സൂറ്രരയ് പോട്രു എന്ന തമിഴ് ചലച്ചിത്രം മികച്ച അഭിപ്രായം നേടി ആമസോൺ പ്രൈമിൽ പ്രദർശനം തുടരുകയാണ്.ഡെക്കാൻ എയർവെയ്‌സ് സ്ഥാപകൻ ക്യാപ്റ്റൻ ജി ആർ ഗോപിനാഥൻന്റെ simply fly എന്ന ജീവചരിത്രത്തെ ആസ്പദമാക്കി നിർമിച്ച ചിത്രം ഇന്ത്യൻ വ്യോമയാന മേഖലയുടെ ജനകീയ വത്കരണത്തിന്റെ ചരിത്രമാണ് പറയുന്നത്.എന്നാൽ ഈ പറയുന്നത് മറ്റൊരു കഥയാണ്.എയർ ഡെക്കാൻ ആരംഭിക്കുന്നതിനും മുൻപ് ആകാശത്ത് സ്വന്തം വിമാനം പറത്തിയ മലയാളിയുടെ കഥ.
1991 ഇന്ത്യയുടെ വ്യോമയാന മേഖലയെ കൂടുതൽ മത്സര ക്ഷമമാക്കി മാറ്റുക എന്ന ഉദ്ദേശത്തോടെ കേന്ദ്ര സർക്കാർ പുതിയ കമ്പനികൾക്ക് ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്ന സമയം.അപ്പോഴാണ് തിരുവനന്തപുരം വർക്കല സ്വദേശിയായ തകിയുദീൻ വാഹിദ് തിരുവനന്തപുരം ആസ്ഥാനമാക്കി ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് ആരംഭിക്കുന്നത്.ക്യാപ്റ്റൻ ഗോപിനാഥ് 1997ൽ എയർ ഡെക്കാൻ ആരംഭിക്കുന്നതിനും മുൻപ്.ഇന്ത്യയിൽ ഉടനീളം സർവീസുകൾ നടത്തിയ ആദ്യത്തെ എയർ ടാക്സി കമ്പനി.
എയർ ഇന്ത്യയും,ഇന്ത്യൻ എയർലൈൻസും കയ്യടക്കി വെച്ചിരുന്ന വ്യോമയാന മേഖല കൂടുതൽ നിക്ഷേപകർക്കായി തുറന്നു കൊടുത്തത് "open skies policy" പ്രകാരമാണ്.ബോംബെയിൽ ചെറിയ ബിസിനസ്സുകൾ നടത്തിയിരുന്ന തകിയുദീൻ വാഹിദ് വിമാന സർവീസുകൾ ആരംഭിക്കുന്നത്.തുടക്കത്തിൽ മൂന്നു Boeing 737-200s വിമാനങ്ങൾ ആണ് തകിയുദീന്റെ ഈസ്റ്റ് വെസ്റ്റ് എയർലൈൻസിന്റെ ഭാഗമായി ഉണ്ടായിരുന്നത്.പിന്നീട് നാലെണ്ണം കൂടെ വാങ്ങുകയും ആകെ ഏഴു വിമാനങ്ങൾ സർവീസുകൾ നടത്തുകയും ചെയ്തിരുന്നു.ഇതേ സമയം തന്നെ നരേഷ് ഗോയൽ ജെറ്റ് എയർവേയ്സ് നും രൂപം നൽകി.
എന്നാൽ തുടക്കത്തിലെ വൻ ലാഭത്തേക്കാൾ തകിയുദീൻ വാഹിദ് തന്റെ കമ്പനിയെ ആനന്ദകരമായ യാത്രയുടെ ഇടമാക്കി മാറ്റുവാനാണ് ശ്രമിച്ചത്.സുന്ദരിമാരായ ക്യാബിൻ ക്രൂ,ശീതള പാനീയങ്ങൾ,മികച്ച ഭക്ഷണം,കൃത്യനിഷ്ഠ. മികച്ച സർവീസ്.. ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് ഏറ്റവും കൂടുതൽ ആൾക്കാർ ഉപയോഗിക്കുന്ന സ്വകാര്യ വിമാന കമ്പനിയാകുവാൻ അധിക താമസം ഉണ്ടായില്ല.
ഒൻപതാം ക്‌ളാസ് വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന തകിയുദീൻ വാഹിദ് അനവധി ഭാഷകൾ അനായാസം കൈകാര്യം ചെയ്തിരുന്നു .യാത്രക്കാരുടെ ഫീഡ്ബാക്ക് അവരറിയാതെ വിമാനത്തിൽ ഒപ്പം യാത്ര ചെയ്ത് സംഘടിപ്പിച്ചു,ജനങ്ങളുടെ മനസ്സറിഞ്ഞു. ഒരു മികച്ച ബിസിനസ്സ്മാൻ.
മുംബൈ കേന്ദ്രമാക്കി അധോലോക സംഘങ്ങൾ ശക്തിയാർജ്ജിക്കുന്ന കാലം.കോര്പ്പറേറ്റുകളുടെ നിയന്ത്രണം ദാവൂദിന്റെയും ചോട്ടാ ഷക്കീലിന്റെയും നേതൃത്വമുള്ള ഡി-കമ്പനിക്കും.സാധാരണക്കാരായ യാത്രക്കാരെ ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് കാര്യമായി ആകർഷിക്കുന്നുണ്ട് എന്ന് മനസ്സിലാക്കിയ എതിരാളികൾ,അധോലോക സംഘങ്ങളുടെ സഹായത്തോടെ കമ്പനി തകർക്കുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു.വളർന്നു കൊണ്ടിരിക്കുന്ന ഇന്ത്യൻ ഇക്കണോമിയിൽ വിമാന സർവീസുകൾ ആരംഭിക്കുന്നത് വൻ സാധ്യതയാണ് എന്ന് കോർപ്പറേറ്റുകൾ പതിയെ തിരിച്ചറിഞ്ഞു.ഭീഷണികൾ വർധിച്ചതോടെ തകിയുദീൻ വാഹിദ് ബുള്ളെറ്റ് പ്രൂഫ് മെഴ്‌സിഡസ് ബെൻസിലേക്ക് യാത്രകൾ മാറ്റി.
1995 ജൂലൈ 1 നു വഡോദര വിമാന താവളത്തിൽ പരീക്ഷണ പറക്കലിനിടെ ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് വിമാനം ലാൻഡിങ്ങിനിടെ റൺവേയ്ക്ക് പുറത്തേക്ക് തെന്നി നീങ്ങി.തീയും ഉണ്ടായില്ല പുകയുമുണ്ടായില്ല.ആരും മരിച്ചുമില്ല ..എന്തിനു പരിക്ക് പോലും ആർക്കും ഉണ്ടായില്ല.ഈസ്റ്റ് വെസ്റ്റ് എയർലൈൻസ് ചരിത്രത്തിലെ ഏക അപകടം.
ഈ അപകടം കഴിഞ്ഞു മാസങ്ങൾക്കുള്ളിൽ 1995 നവംബർ 13 രാത്രി 9.45.ഡ്രൈവറായ ബർക്കത്തലിക്കൊപ്പം വീട്ടിലേക്കുള്ള യാത്രയിൽ ആയിരുന്നു തഖിയുദീൻ.തൊട്ടടുത്ത ഇടറോഡിൽ നിന്നും ചുവന്ന ഒരു മാരുതി വാൻ തഖിയുദ്ധീന്റെ ബെൻസിനെ വിലങ്ങി.മൂന്നുപേർ അതിൽ നിന്നും ചാടി ഇറങ്ങി.ഒരാൾ ചുറ്റിക കൊണ്ട് ഗ്ലാസ് തുരു തുരാ അടിച്ചു പൊട്ടിച്ചു.രണ്ടു പേർ നിർത്താതെ വണ്ടിക്കുള്ളിലേക്ക് നിറയൊഴിച്ചുകൊണ്ടേ ഇരുന്നു.പുറകോട്ട് എടുക്കൂ എന്ന് തഖിയുദ്ധീൻ അലറി പറഞ്ഞെങ്കിലും ആ ഇടുങ്ങിയ റോഡിൽ വിശ്വസ്തനായ ബർക്കത്തലി നിസ്സഹായനായി.അക്രമികൾ വാനിലേക്ക് ഓടിക്കയറി.വാൻ ഞൊടിയിടയിൽ അപ്രത്യക്ഷമായി.
സീറ്റുകൾക്കുള്ളിൽ കുനിഞ്ഞു കിടന്ന തഖിയുദീനെയും ആയി ഈസ്റ് വെസ്റ്റ് ഓഫിസിലേക്ക് ബർക്കത്തലി വണ്ടി പായിച്ചു.ജീവനക്കാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും തഖിയുദ്ധീൻ മരിച്ചിരുന്നു.
pic;manorama |
ഈസ്റ്റ് വെസ്റ്റ് ആരംഭിക്കുന്നതിനുള്ള ആലോചനകൾ തുടങ്ങിയപ്പോൾ തന്നെ ഭാര്യക്ക് അടക്കം ഭീഷണി ഫോണുകൾ ധാരാളം വന്നിരുന്നു.എന്നാൽ എട് എതിരാളികളുടെ ഭീഷണി ആയിട്ട് മാത്രമേ അതിനെ കണ്ടിരുന്നുള്ളൂ.പിന്നീട് ഡി കമ്പനിയുടെ പ്രവർത്തനങ്ങളെ നിരീക്ഷിച്ചിരുന്നു മുംബൈ പോലീസ് അവരുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന് തഖിയുദീൻ ആണെന്ന് മനസ്സിലാക്കിയിരുന്നു.ശേഷം അദ്ദേഹത്തിന്റെ വീടിനു ആയുധ ധാരികളായ മുംബൈ പോലീസ് സംരക്ഷണവും ഉണ്ടായിരുന്നു.ദാവൂദ് ഇബ്രാഹിമുമായി തെറ്റി പിരിഞ്ഞ ചോട്ടാ രാജൻ ഗ്രൂപ്പ്,തഖിയുദീൻ ആണ് ദാവൂദിന്റെ പണ സ്രോതസ്സ് എന്ന് കരുതിയിരുന്നു.മുംബൈക്ക് അതൊരു മരണം മാത്രമായിരുന്നു.സാധരണ ഉള്ള ഒരു മരണം മാത്രം.
തഖിയുദീൻ കൊല്ലപ്പെട്ടു.ഈസ്റ്റ് -വെസ്റ്റ് തകർന്നു.നരേഷ് ഗോയലിന്റെ ജെറ്റ് എയർവേയ്സ് രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായി തുടരുന്നു."ദാവൂദുമായി ഞങ്ങൾക്കൊരു ബന്ധവുമില്ല.ഉണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ മരണത്തോടെ കമ്പനി തകരുകയില്ലായിരുന്നല്ലോ.."തഖിയുദീൻറെ സഹോദരൻ പ്രമുഖ മാധ്യമത്തോട് പറഞ്ഞു..
മുംബൈ പൊലീസിന് അധോലോക സംഘങ്ങളുടെ കുടിപ്പകയായി ഈ മരണം വരുത്തി തീർക്കാൻ നല്ല ഉത്സാഹമായിരുന്നു.മികച്ചൊരു സംരംഭകൻ കൊല്ലപ്പെട്ടു.അദ്ദേഹത്തിന്റെ സ്വപ്ങ്ങളും നഷ്ട്ടപ്പെട്ടു.ക്യാപ്റ്റൻ ഗോപിനാഥിന്റെ കഥ സിനിമയിലൂടെ കണ്ട മലയാളികളോടാണ് ഈ കഥ പറയുന്നത്.സ്വപ്നങ്ങൾക്ക് മുകളിൽ ചിറകു വിരിച്ചു പറന്നുയർന്ന മലയാളി ഉണ്ടായിരുന്നു ..തഖിയുദീൻ ..ഒരു ഒൻപതാം ക്ലാസ്സുകാരൻ ...