ആ പാലത്തിലൂടെയാണ് തലശ്ശേരി എന്ന ഗ്രാമം മലബാറിന്റെ സുവര്ണകാലങ്ങളിലെ വ്യവസായ കേന്ദ്രമായി മാറിയത്.ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തു ബ്രിട്ടീഷ് ഈസ്റ് ഇന്ത്യ കമ്പനിയുടെ വ്യവസായ - വാണിജ്യ കേന്ദ്രമായിരുന്നു തലശ്ശേരി.
പുറം കടലിൽ നങ്കൂരമിടുന്ന ചരക്കുകപ്പലുകളിൽ നിന്നും ചരക്ക് ഉരുവിലും പത്തേമാരിയിലുമായി കരയിലെത്തിക്കാനും,കപ്പലുകളിൽ നിന്നും കരയിലേക്ക് സാധനങ്ങൾ എത്തിക്കുന്നതിനും ഈ കടൽപ്പാലം ഉപയോഗിച്ചു.
മലബാറിൽ നിന്നും കുടക് അടക്കമുള്ള കർണാടക അതിർത്തികളിൽ നിന്നും വൻതോതിൽ സുഗന്ധവ്യഞ്ജനങ്ങൾ ശേഖരിച്ചു തലശ്ശേരി കടപ്പുറത്തെ പാണ്ടികശാലകൾ എന്ന് അറിയപ്പെടുന്ന സംഭരണ ശാലകളിൽ സംഭരിച്ചു അവിടെ നിന്നും കടൽപ്പാലം വഴി കപ്പലുകളിലേക്ക് എത്തിക്കുകയും ആയിരുന്നു ചെയ്തിരുന്നത്.
തലശ്ശേരി പട്ടണത്തിലെ വ്യാപാരവും തൊഴിലും 1900 കളിൽ ഈ കടൽപ്പാലവുമായി ബന്ധപ്പെട്ടായിരുന്നു.പാണ്ടികശാലകൾ വലിയ തോതിൽ ജോലി പ്രദേശവാസികൾക്ക് നൽകിയിരുന്നു.1910 ലാണ് ബ്രിട്ടീഷുകാർ വ്യാപാരവശ്യങ്ങൾക്കായി ഈ കടൽപ്പാലം നിർമിക്കുന്നത്.
കപ്പലുകൾക്ക് കടലിനു ആഴം കുറവായതിനാൽ തീരത്തു എടുക്കാനാവാത്ത സാഹചര്യത്തിലാണ് ഉരുക്കൾക്കും പത്തേമാരികൾക്കും അനുയോജ്യമായ രീതിയിൽ ഈ കടൽപ്പാലം നിർമിച്ചത്.
കരയിൽ നിന്നും കടലിലേക്ക് തള്ളി നിൽക്കുന്ന രീതിയിലുള്ള ഈ കടൽപ്പാലത്തിനു 500 മീറ്ററോളം ദൂരം ഉണ്ട്.കടലിലേക്ക് എത്തുമ്പോഴേക്കും 40 അടി വീതി കൈവരിക്കുന്ന കടൽപ്പാലത്തിന്റെ പ്രാരംഭ ഭാഗത്തു 26 അടി വീതിവരെയും ഉണ്ട്.