തണുത്ത കാറ്റും മേഘങ്ങളും..ചുറ്റും തേയിലത്തോട്ടങ്ങളും ഏലക്കാടുകളും ഇതാണ് മേഘമല.ഏലത്തോട്ടങ്ങളുടെ വിളവെടുപ്പിന്റെ സമയമാണെങ്കിൽ സുഗന്ധം നിറഞ്ഞ യാത്രയി മേഘമല യാത്ര മാറും.തമിഴ്നാട്ടുകാർക്ക് മേഘമല എന്നതിൽ മേഘമലൈ എന്നൊരു ചെറിയൊരു മാറ്റം ഉണ്ട് കേട്ടോ..
തമിഴ്നാട്ടിലെ തേനി ജില്ലയിലാണ് മേഘമല സ്ഥിതി ചെയ്യുന്നത്. തേയിലത്തോട്ടങ്ങളും ഏലക്കാടുകളും ഒക്കെയായി പതിനെട്ടു വളവുകളുള്ള ചുരം കയറി എത്തുന്ന മേഘമല ഭൂമിയിലെ പറുദീസ എന്നാണ് അറിയപ്പെടുന്നത്.
തടാകം, ഹൈവേവിസ് ഡാം, മണലാർ ഡാം, ഇരവഗലർ ഡാം, തേക്കടി വ്യൂ പോയിന്റ്, മഹാരാജാമേട്, കമ്പം വാലി വ്യൂ, മകരജ്യോതി ഹിൽ, മണലാർ വെള്ളച്ചാട്ടം, അപ്പർ മണലാർ എസ്േറ്ററ്റ്, വെണ്ണിയാർ എസ്േറ്ററ്റ് – ഇത്രയുമാണ് മേഘമലയിൽ കാണാനുള്ളത്. തൂവാനം എന്നറിയപ്പെടുന്ന മണലാർ ഡാമിന്റെ തീരമാണ് ഇതിൽ പ്രധാനം. കമ്പം, തേനി ഗ്രാമങ്ങൾ പൂർണമായും അവിടെ നിന്നാൽ കാണാം. അവിടെ നിന്നു കുറച്ചു ദൂരം കൂടി മുകളിലേക്കു നടന്നാൽ തേക്കടി തടാകവും തോട്ടങ്ങളും കാണാൻ പറ്റുന്ന മുനമ്പിലെത്താം. ഇതിനടുത്തുള്ള പച്ചപുതച്ച കുന്നിൽ നിന്ന് മണ്ഡലകാലത്ത് ആളുകൾ മകരജ്യോതി കാണാറുണ്ട്.
മൂന്നാറിനെ തോൽപ്പിക്കുന്ന സൗന്ദര്യമാണ് മേഘമലയുടെ ഏറ്റവും വലിയ പ്രത്യേകത. ഒരു ചെരിഞ്ഞ സ്ഥലത്ത് അടുക്കടുക്കായി വെച്ചിരിക്കുന്ന പോലെ തോന്നിക്കുന്ന തേയിലത്തോട്ടങ്ങൾ മാത്രം മതി മേഘമലയുടെ ഭംഗി തിരിച്ചറിയാൻ. എപ്പോളും വീശുന്ന തണുത്ത കാറ്റും മേഘങ്ങളുടെ സാന്നിധ്യവുമാണ് ഇവിടുത്തെ ആകർഷണം. ആറായിരം എക്കർ തേയിലത്തോട്ടമാണു മേഘമല. 1930ൽ ബ്രിട്ടീഷുകാരാണ് വരുസനാട്ടു മലമുടിയിലെ തണുപ്പുള്ള പ്രദേശം കണ്ടെത്തി തേയിലച്ചെടി നട്ടത്. സ്വാതന്ത്ര്യത്തിനു ശേഷം ഹിന്ദുസ്ഥാൻ ലിവർ കമ്പനി തേയിലത്തോട്ടം ഏറ്റെടുത്തു.
സുരുളി വെള്ളച്ചാട്ടമാണ് മേഘമലൈ വെള്ളച്ചാട്ടം എന്ന പേരിൽ അറിയപ്പെടുന്നത്. മേഘമലയിലെ കുന്നുകളിൽ നിന്നും ഉത്ഭവിക്കുന്ന സുരുളി നദിയാണ് സുരുളി വെള്ളച്ചാട്ടത്തിന്റെ കേന്ദ്രം.
പെട്രോൾ പമ്പ്, എ.ടി.എം. സൗകര്യങ്ങൾ മേഘമലയിലില്ല. ചിന്നമണ്ണൂരാണ് 40 കി.മീ ദൂരെയുള്ള പട്ടണം. മുറി ലഭ്യമാ ണെന്ന് മുന്നേ ഉറപ്പു വരുത്തണം. സമീപത്തുള്ള ചായക്കടയിൽ പറഞ്ഞാൽ ഭക്ഷണം പാചകം ചെയ്തു തരും. എറണാ കുളത്തു നിന്ന് പാലാ- മുണ്ടക്കയം- കുട്ടിക്കാനം- കുമളി- കമ്പം- ഉത്തമപാളയം- ചിന്നമണ്ണൂർ വഴി മേഘമലയിലേക്ക് 250 കി.മീ ദൂരമുണ്ട്. കോഴിക്കോടു നിന്ന് പാലക്കാട്- പൊള്ളാച്ചി- പളനി- ഓടഛത്രം- സെംപെട്ടി- ബെത്തലകുണ്ഡ്- തേനി- ചിന്നമണ്ണൂർ വഴി മേഘമലയിലേക്ക് 410 ദൂരവുമുണ്ട്.