മലയാളികൾ അടക്കം വലിയൊരു സെക്സ് റാക്കെറ്റിനെ 2016 ൽ ഖത്തറിൽ അറസ്റ്റ് ചെയ്യപ്പെട്ട സംഭവമാണ് CU SOON ന്റെ ആധാരം.
ബാങ്കിങ് മേഖലയിൽ പ്രവർത്തിക്കുന്ന ജിമ്മി കുര്യൻ (റോഷൻ മാത്യു) ഓൺലൈൻ ഡേറ്റിംഗ് ആപ്പ് വഴി അനു (ദർശന രാജേന്ദ്രൻ) വിനെ പരിചയപ്പെടുന്നു.തങ്ങളുടെ സ്നേഹത്തിന്റെ കാര്യം ജിമ്മി മാതാപിതാക്കളെ അറിയിക്കുകയും മാതാപിതാക്കൾ ബന്ധുവായ കെവിൻ തോമസ് (ഫഹദ് ഫാസിൽ) വഴി കാര്യങ്ങൾ അന്വേഷിച്ചു സമ്മതം മൂളുകയും ചെയ്യുന്നു.പ്രത്യേക സാഹചര്യങ്ങളാൽ വിവാഹത്തിന് മുൻപ് തന്നെ ജിമ്മിക്ക് അനുവിനെ തന്റെ വീട്ടിലേക്ക് കൂട്ടികൊണ്ടു വരേണ്ടി വരുന്നുണ്ട്.കുറച്ചു ദിവസങ്ങൾക്ക് ശേഷം പെട്ടെന്ന് അനുവിനെ കാണാതെ ആകുന്നു.ഐ ടി പ്രഫഷണലായ കെവിന് അനുവിന് എന്താണ് സംഭവിച്ചത് എന്ന് അറിയാനും നിസ്സഹായനായി മാറിയ ജിമ്മിയെ സഹായിക്കാനുമായി നടത്തുന്ന അന്വേഷണമാണ് CU SOON നെ ത്രില്ലിംഗ് കഥയാക്കി മാറ്റുന്നത്.
റോഷൻ വർഗീസ് എന്ന നടന്റെ മികവിനെ കുറിച്ച് പറയാതെ ഫഹദിലേക്ക് പോകാതെ വയ്യ.ആനന്ദത്തിലൂടെ അരങ്ങേറ്റം കുറിച്ച റോഷൻ കപ്പേള കടന്നു CU SOON ന്റെ ഭാഗമായപ്പോഴേക്കും യുവനടന്മാരിൽ വിശ്വാസ്യതയുള്ള,ഉറപ്പുള്ള ഭാവിലേക്കുള്ള കരുതിവെപ്പായി മാറിക്കഴിഞ്ഞു എന്ന് അംഗീകരിക്കുക തന്നെ വേണം.തന്നെ പോലീസ് അറസ്റ്റ് ചെയ്യുമെന്ന് ഭയന്ന് ഫഹദിനെ ഫോൺ ചെയ്യുന്ന ഒരു രംഗമുണ്ട്.വിറയലുള്ള ശബ്ദത്തിൽ റോഷൻ സംസാരിക്കുമ്പോൾ തന്നെ കഥാപാത്രത്തിന്റെ നിരാശയും ദേഷ്യവും ഒക്കെ മിന്നിമായുന്നു.പലപ്പോഴും അത്തരം സാഹചര്യങ്ങൾ വൻ പരാജയമാക്കി മാറ്റുന്ന യുവ നടന്മാരുടെ ഇടയിൽ നിന്നാണ് റോഷൻ വ്യത്യസ്തനാകുന്നത്.ഒരു പക്ഷെ മലയാള സിനിമയിൽ മുൻപ് മമ്മൂട്ടിക്ക് മാത്രം അവകാശപ്പെടാനാകുമായിരുന്ന കഴിവാണ് ശബ്ദത്തിന്റെയുള്ളിലെ വികാരങ്ങളുടെ മാന്ത്രികത.മൂത്തോനിലെ മികച്ച പ്രകടനം മാത്രമല്ല,അദ്ദേഹത്തിന്റെ കരിയറിലെ സിനിമകൾ എടുത്തുനോക്കിയാൽ മനസ്സിലാകും,സിനിമകളെ അല്ല റോഷൻ തിരഞ്ഞെടുക്കുന്നത്,കഥാപാത്രങ്ങളെയാണ്.അത് തന്നെയാവണം സ്ഥിരതയുള്ള അഭിനയം കാഴ്ചവെക്കുവാൻ അദ്ദേഹത്തിന് കഴിയുന്നതും .
ഇതേ രീതിയിൽ കഥകൾ പറയുന്ന അപൂർവം സിനിമകൾ മാത്രമാണ് ലോകത്തു തന്നെ ഇറങ്ങിയിട്ടുള്ളത്.ഏതു ഭാഷയിൽ ആണെങ്കിലും ഒന്ന് പാളിപ്പോയാൽ കടിഞ്ഞാൺ തന്നെ നഷ്ടമാകുന്ന കഥയുടെ ഒഴുക്ക് തന്നെയാണ് പ്രധാന പ്രശനം."സെർച്ചിങ് (searching ..)",DNT F *CK WITH CATS എന്നിവ ശ്രദ്ധയാകര്ഷിക്കപ്പെട്ട സൃഷ്ടികളാണ് .
സിനിമയുടെ ഭൂരിഭാഗം സീനുകളിലും വീടിന്റെ ഉള്ളിലിരുന്നു സംസാരിക്കുന്ന ഫഹദ് പക്ഷെ അതൊന്നും പരിമിതികളായി കണ്ടിട്ടില്ല എന്ന് കെവിൻ എന്ന കഥാപാത്രത്തെ കാണുമ്പോൾ മനസ്സിലാകും .ഐ ടി പ്രൊഫെഷനലിന്റെ സമ്മർദ്ദങ്ങൾ നിറഞ്ഞ അന്തരീക്ഷത്തിൽ നിന്നും മാനുഷികതയുടെ മുഖങ്ങളിലേക്കുള്ള ഫഹദിന്റെ കൂടുമാറ്റം ആരാധനയോടെ കണ്ടിരിക്കേണ്ടതായി തന്നെ കാഴചക്കാരനും തോന്നാം .
ഈ സിനിമയിലെ അനു എന്ന കഥാപാത്രം അവതരിപ്പിച്ച ദര്ശനയുടേതും മികച്ച അഭിനയം തന്നെയായിരുന്നു .ഒരുപക്ഷെ ഈ സിനിമ കരിയറിലെ വഴിത്തിരിവ് ആയി മാറാൻ സാധ്യതയുള്ളതും ദര്ശനുടെ കാര്യത്തിലായിരിക്കും.ക്ലോസപ്പുകളിലൂടെ കഥ പറയുന്ന സിനിമയിൽ അഭിനയം എത്രത്തോളം സൂഷ്മവും കൃത്യതയുള്ളതുമായിരിക്കണം എന്ന് ഓരോ സീനിലും ദര്ശനവും കാണിച്ചു തരുന്നു.
മാലാ പാർവതി ,സൈജു കുറുപ്പ്,അമാൽഡ,കോട്ടയം രമേശ് തുടങ്ങിയവരും തങ്ങളുടേതായ റോൾ അടയാളപ്പെടുത്തിയിട്ടാണ് സിനിമ അവസാനിക്കുന്നത്.
മഹേഷ് നാരായണിന്റെ മികവ് ടേക്ക് ഓഫ് എന്ന സിനിമയിൽ നിന്നും ഉയരുകയാണ് ഈന്നും നമുക്ക് കാണാൻ സാധിക്കും.രചന,എഡിറ്റിംഗ്,സംവിധാനം എന്നിവയിലെ നാരായൺ മികവിന് CU SOON വലിയൊരു ഉദാഹരണം തന്നെയുമാണ്.ഛായാഗ്രഹണം നിർവഹിച്ച സബിന്റെ മികവിനെക്കുറിച്ചും പറയാതെ പോകരുതല്ലോ. ഐഫോണിൽ ചിത്രീകരിച്ച സിനിമ ഇത്രയേറെ മികവോടെ,ക്വാളിറ്റിയിൽ ഒരു വിട്ടുവീഴ്‌ചയുമില്ലാതെ കാണികളിലേക്കെത്തുമ്പോൾ ഛായാഗ്രാഹകനെയും ഓർക്കാതെ വയ്യ.
CU SOON കണ്ടിരിക്കേണ്ട സിനിമ എന്ന് പറയുന്നത് അന്ത്യത്തിൽ സിനിമ മുന്നോട്ട് വെക്കുന്ന ശെരിയായ നിലപാടുകൾ കൊണ്ട് കൂടെയാണ്.ഹാക്കിങ് ,ടെക്നിക്കൽ കാര്യങ്ങളിലെ സാങ്കേതികത്വം (സിനിമയുടേത് അല്ല) എന്നിവയിലെ ചെറിയ ആശയക്കുഴപ്പങ്ങൾ മാത്രമാണ് കടുത്ത വിമർശകർക്ക് മുന്നിൽ പോലുമുള്ളത്.
കുറച്ചുകാലത്തേക്കെങ്കിലും മലയാള സിനിമ CU SOON നു മുൻപും ശേഷവും എന്ന് വിലയിരുത്തപ്പെടും..തീർച്ച