വായിക്കുക ...വായിച്ചുകൊണ്ടേ ഇരിക്കുക.ഭാഷ ഒരു സംസ്കാരത്തിലേക്കുള്ള വേരുകൾ ആണെങ്കിൽ വായന ആ വേരുകളിലൂടെയുള്ള യാത്രയാണ്.വായന ഒരു മനുഷ്യനെ പൂർണനാക്കിമാറ്റുന്നു എന്ന് ഫ്രാൻസിസ് ബേക്കൺ.അറിവ് നേടുന്നതിനുള്ള പ്രധാന മാർഗ്ഗവും വായന തന്നെയാണ്.
വിശക്കുന്ന മനുഷ്യ പുസ്തകം കയ്യിലെടുക്കൂ ..അതൊരു ആയുധമാണ് എന്ന് പറഞ്ഞ ബ്രെത്ഹോൾഡ് ബ്രെഹ്ത് മുന്നിലേക്ക് വയ്ക്കുന്നതും വായനയുടെ വിശാലമായ ലോകത്തിന്റെ ആശയമാണ്.
സമൂഹവളർച്ചയുടെ ഏറ്റവും സമ്പന്നമായ കാലഘട്ടത്തിലാണ് മനുഷ്യൻ ആശയവിനിമയത്തിന്റെ കരുതിവെപ്പുകളായ ഭാഷയിലേക്ക് നീങ്ങിയത്.ശബ്ദങ്ങളിൽ നിന്നും അക്ഷരങ്ങളിലേക്കും അക്ഷരങ്ങളിൽ നിന്നും വാചകങ്ങളിലേക്കും വായന പടർന്നു കയറി.സംസാര ഭാഷയുടെ രേഖപ്പെടുത്തലുകളിൽ നിന്നാണ് വായന ആരംഭിച്ചിരിക്കുക.അതുകൊണ്ടു തന്നെ വായനയ്ക്ക് മുൻപ് മനുഷ്യൻ എഴുതാൻ പേടിച്ചിരുന്നു എന്ന് വേണം അനുമാനിക്കുവാൻ.വയനാട് ജില്ലയിലെ എടക്കൽ ഗുഹയിലെ ശിലാചിത്രങ്ങൾ എഴുത്തിന്റെ ആദ്യരൂപങ്ങളിലേക്ക് വിരൽ ചൂണ്ടുന്നവയാണ്.
കല്ലിലും മണ്ണിലും എഴുതി തുടങ്ങിയ ആദിമ മനുഷ്യർ കൂടുതലും രേഖപ്പെടുത്താൻ ശ്രമിച്ചത് മതപരവും വേട്ടയാടൽ ചരിത്രവുമൊക്കെ ആയിരുന്നു.മൺകട്ടകളിൽ നിന്നും മൃഗത്തിന്റെ തോലുകളിലേക്കും മരപ്പലകളിലേക്കും എഴുത്തിന്റെ രീതി മാറിയതോടെ കൈമാറ്റം ചെയ്യപ്പെടുന്ന ആശയങ്ങൾ സൃഷ്ടിക്കപ്പെട്ടു.പിന്നീട് ഓലകളായി,പേപ്പറുകളായി...
കടലാസിന്റെ കണ്ടുപിടുത്തമാണ് വായനയെ കൂടുതൽ ജനകീയവത്കരിച്ചത്.പണ്ഡിതന്മാരും രാജാക്കന്മാരും ഉപയോഗിച്ചിരുന്ന ഓലകളെക്കാൾ ജനകീയത വായനയ്ക്ക് കൈ വരുവാൻ കടലാസ്സ് സഹായിച്ചിട്ടുണ്ട്.
മനുഷ്യന്റെ ബൗദ്ധികപരമായ വളർച്ചയും ചിന്തയും ഭാവനയും അപഗ്രഥന ശേഷിയും വളരുന്നത് വായനയിലൂടെ മാത്രമാണ്.
അനുഭവങ്ങളുടെ പങ്കുവെക്കലുകളിലൂടെയാണ് മനുഷ്യൻ പുതിയ അറിവിലേക്ക് വളരുന്നത്.പങ്കുവെക്കലുകളുടെ ചരിത്രത്തിൽ കടലാസില്ലാതെയുള്ള ഒരു ലോകം ഒന്ന് ആലോചിച്ചു നോക്കൂ.ഹെർമൻ ഗുണ്ടർട്ട് അച്ചടി യന്ത്രം കണ്ടെത്തിയതോടെ രേഖപ്പെടുത്തലും വായനയും കൂടുതൽ ജനകീയമായി.കംപ്യുട്ടറുകൾ വന്നു..ലാപ്ടോപ്പ് വന്നു..സ്മാർട്ഫോണുകളുടെ വരവ് വായനയുടെ പുതിയ തലങ്ങളിലേക്ക് കൂടെയായിരുന്നു.
കോവിഡിനോട് ചേർന്നുള്ള ലോക്ക് ഡൌൺ ദിനങ്ങളും വീട്ടിലിരിപ്പും,സ്കൂളുകൾ അടച്ചതും ഇ -വായനയുടെ സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.ഒരു മനുഷ്യൻ അവന്റെ ദിവസത്തിൽ കൂടുതൽ സമയവും വായനയ്ക്കായി മാറ്റുന്നുണ്ട്.
ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ വായന സാധ്യമാകാതെ ദൈനം ദിന ജീവിതം മുന്നോട്ട് പോവുകയില്ല എന്നത് യാഥാർഥ്യമാണ്.പത്രം,മറ്റു മാഗസിനുകൾ,ഫേസ്ബുക് വാട്സാപ്പ് മെസ്സേജുകൾ തുടങ്ങി വായന നീളുകയാണ്....
കാലഘട്ടം മാറിയതോടെ ഇ -വായനയിലേക്ക് എല്ലാവരും മാറി.ഇ-വായനയുമായി കൂട്ടി യോജിപ്പിച്ചു പിടിച്ചു നില്ക്കാൻ പാടുപെടുകയാണ് കടലാസ്സ് മാധ്യമങ്ങൾ.എങ്കിലും സാമൂഹ്യമാധ്യമങ്ങളുടെ പോസ്റ്റുകൾ പങ്കുവെച്ചും ,സാമൂഹ്യ ഇടങ്ങളിലെ ഇടപെടലുകൾ സജീവമാക്കിയും ,QR Code പോലുള്ള സങ്കേതങ്ങൾ ഉപയോഗിച്ചും ഇ വായനയിലേക്ക് പരമ്പരാഗത വായനക്കാരെയും എത്തിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
ഇന്നത്തെ രക്ഷകർത്താക്കൾ പ്രോത്സാഹിപ്പിക്കുന്ന വായന പാഠപുസ്തകങ്ങളെ മാത്രമാണ്.എന്നാൽ കുട്ടികളുടെ ചിന്ത ശക്തിയെയും ഭാവനയെയും വളർത്തുന്ന വായനകൾ കുറ്റിക്കായി നല്കപ്പെടേണ്ടതായുണ്ട്.തെരുവ് വിളക്കിന്റെ ചുവട്ടിലിരുന്നു പഠിച്ച എബ്രഹാം ലിങ്കണും,ഇന്ത്യയുടെ ശാസ്ത്ര അഭിമാനമായ മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൾകലാമും അടക്കം ജീവിതത്തിൽ മുന്നേറിയ എല്ലാവരുടെയും ജീവിതത്തിൽ പുസ്തകങ്ങൾക്കും വായനയ്ക്കും വലിയ സ്ഥാനമുണ്ട് .
വായന എങ്ങനെ തുടങ്ങണം..?
ഭൂരിഭാഗം മാതാപിതാക്കളുടെയും ചോദ്യമാണ് വായന എങ്ങനെയാണു തുടങ്ങേണ്ടത് എന്നത്.ചെറിയ പ്രായം മുതലുള്ള ക്ലാസ്സുകളിലെ പാഠഭാഗങ്ങൾ കുട്ടികളെ വായനയിലേക്ക് അടുപ്പിക്കുന്ന തരത്തിൽ ആയിരിക്കണം.ആകർഷണമായ ഭാഗങ്ങൾ ചെറിയ കുട്ടികളുടെ മുന്നിൽ വായനയ്ക്കായി ഒരുക്കണം.
പഠനത്തിന്റെ ആദ്യകാലങ്ങളില്‍ (പ്രൈമറി തലത്തില്‍) കുഞ്ഞിക്കവിതകളും കഥകളും വായിച്ചുകൊടുക്കണം. കൗതുകവും താത്പര്യവും ജനിപ്പിക്കുന്ന വിധത്തിലാവണം അവ അവതരിപ്പിക്കേണ്ടത്. പേടിപ്പിക്കുന്നതോ തെറ്റായ സന്ദേശങ്ങള്‍ നല്കുന്നതോ ആയ കഥകള്‍ വായിച്ചുകൊടുക്കരുത്.
തുടര്‍ന്ന് ബാലമാസികകളിലേക്കും ചിത്രകഥകളിലേക്കും കുട്ടികളുടെ വായനയെ നയിക്കണം. സമീപത്തുള്ള ലൈബ്രറികളില്‍ അംഗത്വം എടുക്കുന്നതും ഒഴിവുസമയങ്ങളില്‍ വായനശാല സന്ദര്‍ശിക്കുന്നതും അഭിലഷണീയമാണ്. സ്കൂളില്‍ ലൈബ്രറി ഉണ്ടെങ്കില്‍ അതും പ്രയോജനപ്പെടുത്തുക.
ബാലമാസികകളില്‍നിന്ന് കുട്ടികള്‍ക്കായി തയ്യാറാക്കിയ ലോക ക്ലാസിക് കഥകളിലേക്കും ഡിറ്റക്ടീവ് നോവലുകളിലേക്കും അല്പാല്പമായി വായനയ്ക്ക് പരിണാമം സംഭവിക്കേണ്ടതുണ്ട്. കുട്ടികളുടെ വയസ്സ് ഉയരുന്നതിനനുസരിച്ച് അഭിരുചികളിലും വ്യത്യാസങ്ങള്‍ വരിക സ്വാഭാവികമാണല്ലോ. തുടര്‍ന്ന് ജനപ്രിയ സാഹിത്യകാരന്മാരുടെ രചനകളെ പരിചയപ്പെടുത്തണം.
അവിടെനിന്ന് അല്പാല്പമായി വായന ഗൗരവസ്വഭാവത്തിലേക്ക് മാറുകയും വേണം. ജീവചരിത്രങ്ങള്‍, ആത്മകഥകള്‍, യാത്രാവിവരണങ്ങള്‍ എന്നിവയും തുടര്‍ന്ന് വായിച്ചുതുടങ്ങുക. ഈ കാലയളവിലെല്ലാം നിത്യവും രണ്ട് ദിനപത്രങ്ങളെങ്കിലും വായിക്കാനും അവയിലെ പ്രധാനപ്പെട്ട വാര്‍ത്തകള്‍ ഒരു നോട്ട്ബുക്കില്‍ കുറിച്ചുവെക്കുന്നതും ശീലിക്കുക. ഈ ബുക്കുകള്‍ സൂക്ഷിച്ചുവെച്ചാല്‍ ഭാവിയില്‍ മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കാനിവ ഉപകരിക്കും.
ധാരാളം വായിക്കുക എന്നതിലല്ല ..വായന എത്രത്തോളം ഉൾകൊണ്ടുകൊണ്ടാണ് വായിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും അർത്ഥതലങ്ങൾ.
നവമാധ്യമങ്ങളുടെ വരവോടു കൂടെ വായനയുടെ വാതായനങ്ങൾ കൂടുതൽ തുറക്കുകയാണ് ചെയ്തത്.
ജൂൺ 19 കേരളത്തിൽ വായന ദിനമായി ആചരിക്കുന്നു.കേരളത്തിന്റെ നവോഥാന മാറ്റങ്ങൾക്ക് ശക്തി പകർന്ന ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന കെ ൻ പണിക്കരുടെ ജന്മദിനമായിരുന്നു ഈ ദിനം.