണ്ണിൽ പൊന്നു വിളയിച്ചു.
സിനിമയിൽ ആദ്യ സീനുകളിൽ കാണിക്കുന്ന ഒരു പാലമുണ്ട്,പാലത്തിൽക്കൂടിയും പോകാം,വേണ്ടവർക്ക് ചെറു അരുവിയിൽ കൂടിയും പോകാം .പൂവാറന്തോടിന്റെ കുറച്ചു കൂടെ ഉയർന്ന പ്രദേശമായ കല്ലംപുല്ലില്ആണ് ഈ അരുവി .പണ്ട് നടന്ന ഒരു പാലം പണിയുടെ അഴിമതിക്കഥയുടെ ബാക്കിപത്രമാണ് ഈ പാലം.തമ്പുരാൻ കൊല്ലിഎന്ന പ്രദേശത്തേക്ക് ആണ് ഈ പാലം നീളുന്നത് .പായലും പുല്ലും ശുദ്ധമായ ജലവും സിനിമ കണ്ടിരുന്ന ശരാശരി മലയാളിയിൽ രോമാഞ്ചം ഉണ്ടാക്കി എന്ന് പറയാതെ വയ്യ .
സിനിമയിൽ ആവർത്തിച്ചു കാണിക്കുന്ന അവരുടെ വീട് ഉൾക്കൊള്ളുന്ന സ്ഥലവും കല്ലംപുല്ലാണ്.ജാതിത്തോട്ടങ്ങളുടെ മനോഹര ദൃശ്യങ്ങളും ഇവിടെ കാണാം.വലിയ ജാതി തോട്ടങ്ങൾ പടർന്നു കിടക്കുന്ന വലിയ കുന്നിൻ ചെരുവുകൾ ഈ നാടിന്റെ ശരാശരി കാഴ്ചയാണ്.കമുകും തെങ്ങും കുരുമുളകും ധാരാളമായി വിളഞ്ഞിരുന്ന ഈ പ്രദേശം ഇപ്പോൾ ജാതിക്കൃഷിയെ ആണ് ആശ്രയിക്കുന്നത് .തണുപ്പുള്ള അന്തരീക്ഷവും കാട്ടിൽ നിന്നും ഒഴുകിയെത്തുന്ന അരുവികളിൽ നിന്നുള്ള ജലവും ജാതിക്കൃഷിക്ക് അനുയോജ്യമായ സാഹചര്യം ഒരുക്കുന്നു .
ഇരുവഴിഞ്ഞിപുഴയുടെ പ്രധാന കൈവഴികളിൽ ഒന്നായ പൊയിലിങ്ങാപ്പുഴ ഈ ദേശത്തു നിന്നാണ് പരസ്യമായ ഒഴുക്ക് ആരംഭിക്കുന്നത് .ധാരാളം ചെറു വെള്ളച്ചാട്ടങ്ങളും കുളിക്കാൻ കഴിയുന്ന സ്ഥലങ്ങളും ചെറു കയങ്ങളും ഉള്ള ഒരു പുഴയാണ് ഇത് .അനേകം ചെറു കൈവഴികൾ ഉള്ള ഈ പുഴയിൽ എപ്പോൾ വേണമെങ്കിലും വെള്ളം വരാം എന്നുള്ളത് മാത്രമാണ് അപകട സാധ്യത.നീന്തൽ അറിയാവുന്നവർ മാത്രം ആനക്കല്ലംപാറ അടക്കമുള്ള വെള്ളച്ചാട്ടങ്ങളിലും പുഴയിലും ഇറങ്ങുക .
പലപ്പോഴും നമ്മൾ അനുമാനിക്കുന്നതിനേക്കാൾ ആഴം ഈ കുഴികൾക്ക് ഉണ്ടാകാം.ആനക്കല്ലംപാറ സുന്ദരമായ ഒരു വെള്ളച്ചാട്ടമാണ് .മൺസൂൺ കനക്കുന്നതോടെ നീരൊഴുക്ക് വർധിക്കുന്ന ഇവിടം സഞ്ചാരികൾക്ക് ഏറെ പ്രിയമുള്ള സ്ഥലമാണ് .ഫോട്ടോഗ്രാഫർമാരുടെ പ്രിയപ്പെട്ട സ്ഥലം കൂടെയാണ് ആനക്കല്ലമ്പാറ .
കല്ലംപുല്ലിനും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് തമ്പുരാൻകൊല്ലി.അവിടെ ഉള്ള കൊടിക്കൽ മലയും സഞ്ചാരികൾക്ക് ഏറെ പ്രിയമുള്ളതായി മാറുന്നുണ്ട് .സാധാ സമയവും കാറ്റ് ,പിന്നെ ട്രെക്കിങ്ങ് ഇഷ്ട്ടപ്പെടുന്ന ആൾ കൂടെയാണ് സഞ്ചാരി എങ്കിൽ യാത്ര ഭേഷ് ...
വലിയൊരു മല മുഴുവൻ ഒരു പാറയായി മാറിയിരിക്കുന്ന അത്ഭുതമാണ് മേടപ്പാറ മല .മുകളിൽ ഒരു കുരിശും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.ഇങ്ങോട്ടുള്ള യാത്ര അല്പം കഠിനമായതിനാൽ ഭൂരിഭാഗം സഞ്ചാരികളും എത്തുന്ന പ്രദേശമാണ് ഉടുമ്പുപാറ.
പൂവാറൻതോടിനെ പ്രശസ്തമാക്കുന്ന ഫോട്ടോഗ്രാഫ്സ് പിറവിയെടുത്തത് ഈ മലമുകളിൽ ആണ് .
സദാസമയവും കോടമഞ്ഞിനാൽ മൂടപ്പെട്ടു കിടക്കുന്ന ഉഗ്രൻ സ്ഥലം .ഗവിയെ അനുസ്മരിപ്പിക്കുന്ന രൂപഭാവങ്ങൾ .മഴയുള്ള സമയത്താണെങ്കിൽ നമുക്ക് താഴെ അടിവാരത്തിലേക്ക് മഴ പെയ്യുന്നത് മേഘങ്ങൾക്കും മുകളിൽ ഇരുന്നു നമുക്ക് കാണാനാകും എന്ന് സന്ദർശകർ പറയുന്നു .
മഴയില്ലാത്ത സമയം ആണെങ്കിൽ കോഴിക്കോട് മലപ്പുറം ജില്ലകളും വയനാടിന്റെ ഭൂരിഭാഗവും ഡ്രോൺ കാഴ്ച പോലെ നമുക്ക് മുന്നിൽ തെളിയും.ചെറിയ ചാറ്റൽ മഴയും നനഞ്ഞു കോടമഞ്ഞിന്റെ ആലിംഗനം ചെയ്തു ഉടുമ്പുപാറക്ക് മുകളിലൂടെ നടക്കുക എന്നത് തന്നെ നല്ലൊരു അനുഭവമാണ് കേട്ടോ ..
എല്ലാം നമുക്ക് താഴെ ...വലിയ മലനിരകളും നദികളും എന്തിനു പറക്കുന്ന പക്ഷികളും ....പിന്നെ അങ്ങ് കാണുന്ന കടൽ പോലും 1000 മീറ്ററിനും താഴെയാണ് .3500 മില്ലിമീറ്റർ മഴയാണ് ശരാശരി കിട്ടുന്നത്.
മല കയറുന്നതിന്റെയും കാഴ്ചകൾ കാണുന്നതിന്റെയും ആവേശത്തിന്റെ ഇടയിൽ കാലിലേക്കൊന്നു നോക്കുന്നത് നന്നായിരിക്കും .
കല്ലംപുല്ലും ഉടുമ്പുപറയും കറങ്ങി പൊയിലിങ്ങാപ്പുഴയിൽ ഇങ്ങോട്ടേക്ക് വേണമെങ്കിലും ഇറങ്ങി ഒരു കുളിയും പാസ്സാക്കി മല ഇറങ്ങിയാൽ നിങ്ങൾ ജീവിതത്തിൽ നടത്തിയിട്ടുള്ള യാത്രകളുടെ പൂർണത കിട്ടും എന്നതിൽ ഒരു സംശയവുമില്ല .ധാരാളം പ്രൈവറ്റ് റിസോർട്ടുകളും ഹോം സ്റ്റേ കളുംആരംഭിച്ചു കഴിഞ്ഞു .
പുഴ മലിനമാക്കാതിരിക്കുക .ഈ കാഴ്ചകളൊന്നും നിങ്ങൾക്കുള്ളതല്ല നിങ്ങൾക്ക് പുറകെ ഇവിടെ വരുന്നവനുള്ളതാണെന്നുള്ള ബോധ്യം ഉണ്ടാവുക.അപ്പോൾ വരൂ ...ഈ നാട് സഞ്ചാരികളെ കാത്തിരിക്കുന്നു.
സ്വന്തമായി വണ്ടി ഓടിച്ചു ഇങ്ങോട്ട് വരുമ്പോൾ ശ്രദ്ധിക്കുക ചറപറ വളവുകൾ ഉണ്ട് ഹോൺ അടിക്കുക .മഞ്ഞു മൂടിയ സമയം ആണെങ്കിൽ ലൈറ്റ് ഇടുക .കെ സ് ർ ടി സി സർവീസുകൾ ഇവിടേക്ക് ലഭ്യമാണ് .കൂടരഞ്ഞി ആണ് അടുത്തുള്ള പ്രധാന ടൗൺ .അവിടെ നിന്നാണ് റോഡ് കക്കാടംപൊയിലിനും പൂവാറന്തോടിനുമായി തിരിയുന്നത് .ഗൂഗിൾ മാപ്പ് നോക്കി ചോയ്ച്ച് ചോയ്ച്ച് പോന്നോളൂ ..