Vilangankunnu |
ഭൂമിയിൽ നിന്നും തലയുയർത്തിപ്പിടിച്ചുകൊണ്ട് പ്രകൃതിയുടെ ശുദ്ധമായ ഭാവത്തോട് കൂടി ത്രിശൂർ നഗരിയെ സ്നേഹത്തോടെ ഉറ്റുനോക്കി നിൽക്കുന്ന ചന്തക്കാരനാണ് വിലങ്ങൻ കുന്ന്..
കിഴക്ക്, പടിഞ്ഞാറ്,തെക്ക്, വടക്ക്, തെക്കുകിഴക്ക്, വടക്കുകിഴക്ക്, തെക്കുപടിഞ്ഞാറ്, വടക്കുപടിഞ്ഞാറ് ഇങ്ങനെ ഏത് കോണിൽ നിന്ന് നോക്കിയാലും നോക്കുന്നയാൾക്ക് മുന്നിൽ ഈ കുന്ന് വിലങ്ങനെയാണ് കാണപ്പെടുന്നത്.. അതുകൊണ്ടാണ് ഇവനെ വിലങ്ങൻ കുന്ന് എന്ന് വിളിക്കുന്നത്..
തൃശ്ശൂർ ജില്ലയിലെ അടാട്ട് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കുന്നാണിത്.. തൃശ്ശൂർ - കുന്നംകുളം/ഗുരുവായൂർ റോഡ് കുന്നിന്റെ കിഴക്കേ ചരിവിലൂടെയാണ് കടന്നു പോകുന്നത്.. തൃശൂർ -കുന്നംകുളം റൂട്ടിൽ ബസിൽ കേറി അമല ഹോസ്പിറ്റൽ നഗറിൽ ഇറങ്ങി ഒരു ഓട്ടോ വിളിച്ചു പോകാൻ ഉള്ള ദൂരമേ വിലങ്ങൻ കുന്നിലേക്ക് ഉള്ളൂ.
|
സമുദ്ര നിരപ്പിൽ നിന്നും 80 മീറ്റർ ഉയരത്തിൽ 5 ഏക്കർ ഭൂമിയിലാണ് വിലങ്ങൻ കുന്നു ഉള്ളത്.8 കിലോമീറ്റർ ചുറ്റളവിൽ പൊങ്ങിനിൽക്കുന്ന വിലങ്ങൻ കുന്നിന്റെ ഉപരി ഭാഗം 5 ഏക്കറോളം വരുന്നു... അത്കൊണ്ട് തന്നെ കുന്നിനു മുകളിൽ സഞ്ചാരികൾക്കായി നിരവധി കാഴ്ച്ചകൾ ഒരിക്കിയിട്ടുണ്ട്..
|
കുട്ടികൾക്കായി ഒരടിപൊളി പാർക്കുണ്ടിവിടെ.. നിരവധി റൈഡുകളോട് കൂടിയ ഈ പാർക്ക് അംഗവൈകല്യം ഉള്ള കുട്ടികൾക്കും റൈഡുകൾ നടത്താവുന്ന രീതിയിൽ ഉള്ളതാണ്,, അതിനായി പ്രത്യേകം റൈഡ് സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടിവിടെ..
വാഗൺ വീൽ (Wagon Wheel), പെടൽ ബോട്ട് പൂൾ (Pedal boat pool) തുടങ്ങിയവയടക്കം 13 പുതിയ റൈഡുകൾ ഈ വർഷം പുതുതായി വന്നിട്ടുണ്ട്..
കൂടാതെ ഒരു 16 ഡി തിയേറ്റർ (16 D Theatre ) ഉണ്ടിവിടെ.. 180 ഡിഗ്രിയിൽ കറങ്ങുന്ന ഇരുപ്പിടങ്ങളാണ് തിയേറ്ററിനുള്ളിൽ സജ്ജമാക്കിരിയിരിക്കുന്നത്.. ചിത്രത്തിൽ കാണുന്ന വെള്ളച്ചാട്ടം, ഗന്ധം, മഞ്ഞുവീഴൽ തുടങ്ങിയവ സീറ്റിൽ ഇരുന്നുകൊണ്ട് തന്നെ അനുഭവിച്ചറിയാൻ കഴിയുന്നു..
പാർക്കിലെ മറ്റൊരു ആകർഷണം ഹൊറർ ഹൗസാണ് (Horror house )..
കൂടാതെ,, വിലങ്ങൻ കുന്നിൽ 800 മീറ്ററോളം വരുന്ന ഒരു നടപ്പാതയുണ്ട്.. രണ്ടു ഭാഗത്തും മരങ്ങൾ തിങ്ങി നിറഞ്ഞ് പ്രകൃതിയിലേക്ക് യാത്രചെയ്ത് നീങ്ങുന്നത് പോലെ തോന്നിക്കുന്ന ഈ നടപ്പാതയുടെ ഒരു ഭാഗം വീൽ ചെയറിൽ സഞ്ചരിക്കുന്നവർക്കായി ഒരുക്കിയിരിക്കുന്നു...
ഇവിടുത്തെ ബാത്റൂം അന്തർദേശീയ മേന്മയോട്കൂടി ഒരുക്കിയിരിക്കുന്നതാണ്.. അംഗവൈകല്യം ഉള്ളവർക്കും പരസഹായം കൂടാതെ ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ വളരെ മികച്ച രീതിയിൽ നിർമ്മിച്ചിരിക്കുന്നു..
ഇതിനെല്ലാം അപ്പുറം വിലങ്ങൻ കുന്ന് നല്ലൊരു വ്യൂ പോയിന്റ് ആണ്.. ഇവിടെ നിന്നും താഴേക്കുള്ള കാഴ്ചകൾ അത് വാക്കുകൾക്കും അതീതമായ ഒരനുഭൂതി നൽകുന്നതാണ്.. തൃശ്ശൂർ നഗരിയെ മുഴുവാനായി അവിടെ നിന്നുകൊണ്ട് ആസ്വദിക്കാൻ കഴിയും..
കൂടാതെ, കിഴക്ക് സഹ്യപർവ്വതനിരകൾ, പെരുമല, തയ്യൂർ കോട്ട, പടിഞ്ഞാറ് അറബിക്കടൽ, തുടങ്ങി അടുത്തുള്ളതും അകന്നതുമായ വിവിധ സ്ഥലങ്ങളും കാഴ്ച്ചകളും വ്യക്തമായി കാണാം.... ദൂരക്കാഴ്ചക്ക് സൗകര്യമുള്ള ഇത്ര ഉയരമുള്ള ഒരു കുന്ന് തൃശ്ശൂർ നഗരത്തിനു തൊട്ടടുത്ത് വേറെ ഇല്ല എന്നു തന്നെ പറയാം. ഈ കുന്നിന്റെ മുകളിൽനിന്ന് സൂര്യാസ്തമയവും സൂര്യോദയവും വളരെ വ്യക്തമായും മനോഹരമായും കാണുവാൻ കഴിയും.....
ഇന്ന് കാണുന്ന വിലങ്ങൻ കുന്നിനു വേറൊരു മുഖം ഉണ്ടായിരുന്നു.. ഭൂപ്രകൃതിയുടെ അനുയോജ്യത മൂലം രണ്ടാം ലോക മഹായുദ്ധകാലത്ത് യുദ്ധാവശ്യത്തിനായി ഒരു നിരീക്ഷണനിലയവും മിലിറ്ററി ക്യാമ്പും ഇവിടെ സ്ഥാപിച്ചിരുന്നു എന്നും , അന്ന് സഞ്ചാര ആവശ്യത്തിനായി ഇവിടെ ഒരു റോഡ് സ്ഥാപിക്കപ്പെട്ടു എന്നും പറയുന്നു.. സ്ഥാപിക്കപ്പെട്ട റോഡ് ഇന്നും നിലനിൽക്കുന്നുണ്ടിവിടെ...
അങ്ങനെ എക്കാലത്തും ജനങ്ങൾ ആശ്രയിച്ചുകൊണ്ടിരിക്കുന്ന അതിമനോഹരമായ ഈ കുന്ന് ഫോട്ടോഗ്രാഫർമാരുടെയും പ്രിയ സ്ഥലമാണ്.. ട്രെക്കിങ്ങിനും അനുയോജ്യമാണ്..
പ്രായഭേദമന്യേ..ആർക്കും വന്ന് കൗതുകത്തോടെ ആസ്വദിക്കാവുന്ന വിലങ്ങൻ കുന്ന് ഒരു അത്ഭുതം തന്നെയാണ്..