Perseverance |
പേഴ്സവേറൻസ് (Perseverance) എന്നുപേരുള്ള നാലാമത്തെ മാർസ് റോവർ നാസ കഴിഞ്ഞയാഴ്ച ചൊവ്വാ ഗ്രഹത്തിലേക്ക് അയക്കുകയുണ്ടായി. ഫ്ലോറിഡയിലെ കേപ്പ് കാനവെറൽ എയർഫോഴ്സ് സ്റ്റേഷനിൽ നിന്നും അവരുടെ പടുകൂറ്റൻ റോക്കറ്റ് ആയ സാറ്റേൺ- അഞ്ച് ലായിരുന്നു വിക്ഷേപണം.
480 മില്യൺ കിലോമീറ്റർ വരുന്ന ഈ യാത്ര ഏകദേശം ഏഴ് മാസത്തോളം നീണ്ടുനിൽക്കും. ചൊവ്വയിലുണ്ടായിരുന്നതായി കരുതപ്പെടുന്ന മൈക്രോബുകളെ കുറിച്ചുള്ള ഗവേഷണമാണ് പേഴ്‌സവേറൻസിന്റെ പ്രഥമ ഉദ്ദേശം.
2021 ഫെബ്രുവരിയോടെ ചൊവ്വയിലെ ഇതുവരെ എത്തപ്പെട്ടിട്ടില്ലാത്ത ജേസറോ എന്ന ഗർത്തത്തിൽ ഈ റോവർ ലാൻഡ് ചെയ്യുമെന്ന് കരുതുന്നു. ഈ പ്രദേശത്തെ പാറകൾക്ക് മൂന്ന് ബില്യൺ വർഷത്തെ പഴക്കമെങ്കിലും ഉണ്ടെന്നാണ് അനുമാനം.
ഇവയിൽ നിന്നും സാമ്പിളുകൾ എടുത്ത് 2031ഓടെ പേഴ്‌സവേറൻസ് ഭൂമിയിൽ തിരിച്ചെത്തും. 15 ഗ്രാം സാമ്പിളുകൾ സൂപ്പർ സ്റ്ററിലൈസ് ചെയ്ത ടൈറ്റാനിയം ട്യൂബുകളിൽ ആവും സൂക്ഷിക്കുക.
12000mph വേഗത്തിൽ നിന്നും പൂജ്യത്തിലേക്ക് കൊണ്ടുവന്ന് പേഴ്‌സവേറൻസിനെ ലാൻഡ് ചെയ്യിക്കുന്നതാണ് ദൗത്യത്തിലെ ഏറ്റവും വലിയ കടമ്പയായി നാസ കരുതുന്നത്. കാറിന്റെ വലിപ്പവും, ആറ് ചക്രവുമുള്ള റോവർ, നാസ ഇന്നുവരെ അയച്ചിട്ടുള്ളതിൽ ഏറ്റവും വലിപ്പമേറിയതാണ്.
പത്ത് അടി നീളവും 1,025 കിലോഗ്രാം ഭാരവുമുള്ള ഇതിന്റെ പരമാവധി വേഗത 0.1 mph മാത്രമാണ്. അലുമിനിയവും ടൈറ്റാനിയവും ചേർത്ത് നിർമിച്ചിട്ടുള്ളതാണ് ഇതിന്റെ ചക്രങ്ങൾ.
- പ്ലൂട്ടോണിയം ഇന്ധനമായി ഉപയോഗിക്കുന്ന പേഴ്‌സവേറൻസിൽ 25 തെർമോ സെൻസിങ് ക്യാമറകൾ,
- 2 മൈക്രോഫോൺ
- ഭൂമി തുരക്കാനായുള്ള ഡ്രില്ലുകൾ ഘടിപ്പിച്ച ഏഴ് അടി നീളമുള്ള യന്ത്രക്കൈ
- ലേസർ മുതലായവയുണ്ട്.
- ഇത് കൂടാതെ 'ഇൻജെനുവിറ്റി' എന്നു പേരുള്ള ഒരു കുഞ്ഞൻ ഹെലികോപ്റ്ററും റോവറിലുണ്ട്.
വേറൊരു ഗ്രഹത്തിൽ സ്വയം പറക്കാൻ ശ്രമിക്കുന്ന നാസയുടെ ആദ്യ ഉദ്യമം കൂടെയാണ് ഇൻജെനുവിറ്റി. വരുംകാലത്തിലുള്ള ഗ്രഹപര്യവേക്ഷണത്തിൽ ഇതൊരു നാഴികക്കല്ലാകുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.
ലാൻഡ് ചെയ്ത ഉടനെ റോവർ ഈ കോപ്ടറിനെ റിലീസ് ചെയ്യും. ചൊവ്വയുടെ അന്തരീക്ഷത്തിലുള്ള കാർബൺ ഡൈ ഓക്സൈഡിനെ, ഓക്സിജനാക്കി മാറ്റുവാനുള്ള നാസയുടെ പുതിയ സാങ്കേതികവിദ്യയും പേഴ്‌സവേറൻസിലൂടെ പരീക്ഷിക്കപ്പെടും. ഇത് വിജയമായാൽ ഭാവിയിലെ ചൊവ്വാസഞ്ചാരികൾക്ക് ആ അന്തരീക്ഷത്തിൽ സുഗമമായി ശ്വസിക്കാൻ സാധിച്ചേക്കും.
10 മില്യൺ ആൾക്കാരുടെ പേരുകൾ ആലേഖനം ചെയ്ത അലുമിനിയം ഫലകമാണ് മറ്റൊരു പ്രത്യേകത. ഇതിലേക്ക് പേര് ഉൾപ്പെടുത്താനുള്ള നാസയുടെ പബ്ലിക് ഔട്ട്റീച്ച് പ്രോഗ്രാമിന് കഴിഞ്ഞ വർഷം വൻ വരവേൽപ്പ് ആണുണ്ടായിരുന്നത്.
രെജിസ്റ്റർ ചെയ്തവരുടെ പേരെല്ലാം ആ ഫലകത്തിൽ കൊത്തിവെച്ചിട്ടുണ്ട്. ഇത് കൂടാതെ സൂര്യൻ, ഭൂമി, ചൊവ്വ എന്നിവയുടെ രൂപരേഖയും, കോഡ് ഭാഷയിൽ ' explore as one' എന്ന സന്ദേശവും ഫലകത്തിലുണ്ട്.
മറ്റൊരു അലുമിനിയം പ്ലേറ്റിൽ കൊറോണ വൈറസ് ബാധക്കെതിരെ പോരാടുന്ന ആരോഗ്യപ്രവർത്തകർക്കുള്ള ആദരവും നാസ അർപ്പിച്ചിട്ടുണ്ട്.
SyamMohan
@teamkeesa