ഈയിടെ കേരളത്തിൽ നടന്ന ഒരു പെൺകുട്ടിയുടെ ആത്മഹത്യയും അതിനേ തുടർന്നുള്ള ചർച്ചകളിലുമാണ് കേരളം.പ്രണയം നടിച്ചു ഉപയോഗിക്കപ്പെടുകയും പിന്നീട് ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പെൺകുട്ടി മരണത്തിന്റെ വഴി തിരഞ്ഞെടുത്തത്.അതിലെ കുറ്റവും ശിക്ഷയും നമ്മുടെ നിയമ സംവിധാനങ്ങൾ കണ്ടെത്തിക്കൊള്ളട്ടെ. എന്നാൽ ആത്മഹത്യക്ക് ശേഷം ഉയർന്ന ചർച്ചകളുടെ ആശയങ്ങളുടെ വിസ്തീർണവും പരപ്പളവും നാം മനസ്സിലാക്കിയേ പറ്റൂ...
'ഇത്തരം പ്രശ്നങ്ങൾ എല്ലാ സ്ത്രീകൾക്കും ഉണ്ടാകുന്നില്ലല്ലോ.. അവളുടെ മോറൽ സൈഡ് ശെരിയല്ല.., ഇങ്ങനെ വസ്ത്രം ധരിച്ചാൽ ആണുങ്ങളെ കുറ്റം പറയാൻ ഒക്കുമോ.. രാത്രിയാകുന്നതിനു മുൻപ് അവൾക്ക് വീട്ടിൽ പൊയ്ക്കൂടെ.. " അതിക്രമം നേരിട്ടിരുന്ന സ്ത്രീകൾ അഭിമുഖീകരിച്ചിരുന്ന സ്ഥിരം ചോദ്യങ്ങൾ ഇവയായിരുന്നു. ഇവയൊക്കെ ഇപ്പോഴും നിലനിൽക്കുന്നുണ്ട് എങ്കിലും "അവൾ നേരത്തെ സമ്മതം നൽകിയിട്ട് ഇപ്പോൾ പരാതിപ്പെടുന്നത് എന്ത്..? എന്ന ചോദ്യത്തിലേക്ക് പതിയെ ചർച്ചകൾ മാറുകയാണ്.
ആ പെൺകുട്ടിയുടെ മരണത്തിനു ശേഷം പെൺകുട്ടികൾക്കുള്ള നിർദേശങ്ങൾ അടങ്ങിയ പോസ്റ്റുകൾ സാമൂഹ്യമാധ്യമങ്ങളിൽ പടർന്നു പിടിച്ചു. പല നിർദേശങ്ങളും ഒടുവിൽ എത്തിനിൽക്കുന്നത് സ്ത്രീയുടെ സമ്മതം സംബന്ധിച്ചുള്ള വാദങ്ങളിലേക്കാണ്.സ്ത്രീക്ക് വിവാഹത്തിന് ശേഷം മാത്രം ലൈംഗികത എന്ന ആശയമാണ് പ്രമുഖ നിർദേശങ്ങളുടെ ആധാരം.
സ്വാഭിമാനമുള്ള സ്ത്രീകളുടെ ആശയ പോരാട്ടത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും ഫലമായി രൂപപ്പെട്ട് വരുന്ന നവോത്ഥന സ്ത്രീ സ്വാതന്ത്ര ചിന്തകൾക്ക് ബദൽ ആയിട്ടാണ് സ്ത്രീ സംരക്ഷണത്തിന്റെ മറവിലെ സ്ത്രീ വിരുദ്ധത രൂപം കൊള്ളുന്നത്.
പ്രമുഖരടക്കം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുള്ള ഒരു പോസ്റ്റിലേക്ക്..അതിന്റെ ചിന്തകളിലേക്ക്
1) Never remove your clothes to prove your love.
ഇത് തീർത്തും ശെരി എന്ന് തോന്നുന്ന കാര്യം തന്നെയാണ്.എന്നാൽ അപ്പോഴും yes/no എന്ന വിവേചനാധികാരം ഓരോ പെൺകുട്ടിക്കും ആൺകുട്ടിക്കും ഉണ്ട്.അത് പറയുവാനുള്ള ആർജ്ജവം കാണിക്കുക എന്നതും പ്രധാനമാണ്.
2) Going to date is okay but before marriage never go to bed.
ഒരാൾ നമ്മുടെ അനുവാദമില്ലാതെ ശരീരം ഉപയോഗിക്കാൻ ശ്രമിച്ചാൽ അത് പീഡന ശ്രമം തന്നെയാണ്. മുൻപും ഇപ്പോഴും 'സമ്മതം' എന്ന പ്രധാനമായ ഒരു കാര്യം ഇതിലുണ്ട്.
സമ്മതത്തിന്റെ അർത്ഥം സമ്മതം, വിസമ്മതം എന്നിവയിൽ മാത്രമൊതുക്കാനാവില്ല.സന്ദർഭത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് സമ്മതത്തിന്റെ അർത്ഥതലങ്ങളും മാറുന്നുണ്ട്.
"മൗനം സമ്മതം "ആയി വ്യാഖ്യാനിച്ചിരുന്ന സാമൂഹിക സ്ഥിതിയിലെ വിവാഹ സമ്മത ചടങ്ങുകൾ പോലും എത്രത്തോളം പ്രഹസനമായിരുന്നുവെന്ന യാഥാർഥ്യം നമുക്ക് മുന്നിലുണ്ട്.
ഒരിക്കൽ സ്ത്രീയോ /പുരുഷനോ ലൈംഗിക ബന്ധത്തിന് സമ്മതം നൽകിയാൽ അത് ശാശ്വതമാണെന്നും നിസ്സഹായത മുതലെടുത്തോ തെറ്റിദ്ധരിപ്പിച്ചോ നേടുന്ന സമ്മതം കുഴപ്പമില്ലെന്നുമുള്ള ഒരു ചിന്ത ഇപ്പോഴും ലൈംഗികതയിൽ നിലനിൽക്കുന്നു.അതിന് പ്രധാന കാരണം പുരുഷ കേന്ദ്രീകൃതമായ ലൈംഗിക സങ്കൽപ്പങ്ങൾ തന്നെയാണ്.
നേരത്തെ ബന്ധത്തിലായിരുന്ന ഒരാൾ ഇപ്പോൾ പരാതിപ്പെടുന്നതിൽ കാമുകൻ അത്ഭുതപ്പെടുന്നു..
അന്യരുടെ അക്രമത്തിനു വിധേയരാകുന്ന 'നിഷ്കളങ്കരായ' സ്ത്രീയോട് സ്വീകരിക്കുന്ന സഹതാപം തന്നെയാണോ ഇവരുടെ കാര്യത്തിൽ വേണ്ടതെന്ന സംശയത്തിൽ സമൂഹവും നിൽക്കും.
2013 ൽ തൊഴിലിടങ്ങളിലെ അതിക്രമങ്ങൾ തടയാനുള്ള നിയമം ഇന്ത്യ രൂപീകരിച്ചിട്ടുണ്ട്.
നിർഭയ സംഭവത്തോട് അനുബന്ധിച്ചു അതേ വർഷം ക്രിമിനൽ നിയമങ്ങളിലും മാറ്റം വന്നു.പഴയ നിയമങ്ങൾ അനുസരിച് പരാതിക്കാരിയായ സ്ത്രീ അവരുടെ സ്വഭാവ ശുദ്ധി നിയമത്തിനു മുന്നിൽ തെളിയിക്കേണ്ടിയിരുന്നു.അതായത് മുൻപ് ഭർത്താവല്ലാത്ത മറ്റൊരു പുരുഷനുമായി ബന്ധമുള്ളവളാണെങ്കിൽ, നടന്ന പീഡനം അവളുടെ സമ്മതപ്രകാരം ആയിരുന്നു എന്ന വിലയിരുത്തലിലേക്ക് കോടതികൾ എത്തുമായിരുന്നു.ഒന്ന് ആലോചിച്ചു നോക്കൂ.. എത്ര പ്രാകൃതമായ നിയമങ്ങൾ ആയിരുന്നു അത് എന്ന്..
എന്നാൽ ഇപ്പോൾ നിയമത്തിൽ മാറ്റം വന്നു.ഇന്ത്യൻ എവിടെൻസ് ആക്ടിലെ പരിഷ്കരണങ്ങൾ സ്വഭാവശുദ്ധി എടുത്തുകളഞ്ഞിരിക്കുന്നു.നിയമത്തിൽ മാത്രമല്ല, നിയമനിർമാണത്തിലേക്ക് നയിക്കപ്പെട്ട പൊതുബോധത്തിലും ഉണ്ടായ വലിയ മാറ്റമാണ് അത്. നിയമപരമായ വശങ്ങൾ ചൂണ്ടികാണിച്ചത് ലൈംഗികതയിലെ സമ്മതം നിയമം നൽകുന്ന അവകാശം ആണെന്ന് ചൂണ്ടികാണിക്കുവാനാണ്.
മറ്റൊരു കാര്യം, ലൈംഗികതയും ശരീരത്തിന്റെ മറ്റേതൊരു കാര്യം പോലെ സാധാരണമായൊരു പ്രവർത്തനം തന്നെയാണ്.എന്നാൽ ജീവിതത്തിന്റെ അടിസ്ഥാനം തന്നെ ചാരിത്രമാണ് എന്നുള്ള വാദങ്ങളുടെ പിറവി പുരുഷനിൽ നിന്നുമാണ്.
പുരുഷൻ മറ്റനേകം സ്ത്രീകൾക്കൊപ്പം കിടന്നാൽ അത് അഭിമാനവും, സ്ത്രീക്ക് മറ്റൊരു പുരുഷന്റെ കൂടെയുള്ള സംസാരം പോലും അപമാനവും ആകുന്ന പൊതുബോധങ്ങളുടെ നിലവാരത്തിലേക്കാണ് ആത്മഹത്യയ്ക്ക് ശേഷമുള്ള പല അഭിപ്രായങ്ങളും നീണ്ടത്.
ലൈംഗികാനന്ദത്തെയും ലൈംഗിക താത്പര്യങ്ങളെയും രണ്ടായി തന്നെ കാണേണ്ടതുണ്ട്. ലൈംഗിക താത്പര്യം എന്നത് കൊണ്ടുദേശിക്കുന്നത് ഒരു വ്യക്തിയെ അതിലേക്ക് നയിക്കുന്ന കാരണങ്ങളാണ്. വിവാഹം മുതൽ ലൈംഗിക തൊഴിൽ വരെ ഇത് നീണ്ടുകിടക്കുന്നുണ്ട് താനും. വിവാഹം നിയമപരമായ സാധുതയാണെങ്കിലും അത്യന്തികമായി 'ഉപജീവനം' ആണ് ലൈംഗിക താത്പര്യങ്ങളുടെ ആധാരം.
സമ്മതം പ്രധാനമാണ് എന്ന് ചൂണ്ടികാണിക്കേണ്ടി വരുന്ന സാഹചര്യങ്ങളെ ആണ് മുകളിൽ സൂചിപ്പിച്ചത്.
3) Get a boy who asks about your period pain, not for nudes.
അടുത്ത കാലത്തായി tik tok ലും മറ്റും ആർത്തവ കാലത്തെ സ്നേഹം, എന്ന പ്രഹസനം കാണിച്ച് കയ്യടി നേടിയ കുറേ പേരുണ്ട്. ആർത്തവ സമയത്ത് മാത്രം പ്രത്യേക സംരക്ഷണം കാണിച്ചാൽ മാത്രമാണോ അവൻ ഉത്തമപുരുഷൻ ആവുന്നത്..?
പുരുഷനെപ്പോലെ തന്നെ സ്ത്രീയും ജനാധിപത്യപരമായി പൗര ആണ്. എന്നാൽ ഇന്ത്യയിലെ സാമൂഹികന്തരീക്ഷം ഇപ്പോഴും അത് അംഗീകരിച്ചു കൊടുക്കാൻ തയ്യാറാകുന്നില്ല.
ആർത്തവം സ്നേഹപൂർവ്വമായ കൂടെയിരിക്കലുകൾ ആവശ്യമുള്ള സമയമാണ്. എന്നാൽ എപ്പോഴും കാരണമായി ആർത്തവത്തെ ഉയർത്തി കാണിക്കുന്നത് സ്ത്രീയെ ആ ചട്ടകൂടിലേക്ക് ഒതുക്കുന്നതിനുള്ള ശ്രമങ്ങളുടെ കൂടെ ഭാഗമാണ്.
നിയമങ്ങളിലെ അനുകൂല മാറ്റങ്ങൾ സ്ത്രീകളിൽ തുറന്നുപറച്ചിലുകൾക്ക് അവസരമൊരുക്കിയത് പുരുഷന്മാരിൽ അമ്പരപ്പ് ഉണ്ടാക്കിയിട്ടുണ്ട്.ലൈംഗിക ബന്ധത്തിലെ സമ്മതത്തെ കുറിച്ചും, ഗാർഹിക പീഡനത്തെ കുറിച്ചും ശരീരിക അതിക്രമങ്ങളെ കുറിച്ചും സംസാരങ്ങൾ ഉണ്ടായി.
ഇന്ത്യയുടെ സാഹചര്യങ്ങളിൽ സ്ത്രീ പരിശീലിപ്പിക്കപ്പെടുന്നത്, സ്വന്തം ലൈംഗികത അടിച്ചമർത്തുവാനും താലി കെട്ടിയ ആളോടുള്ള വിധേയത്വമായി അത് പ്രകടിപ്പിക്കാനുമാണ്.ഈ ഒരു വിനിമയത്തിന് നിശബ്ദത ധാരാളം മതിയാകും.സ്ത്രീ ശബ്ദങ്ങളെ ഉയരനാകാതെ ഒതുക്കുന്നതിനു പിന്നിൽ ആർത്തവം എത്രയോ കാലങ്ങളായി പുരുഷന്മാർ ഉപയോഗിച്ചുവരുന്നു.ചില സ്ഥാനങ്ങൾ നൽകി സ്ത്രീയെ സമൂഹത്തിൽ ചിലയിടങ്ങളിൽ പ്രതിഷ്ടിക്കുകയാണ് ഇപ്പോൾ അരങ്ങേറുന്നത്.
4) Get a boy who can buy safety pads for you not condoms.
അതെന്താ condom അത്ര മോശം വസ്തുവാണോ. മുകളിൽ പറയുന്ന ഈ രണ്ടു വസ്തുക്കളും സുരക്ഷിതത്വത്തിന്റെ ഭാഗമല്ലേ. ആവശ്യം വരുന്ന സമയത്ത് ഉപയോഗിക്കാൻ ഉള്ളതാണ് രണ്ടും.സ്ത്രീക്ക് വേണ്ടത് സംരക്ഷണം മാത്രമാണ്. സ്നേഹിക്കപ്പെടാൻ അവൾക്ക് അവകാശമില്ലേ...
സ്ത്രീയുടെ ഇഷ്ട്ടാനിഷ്ടങ്ങൾക്ക് യാതൊരു വിലയും ഇല്ലേ.. സ്ത്രീ അവളുടെ വിചാരങ്ങൾ പ്രകടിപ്പിക്കാൻ പാടില്ല, വികാരങ്ങൾ പ്രകടിപ്പിക്കാൻ പാടില്ല.അതൊന്നും കുലീനതയുടെ ലക്ഷണങ്ങൾ അല്ലത്രേ.അങ്ങനെയുണ്ടാകുന്ന മൗനം സമ്മതമായും വ്യാഖ്യനിക്കാം.
അവൾ ഉറക്കെ നിലവിളിച്ചിരുന്നെങ്കിൽ എന്നത് ഒത്തിരിയേറെ കൊട്ടിഘോഷിക്കപ്പെട്ട സിനിമ ഡയലോഗ് ആണ്.ഒന്ന് ആലോചിച്ചു നോക്കൂ.. ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്തിട്ട് കാരണമായി പറഞ്ഞത് അവൾ കരഞ്ഞില്ല എന്ന കാരണം. അത് കേട്ട് സ്ത്രീകളടക്കമുള്ള മലയാളി പ്രേക്ഷകർ പെൺകുട്ടിയെ കുറ്റം വിധിച്ചു.കുറ്റം പറയുകയല്ല, വ്യവസ്ഥാപിതമായ പുരുഷ കേന്ദ്രീകൃത സമൂഹത്തിനു അതൊരു കാരണമായി തന്നെ തോന്നി എന്നതാണ് വസ്തുത. വിസമ്മതം പ്രകടിപ്പിച്ചില്ലെങ്കിൽ സമ്മതമായാണോ എടുക്കേണ്ടത്..?
അനുകൂലമായ സാമൂഹികന്തരീക്ഷത്തിൽ നിലനിന്നു കൊണ്ടുമാത്രമേ നിയമങ്ങളെ ഫലപ്രദമാക്കാൻ കഴിയൂ. സാമൂഹിക മാറ്റങ്ങൾ നിയമം മൂലം രൂപപ്പെടേണ്ടതുണ്ട്.
നിയമങ്ങളുടെ കഠിന സ്വഭാവത്തിലല്ല, സമൂഹത്തിന്റെ പരിവർത്തനം സാധ്യമാക്കുന്ന നിലയിൽ ഉചിതമായ ഉപയോഗത്തിലാണ് കാര്യം ഇരിക്കുന്നത്.നടപ്പാക്കുന്ന നിയമങ്ങൾ ജനങ്ങളും, നിയമജ്ജ്നരും, നിയമപാലകരും എങ്ങനെ ഉൾകൊള്ളുന്നു എന്ന് കൂടെ മനസ്സിലാക്കണം.മാറുന്ന സമൂഹത്തിനനുസരിച് നിയമത്തിലും മാറ്റം വരണം.കോടതികളിൽ കെട്ടികിടക്കപ്പെട്ട കേസുകളുടെ വിചാരണ നടപടികൾ വേഗത്തിലാക്കേണ്ടതുണ്ട്.
നിലവിൽ നമ്മുടെ നാട്ടിൽ പീഡന കേസുകൾ അനന്തമായി നീണ്ടുപോകാനുള്ള പ്രധാന കാരണം ലൈംഗിക ദാരിദ്ര്യമല്ല, കോടതി ദാരിദ്ര്യമാണ്. അതിനാൽ കോടതികളുടെ എണ്ണം കൂട്ടി പീഡന കേസിലെ പ്രതികൾക്ക് വേഗത്തിൽ ശിക്ഷ ലഭിക്കാൻ വേണ്ട സാഹചര്യം ഉണ്ടാക്കണം.
അതോടൊപ്പം സ്ത്രീസംരക്ഷണ നിയമങ്ങൾ സ്വാർഥ താല്പര്യാർത്ഥം ദുരുപയോഗം ചെയ്യുന്നവർക്കും പീഡനക്കേസിലെ പ്രതിക്ക് നൽകുന്നത് പോലെ വലിയ ശിക്ഷ നൽകണം.
ഇപ്പോഴും ആത്മഹത്യ ചെയ്ത പെൺകുട്ടി എന്ന് ആവർത്തിക്കുന്നതിനു പിന്നിൽ ഇനിയും അവളെ വലിച്ചു കീറാൻ ആഗ്രഹമില്ലാത്തതുകൊണ്ടാണെന്നു മാത്രം കരുതുക.മതപരമായ വേലിക്കെട്ടുകൾ അവൾ തകർത്തു അതുകൊണ്ട്.... എന്ന് സാമൂഹികമാധ്യമങ്ങളിൽ വാദിക്കുന്നവർ സ്വന്തം വിലയും നിലയും അളക്കുക.പെണ്ണിനും ആണിനും രണ്ട് നിയമങ്ങൾ ഉള്ള മതമാണ് നിങ്ങളുടെ എങ്കിൽ അതിലെന്തെങ്കിലും കുഴപ്പമുണ്ടാകില്ലേ.. ഇനി മതങ്ങളുടെ വിശുദ്ധമായ ആശയത്തെ വികലമാക്കി മനസ്സിലാക്കിയതിന്റെ ഫലമാണെങ്കിൽ പെണ്ണിനെതിരെ വാദിക്കാൻ ഇറങ്ങിത്തിരിക്കും മുൻപേ തിരുത്തലുകൾ ആണിനിടയിൽ നടത്തുക തന്നെ വേണം..
പൗരത്വം എന്ന ആശയത്തിൽ തന്നെ ലൈംഗിക പൗരത്വവും ഉൾക്കൊള്ളുന്നു.
- മറ്റുള്ളവരുടെ നിയന്ത്രണം ഇല്ലാതെയുള്ള ലൈംഗിക അഭിലാഷങ്ങളുടെ പ്രകടനം.
- ശരീരത്തിന് മേലുള്ള സ്വയം നിയന്ത്രനാവകാശം
- ഭയമില്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള അവകാശം
- ലൈംഗികാഭിമുഖ്യത്തിന്റെ പേരിൽ വിവേചനമില്ലാതെ ഇണയെ തിരഞ്ഞെടുക്കുന്നതിനുള്ള സ്വാതന്ത്ര്യം എന്നിവയൊക്കെ അതിൽ ഉൾപ്പെടുന്നു.
നിർഭയ, സൗമ്യ കേസുകളിൽ ഉണ്ടായതുപോലെ ഇത്തരമൊരു അവസ്ഥയിലേക്കെത്തുന്ന സാമൂഹിക ക്രമത്തെ പരിശോധിക്കുന്നതിനേക്കാൾ പ്രതിക്ക് വലിയ ശിക്ഷ നൽകുന്നതിൽ മാത്രമായി സർക്കാരിന്റെയും പൊതുജനത്തിന്റെയും ശ്രദ്ധ മാറും.
വൈകാരികത ഇളക്കിവിടാൻ എളുപ്പമാണ്.പെൺകുട്ടിയുടെ മരണത്തിലും നാം അത് കണ്ടു. വോയറിസം (voyeourism) അതായത് സ്ത്രീയെ നോക്കി ആസ്വദിക്കുന്ന പ്രവൃത്തി പലപ്പോഴും ഈ അതിവൈകാരികതയ്ക്ക് പിന്നിൽ മറഞ്ഞിരിപ്പുണ്ടായിരുന്നു എന്നതും യാതാർഥ്യം തന്നെയാണ്....
തലക്കെട്ട്,ആശയ സഹായം :മാതൃഭൂമി