ഇന്ത്യൻ ക്രിക്കറ്റിനെ ലോകത്തിന്റെ നെറുകയിൽ നിർത്തിയ ഇന്ദ്രജാലം.ശാന്തവും ശക്തവും വേഗമേറിയതുമായ തീരുമാനങ്ങളിലൂടെ ക്രിക്കറ്റ് ഗ്രൗണ്ടിലെ ബുദ്ധികൂർമതയുടെ പര്യായം.ക്രിക്കറ്റ് എന്ന കായിക വിനോദത്തെ വികാരമായി കൊണ്ട് നടക്കുന്ന ഇന്ത്യൻ ജനതയ്ക്ക് അഭിമാനിക്കാൻ ആവോളം സമ്മാനിച്ചാണ് നീലപ്പടയുടെ അമരത്തു നിന്നും ധോണി പടിയിറങ്ങിയത്.
2007 ലെ പ്രഥമ ട്വന്റി ട്വന്റി ലോകകപ്പോടെ തുടങ്ങും ഇന്ത്യൻ ക്രിക്കറ്റിലെ ധോണിയുടെ ജൈത്രയാത്ര.
- 2 ലോകകപ്പും ചാമ്പ്യൻസ് ട്രോഫിയും നേടിയ ക്യാപ്റ്റൻ.
- ഏറ്റവുമധികം രാജ്യാന്തര മത്സരങ്ങളിൽ നായകൻ
- മൂന്നു ഫോർമാറ്റിലുമായി 331 മത്സരങ്ങളിൽ നായകൻ.
- മൂന്നു ഫോര്മാറ്റിലും 50 ൽ അധികം മത്സരങ്ങളിൽ ഒരു ടീമിനെ നയിച്ച ഏക നായകൻ
- ഇന്ത്യക്ക് വേണ്ടി ഏറ്റവുമധികം ജയങ്ങൾ സമ്മാനിച്ച നായകൻ
- ട്വൻറി ട്വന്റിയിൽ ഏറ്റവുമധികം വിജയങ്ങൾ
- ബാറ്റിങ്ങിൽ ഏഴാമനായി ഇറങ്ങി സെഞ്ചുറി നേടിയ ഏക കാപ്റ്റൻ.
- 1000 ൽ അധികം സ്റ്റമ്പിങ് ഉള്ള ഏക വിക്കെറ്റ് കീപ്പർ.
മറ്റൊരു ഇന്ത്യൻ നായകനും കൈവരിക്കാനാകാത്ത നേട്ടങ്ങളുടെ പട്ടിക നീളുകയാണ്.
2004 ഡിസംബറിൽ ബംഗ്ലാദേശിനെതിരെ ആണ് ഏകദിനത്തിൽ ധോണിയുടെ അരങ്ങേറ്റം.മികച്ചൊരു വിക്കെറ്റ് കീപ്പർ ബാറ്റ്സ്മാൻ ഇല്ലാത്തതിനാൽ ദ്രാവിഡ് വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് കൂടെ അണിയുന്ന കാലം.പാർഥിവ് പട്ടേലും ദിനേശ് കാർത്തിക്കും വന്നെങ്കിലും ഇന്ത്യൻ എ ടീമിലെ പ്രകടനം ധോണിക്ക് തുണയായി.
കാഴ്ചയിൽ തന്നെ വ്യത്യസ്തൻ.ജോൺ എബ്രഹാമിനോടുള്ള ആരാധനയിൽ തോളൊപ്പം നീട്ടിയ മുടി .കരുത്തുറ്റ ശരീരം .
അരങ്ങേറ്റ ഇന്നിങ്സിൽ പൂജ്യത്തിനു റൺ ഔട്ട്.ആദ്യ പരമ്പര ശരാശരിയിൽ ഒതുങ്ങിയെങ്കിലും പാകിസ്താനെതിരെയുള്ള രണ്ടാം പരമ്പരയിലും ഇടം നേടി.ധോണി ധോണിയായി മാറുകയായിരുന്നു...ഷാഹിദ് അഫ്രീദിയും ഹഫീസും ഉൾപ്പെട്ട പാക്കിസ്ഥാൻ ബോളിങ് നിര മൈതാനത്തിനു തലങ്ങും വിലങ്ങും പാഞ്ഞു.മൂന്നാമനായി ഇറങ്ങി 123 പന്തിൽ നിന്നും 148 റൺസ്.ഒരു വിക്കെറ്റ് കീപ്പറുടെ ഉയർന്ന സ്കോർ.
ഡിസംബർ 28 ലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ജയിക്കാൻ 299 റൺസ് വിജയലക്ഷ്യം.സച്ചിൻ തുടക്കത്തിൽ പുറത്തായാതിനാൽ സ്കോറിങ് വേഗം കൂട്ടാൻ ക്രീസിലേക്ക് പറഞ്ഞുവിട്ട ധോണി തിരികെ കയറിയത് 145 പന്തിൽ നിന്നും പുറത്താകാതെ 183 റൺസുമായായിരുന്നു.ഏകദിനത്തിലെ ഒരു ബാറ്സ്മാൻറെ ഉയർന്ന സ്കോർ .
ബാറ്റിംഗ് കരുത്തിന്റെ വശ്യ സൗന്ദര്യം എന്നാണ് ആ പ്രകടനത്തെ ക്രിക്കറ്റ് മാഗസിൻ വിസ്ഡൻ വിശേഷിപ്പിച്ചത്.
2005 ൽ ടെസ്റ്റ് ടീമിലും അരങ്ങേറ്റം. ടെസ്റ്റിലെ ആദ്യ. സെഞ്ചുറിയും പാകിസ്താനെതിരെ. 2006 ൽ സാക്ഷാൽ റിക്കി പോണ്ടിങ്ങിനെ പിന്തള്ളി മഹേന്ദ്രസിംഗ് ധോണി ഏകദിന ബാറ്റിംഗ് റാങ്കിങ്ങിൽ ഒന്നാമത് എത്തി. ധോണി ഒരു ബ്രാൻഡായി വളരുകയായിരുന്നു. ഇന്ത്യൻ ക്രിക്കറ്റിൽ ധോണി യുഗത്തിന്റെ തുടക്കം.
2007 ലെ പ്രഥമ T20 വേൾഡ് കപ്പ്.
ടീമിലെ സീനിയർ താരങ്ങളായ സച്ചിനും ഗാംഗുലിയും ദ്രാവിഡും T20 ടീമിൽ ഇല്ല. ആരാകും ക്യാപ്റ്റൻ എന്ന ചിന്തയിൽ BCCI ക്ക് മുന്നിൽ രണ്ട് പേരുകൾ വന്നു. യുവരാജ് സിംഗ്, MS ധോണി. ഒടുവിൽ സച്ചിന്റെ പിന്തുണയോടെ ധോണി നായകനും യുവരാജ് ഉപനായകനും ആയി.
ഇന്ത്യ -പാക്കിസ്ഥാൻ ഫൈനലാണ് T20 ക്രിക്കറ്റിനെ അത്രമേൽ പ്രിയങ്കരമാക്കിയതെന്നു പറയാതെ വയ്യ.യുവരാജ് ഓൾറൗണ്ട് മികവുമായി ആടി തിമിർത്തപ്പോൾ ധോണി നായകമികവിന്റെ ഇന്ത്യയുടെ ഉത്തരമായി മാറി. അവസാന ഓവർ ചെയ്യാൻ ടൂർണമെന്റിൽ ഒരു ബോൾ പോലും ചെയ്യാതിരുന്ന ജോഗിന്ദർ ശർമയെ ഏല്പിച്ച ചങ്കൂറ്റം പറയാതെ വയ്യ. ഫീൽഡിൽ കെണി ഒരുക്കി ഉൾഹഖിന്റെ ഷോട്ട് ശ്രീശാന്ത് ന്റെ കയ്യിൽ വിശ്രമിച്ചപ്പോഴേക്കും രണ്ടാം ലോക കിരീടത്തിന്റെ ആവേശത്തിൽ ഇന്ത്യയിൽ വിശ്രമമില്ലാത്ത ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞിരുന്നു.
സൗരവ് ഗാംഗുലിക്ക് പകരക്കാരനില്ലാതെ നട്ടം തിരിഞ്ഞ ഇന്ത്യക്ക് ധോണി പിടിവള്ളിയായി. ഇന്ത്യൻ ക്രിക്കറ്റിലേക്ക് മികവുള്ള യുവതാരങ്ങളെ കണ്ടെത്തി, ഏതൊരു വമ്പനെയും വീഴ്ത്താൻ കെൽപ്പുള്ള ടീമായി ഇന്ത്യയെ മാറ്റിയ ഗാംഗുലിക്ക് ഒത്ത പിൻഗാമിയായി ധോണി.
കല്ലും മുള്ളും നിറഞ്ഞതായിരുന്നു നേതൃസ്ഥാനത്തെ ആദ്യ ദിനങ്ങൾ.ഗാംഗുലിയെയും ദ്രാവിഡിനെയും ടീമിൽ നിന്നൊഴിവാക്കാൻ ശഠിച്ചത് ക്രിക്കറ്റ് ലോകത്തിന്റെ ഒന്നാകെ വിമർശനം ഏറ്റുവാങ്ങി. ടീമിൽ ഉണ്ടാകേണ്ടുന്ന കളിക്കാരെ കുറിച്ച് തനിക്ക് നല്ല ബോധ്യമുണ്ടെന്നു ധോണി അതിന് മറുപടിയും നൽകി.
ആദ്യ പരമ്പര നേട്ടം തന്നെ വലിയ വാർത്തയായി. ചരിത്രത്തിൽ ആദ്യമായി ലങ്കയിൽ ഏകദിന പരമ്പര നേട്ടം. തോൽപ്പിച്ചത് ജയവർധനയും, സംഗക്കാരയും, മുരളീധരനും, ദിൽഷനുമടങ്ങുന്ന ടീമിനെ. 2008 ലെ ബോർഡർ ഗാവസ്‌കർ ട്രോഫി രണ്ടാം ടെസ്റ്റിൽ ഓസ്ട്രേലിയയെ തോൽപ്പിച്ചത് 340 റൺസിന്. റൺസ് അടിസ്ഥാനത്തിൽ ടെസ്റ്റിലെ ഏറ്റവും വലിയ ജയം.
2011 ലെ ഏകദിന ലോകകപ്പ്
2011 ലെ ഏകദിന ലോകകപ്പ് നേട്ടത്തോടെയാണ് ഇന്ത്യൻ ടീമിൽ ധോണി സമാതകളില്ലാതെ പ്രതിഷ്ഠിക്കപ്പെടുന്നത്. സ്വന്തം നാട്ടിലെ ലോകകപ്പ്. സച്ചിൻ എന്ന ഇതിഹാസത്തിനു നല്കാനാവുന്ന ആദരം.
ഫൈനലിൽ ശ്രീലങ്ക ഉയർത്തിയ 277 റൺസ് പിന്തുടരുന്നതിനിടെ ടൂർണമെന്റിൽ മോശം ഫോമിൽ ആണെന്ന് വിമർശനം നേരിട്ട ധോണി സ്വയം സ്ഥാനക്കയറ്റം നൽകി തകർപ്പൻ ഫോമിലുള്ള യുവരാജിനും മുന്നേ ബാറ്റ് ചെയ്യാൻ വരുന്നു.ലോക ക്രിക്കറ്റിലെ മികച്ച ഫിനിഷർ എന്ന സ്ഥാനം അരക്കിട്ടുറപ്പിച്ചു ധോണിയുടെ ഹെലികോപ്റ്റർ ഷോട്ട് ഗ്യാലറിയിലെ ജനാരവത്തിലേക്ക് വന്നുവീണു.
പുറത്താകാതെ 91 റൺസ്.ഒപ്പം ഫൈനലിലെ മാന് ഓഫ് ദി മാച്ച് അവാർഡും.കപിലിന്റെ ചുവന്ന ചെകുത്താന്മാർക്കു ശേഷം നീണ്ട 28 വർഷങ്ങൾ .ഇന്ത്യ ലോക ജേതാക്കൾ.
2013 ൽ ഇൻഗ്ലണ്ടിൽ വെച്ച് നടന്ന ചാപ്യൻസ് ട്രോഫിയിലും കിരീടം നേടിയതോടെ ഐ സി സി യുടെ പ്രധാന മൂന്നു കിരീടങ്ങളും നേടുന്ന ആദ്യ നായകനായി ധോണി.ടെസ്റ്റ് -ഏകദിന റാങ്കിങ്ങിൽ ഇന്ത്യ ഒന്നാം സ്ഥാനക്കാരായി.ടീം ഇന്ത്യയുടെ സുവർണകാലം.
നേട്ടങ്ങൾക്കിടയിൽ വിമര്ശനങ്ങളും ഏറ്റുവാങ്ങുന്നുണ്ടായിരുന്നു.വിദേശമണ്ണിൽ തുടർച്ചയായി 8 ടെസ്റ്റ് തോൽവികൾ വെല്ലുവിളിയായി.ടീമിലെ ആഭ്യന്തര പ്രശ്നങ്ങൾ പുറത്തേക്ക് എത്തുന്നത് തടയുവാനും അദ്ദേഹത്തിന് കഴിഞ്ഞില്ല.ക്യാപ്റ്റനെ മാറ്റണമെന്ന ആലോചനകളും മുറവിളിയും ശക്തമായെങ്കിലും 2015 ലോകകപ്പിന് മുൻപേ പകരക്കാരനില്ല എന്ന് ബി സി സി ഐ വ്യക്തമാക്കി.
ലോകകപ്പിന് തൊട്ടുമുൻപ് ഓസ്‌ട്രേലിയക്കെതിരായ തുടർ തോൽവികൾ തുടർന്ന് ധോണി ടെസ്റ്റ് നായകസ്ഥാനം രാജിവെക്കുന്നു.ഒപ്പം ടെസ്റ്റിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപനവും.2015 ലോകകപ്പിൽ തുടർ വിജയങ്ങളുമായി മുന്നേറിയ ടീമിന് പക്ഷെ കലാശക്കളിക്കു മുന്നേ കാലിടറി.
- ഒരു ഏകദിനത്തിലും കൂടെ ഇന്ത്യയെ നയിച്ചിരുന്നെങ്കിൽ ധോണി 200 മത്സരങ്ങൾ നായകനായി തികച്ചേനെ.
- നയിച്ച 199 ഏകദിനങ്ങളിൽ നിന്നും 110 വിജയം.74 തോൽവി .
- ക്യാപ്റ്റനായി 6693 റൺസ്.
- ഇന്ത്യ കളിച്ച 73 T20 കളിൽ 72 ലും ധോണി ആയിരുന്നു നായകൻ .41 ജയം 28 തോൽവി .
- 60 ടെസ്റ്റിൽ നിന്നും 27 ജയം ,15 വീതം തോൽവിയും സമനിലയും.
ഇന്ത്യയുടെ വിജയ നായകരിലൊരാൾ ,വിക്കറ്റിന് മുന്നിലും പിന്നിലും പതറാത്ത സാനിധ്യം .വിക്കറ്റിന് ഇടയിലെ സൈക്കിളുകൾ ഡബിളുകളാക്കുന്ന മഹേന്ദ്രജാലം.സെക്കന്റിന്റെ നൂറിലൊരു അംശത്തിൽ സംഭവിക്കുന്ന മിന്നൽ സ്റ്റമ്പിങ്ങുകൾ
ധോണിയാണ് വിക്കറ്റിന് പിന്നിൽ എങ്കിൽ ക്രീസ് വിട്ടു പുറത്തിറങ്ങരുത് എന്ന് ഐ സി സി തന്നെ മുന്നറിയിപ്പ് നൽകുന്നു.
സച്ചിൻ ഔട്ട് ആയാൽ ടി വി ഓഫ് ആക്കി പോയിരുന്ന ഇന്ത്യൻ കാണികളെ അവസാന ഓവറിലെ അവസാന ബോളിലേക്ക് ആവേശത്തോടെ നോക്കി ഇരിക്കാൻ ക്രീസിൽ ധോണി മതിയായിരുന്നു.
എതിരാളികളുടെ നീക്കങ്ങൾ മുൻകൂട്ടി കണ്ടു കളിക്കളത്തിൽ തന്ത്രങ്ങൾ മെനഞ്ഞ മനുഷ്യൻ,പ്രതിസന്ധികളിലെ മിസ്റ്റർ കൂൾ പലപ്പോഴും ഹോട് ആയി മാറുന്നതും കണ്ടു.ഡി ആർ എസ് നെ-ധോണി റിവ്യൂ സിസ്റ്റം എന്ന് പോലും വിളിച്ചവർ ഉണ്ട്.സഹകളിക്കാരെ വേണ്ടുവോളം പ്രോത്സാഹിപ്പിച്ച നായകൻ.
മഹേന്ദ്ര സിങ് ധോണി എന്ന ഇന്ദ്രജാലക്കാരനാണ് ഇന്നത്തെ ഇന്ത്യൻ ടീമിനെ പരുവപ്പെടുത്തി എടുത്തത് എന്ന ഓർമയിൽ നിന്ന് വേണം ഇന്ത്യൻ ക്രിക്കറ്റിനെ ഇനി വിരാട യുഗം എന്ന് വിശേഷിപ്പിക്കാൻ..