ഹൊഗെനക്കൽ ഒരു വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം മാത്രമല്ല.അനുഭവങ്ങളുടെയും കാഴ്ചകളുടെയും ജല സമൃദ്ധിയാണ്.
ഹോഗ് -കൽ എന്നീ കന്നഡ പേരുകൾ ചേർന്നാണ് ഹൊഗെനക്കൽ എന്ന പേര് ഉണ്ടായത് .ഹോഗ് എന്നാൽ പുക കൽ എന്നാൽ വലിയ പാറ .
നരേൻ എന്ന മോഹൻലാൽ ചിത്രത്തിലൂടെ ജോഷി ആണ് ഹൊഗെനക്കലിന്റെ വിസ്മയങ്ങൾ മലയാളികൾക്ക് മുന്നിലേക്ക് എത്തിച്ചത്.ദിലീപ് നിക്കിഗൽറാണി ജോഡികളുടെ ഇവൻ മര്യാദരാമൻ സിനിമയുടെ ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിച്ച ഈ വെള്ളച്ചാട്ടം തമിഴ് തെലുങ്ക് സിനിമകളുടെ സ്ഥിരം ലൊക്കേഷൻ കൂടെയാണ് ദക്ഷിണേന്ത്യയിലെ നയാഗ്രയാണ് ഹൊഗ്ഗനക്കല്. തമിഴ്നാട്ടിലെ ധർമ്മപുരി ജില്ലയിൽ ഹൊഗെനക്കൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
തമിഴ്നാട്-കർണാടക സംസ്ഥാനങ്ങളുടെ അതിർത്തിയിൽ കാവേരി നദിയിലാണ് ഈ വെളളച്ചാട്ടം. സത്യമംഗലം കാടുകളുടെ ഇടയിൽ മുപ്പത്താറ് വെള്ളച്ചാട്ടങ്ങൾ അടുത്തടുത്ത് കാണാം. വിശാലമായി പരന്നൊഴുകി, ഒടുവില്‍ നദി ആവേഗത്തോടെ ആഴങ്ങളിലേക്ക് കുതിക്കുന്ന കാഴ്ച വിസ്മയം തന്നെ.
തമിഴ്നാട്ടിലേക്കുള്ള കാവേരി നദിയുടെ പാറക്കെട്ടുകൾക്കിടയിലൂടെയുള്ള ഒഴുക്കാണ് ഈ വെള്ളച്ചാട്ടവും അതിനോട് ചേർന്നുള്ള തടാകവും.എണ്ണ തേപ്പ് കുളി, കുട്ട വഞ്ചിയില്‍ മീന്‍ പിടുത്തം, ലൈവ് മീന്‍ പൊരിച്ചത്, ബലി സ്നാനത്തിനായുള്ള ഭക്തരുടെ തിരക്ക്, കുട്ട വഞ്ചിയിലെ ജല യാത്രകള്‍, യുവാക്കളുടെ ആസ്വദിച്ചുള്ള കുളികൾ.ദക്ഷിണേന്ത്യയിലെ മറ്റേതൊരു വെള്ളച്ചാട്ടത്തെയുംകാൾ സഞ്ചാരികൾക്ക് പ്രിയമുള്ളതാക്കി ഹൊഗനകൽ മാറുന്നതിനുള്ള കാരണങ്ങൾ ഇവയൊക്കെയാണ്.
വട്ടവഞ്ചിയിലൂടെയുള്ള ഇവിടത്തെ ജലയാത്രയാണ് ഏറ്റവും കൌതുകകരം. ഭാരം കുറഞ്ഞ ഈ മുളം തോണി വട്ടം കറക്കിയാലും കൂട്ടിയിടിച്ചാലും പ്രശ്നമില്ല. അതേപോലെ ഇവിടുത്തെ "ലൈവ് ഫിഷ് ഫ്രൈ" വളരെ പ്രശസ്തമാണ്. ജലാശയത്തിൽ നിന്നും പിടിക്കുന്ന മീൻ, തത്സമയം തന്നെ വറുത്തു തരുന്ന ഒരുപാട് കച്ചവടക്കാരെ നമുക്ക് ഇവിടെ കാണാൻ കഴിയും.
കർണാടക-തമിഴ്നാട് സംസ്ഥാനങ്ങളിലെ അതിർത്തി ഗ്രാമങ്ങളുടെ പ്രധാനപ്പെട്ട ജീവനോപാധി കൂടെയാണ് ഈ വെള്ളച്ചാട്ടം.ആയിരകണക്കിന് ആളുകളാണ് ഈ വെള്ളചാട്ടത്തോട് അനുബന്ധിച്ചുള്ള സൗകര്യങ്ങളും ആയി ബന്ധപ്പെട്ടുള്ള ജോലിയിൽ ഉള്ളത് .
വെള്ളച്ചാട്ടത്തിലോ അടുത്തുള്ള അരുവികളിലോ കുളിക്കുമ്പോള്‍ പെട്ടെന്ന് മലവെള്ള പാച്ചിലുണ്ടാവാം, ഒഴുക്കുകൂടാം. വഴികളും പാറകളും വഴുക്കാന്‍ സാധ്യതയുണ്ട്. നല്ല ഗ്രിപ്പുള്ള ചെരിപ്പോ ഷൂവോ കരുതണം. അട്ട ശല്യം കൂടും. അതുകൊണ്ട് ഉപ്പുകിഴി, പുകയില കരുതുക. ഗൈഡുകളുടെ നിര്‍ദേശം അനുസരിക്കുക. മദ്യപിച്ച് വെള്ളത്തിലിറങ്ങുന്നത് അപകടകരമാണ്.
മീനവർ -വണ്ണവർ സമുദായങ്ങളിൽ ഉൾപ്പെട്ട ആദിവാസി ജനവിഭാഗങ്ങൾ ആണ് നദിയുടെ ഇരുകരകളും.നദിയിലെ ജലത്തിലെയും മീനിന്റെയും അവകാശം മീനവർക്കാണ്.കരയുടെയും മറ്റ് കാര്യങ്ങളുടെയും അവകാശം വണ്ണവർക്കും.എന്നാലും ഇരു വിഭാഗങ്ങളും തമ്മിൽ കാര്യമായ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകാറില്ല .
മുളയിൽ തീർത്ത കുട്ടവഞ്ചി യാത്ര സഞ്ചാരികൾക്ക് ഏറെ പ്രിയങ്കരമാണ്.തമിഴ്നാട്ടിലെ ധര്‍മ്മപുരി ജില്ലയിലെ ഈ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് ബംഗളൂരുവില്‍ നിന്ന് 140 km, മൈസൂരില്‍ നിന്ന് 80 km, സേലത്തു നിന്ന് 114 km ദൂരമുണ്ട്.
കുട്ടവഞ്ചി ഒഴുക്കിലൂടെ താഴേക്കാണ് പോകുന്നത്.ഒഴുക്കുള്ള ഭാഗങ്ങളിൽ പാറക്കൂട്ടങ്ങളെ വെട്ടിച്ചുമാറ്റിയും ഫോട്ടോ എടുക്കാൻ വേണ്ടി നിർത്തിയും ഉള്ള യാത്രകളൊക്കെ നല്ല രസകരമാണ്.വെള്ളത്തിന്റെ നൂറ്റാണ്ടുകളായി ഒഴുകുന്ന പാതയിലുള്ള ചെറു ഗുഹകൾ ഹൊഗെനക്കലിൽന്റെ പൈതൃക സ്മരണകളിലേക്ക് സഞ്ചാരികളെ എത്തിക്കുന്നു.
ഹൊഗെനക്കലിന്റെ മറ്റൊരു പ്രത്യേകത സഞ്ചാരികൾക്കായി ഒരുക്കുന്ന ഔഷധ കുളിയാണ്.വിദേശികളടക്കമുള്ള ഒട്ടേറെ പേര് പരമ്പരാഗത വൈദ്യന്മാർ എന്ന് ലൈസൻസ് നേടിയ ആൾക്കാർ നടത്തുന്ന കുളിക്കായി മാത്രം ഹൊഗെനക്കൽ സന്ദർശിക്കുന്നു.എണ്ണയും പച്ചമരുന്നുകളും പുരട്ടി വെള്ളമൊഴിഞ്ഞുള്ള പാറകളിൽ കിടക്കും.പിന്നെ എണീറ്റ് വെള്ളച്ചാട്ടത്തിൽ കുളിക്കും.അതാണ് രീതി.
ദക്ഷിണേന്ത്യയുടെ നയാഗ്ര എന്നും തമിഴ്നാടിന്റെ അതിരപ്പള്ളി എന്നുമൊക്കെ ഈ വെള്ളച്ചാട്ടം അറിയപ്പെടുന്നു .സത്യമംഗലം കാടുകളുടെ ഇടയിൽ മുപ്പത്താറ് വെള്ളച്ചാട്ടങ്ങൾ അടുത്തടുത്ത് കാണാം.കോവിഡിന് ശേഷമുള്ള യാത്രകളിൽ കാവേരി എന്ന പുണ്യനദിയും വെള്ളച്ചാട്ടങ്ങളും പുതിയ ഉന്മേഷം നൽകുക തന്നെ ചെയ്യും