രണ്ട് കൊല്ലങ്ങൾക്ക് മുൻപ് കരിക്ക് എന്ന യൂട്യൂബ് ചാനൽ യഥാർത്ഥത്തിൽ മലയാളികൾക്കിടയിൽ തുടക്കം കുറിച്ചത് ഒരു പുതിയ വിപ്ലവത്തിനായിരുന്നു.2018 റഷ്യൻ ലോകകപ്പിലെ ആരാധക വൃന്ദങ്ങളുടെ വൈരവും ആവേശവുമെല്ലാം ഹാസ്യവത്കരിച്ചുകൊണ്ടു തയ്യാറാക്കിയ ചെറു വീഡിയോകളിലൂടെ അവർ യൂട്യൂബിലെ താരങ്ങളായി മാറി.തുടർന്ന് അതേ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി മിനി വെബ് സീരീസ് 'തേരാപാരാ' എന്ന പേരിൽ ആരംഭിച്ചു.അതോടുകൂടെ യൂട്യൂബ് എന്ന പ്ലാറ്റ്‌ഫോമിൽ അധികമൊന്നും സജീവമല്ലാതിരുന്ന മലയാളി കരിക്ക് ടീമിന്റെ എപ്പിസോഡുകൾക്കായി കാത്തിരിക്കുവാൻ തുടങ്ങി.താര സിനിമകൾക്ക് ലഭിക്കുന്നതിനേക്കാൾ സ്വീകാര്യത ഇന്ന് കരിക്ക് ടീമിന്റെ എപ്പിസോഡുകൾക്ക് ലഭിക്കുന്നു.
ഭാര്യ പണിക്ക് പോയി ,ഭർത്താവു കുട്ടികളെ നോക്കി ജീവിക്കുന്ന ഒരു കുടുംബത്തെ അവതരിപ്പിച്ചുകൊണ്ട് തുടങ്ങുമ്പോൾ തന്നെ പ്രേക്ഷകനും ചെറുതായൊന്നു മുറുമുറുക്കും.എന്നാൽ ആ സ്റ്റീരിയോ ടൈപ്പുകളെ തച്ചുടച്ചു മുറുമുറുപ്പുകളെ കയ്യടിയാക്കി മാറ്റുകയാണ് പുതിയ എപ്പിസോഡായ "ഫാമിലി പാക്കിൽ" ടീം കരിക്ക്.
തന്റെ മക്കളെയും ഭാര്യയെയും നോക്കി വളർത്തി,അടുക്കള കൈകാര്യം ചെയ്യുന്നതിൽ തനിക്ക് അഭിമാനമേ ഉള്ളൂ എന്ന് പറയുന്ന അച്ഛൻ കഥാപാത്രം വിരൽ ചൂണ്ടുന്നത് കഥാപാത്ര മികവിലേക്ക് മാത്രമല്ല,സമൂഹം സൃഷ്ടിച്ചിട്ടുള്ള ആൺ -പെൺ വിഭാഗീയതയിലേക്ക് കൂടെയാണ്.പൊളിറ്റിക്കൽ കറക്ട്നെസ്സ് ശ്രദ്ധാപൂർവം വീക്ഷിക്കുന്ന സമകാലീന സമൂഹത്തിൽ കരിക്കും ഒരു മാതൃകയാവുന്നുണ്ട്.ആൺ -പെൺ ലിംഗങ്ങളെ വെവ്വേറെ കൂടുകളാക്കി,അവരുടെ സാമൂഹിക ജീവിതവും വ്യക്തി ജീവിതവും തൊഴിലും തീരുമാനിക്കുന്ന സമൂഹത്തിനു മുന്നിൽ ഫാമിലി പാക്ക് നിലപാട് കൊണ്ട് വ്യത്യസ്തമാകുന്നുണ്ട്.എന്നിരുന്നാലും വെറും തല തിരിച്ച കഥാത്രങ്ങൾ മാത്രമാണെന്നും,ഇരു കൂട്ടരും തുല്യപങ്കാളികൾ ആകുന്നതായിരുന്നു "ശുഭം" എന്നൊരു വാദവുമുണ്ട്.ശരിയാണ്,എങ്കിൽ പോലും ടീം കരിക്കിന്റെ പ്രയത്നവും എഴുത്തുകാരൻ എന്ന നിലയിലെ ജോർജിന്റെ മികവും ഒട്ടും കുറയുന്നില്ല.
തൊഴിൽ രഹിത യുവാവും,വീട്ടിലെ മൂത്ത പുത്രനുമായി അനു. കെ അനിയൻ മിന്നുന്ന പ്രകടനം തന്നെ ആയിരുന്നു.അയാളുടെ ചിരിയും കരച്ചിലും,ജോലി ലഭിച്ചതിലുള്ള സന്തോഷവും കാഴ്ചക്കാരനെ വിസ്മയിപ്പിക്കുക തന്നെ ചെയ്യും.മുൻപ് മറ്റുള്ളവരെല്ലാം തന്നെ കളിയാക്കുമ്പോഴും തന്നോടൊപ്പം നിന്ന വളർത്തു നായയുമായി അയാൾ ജോലി കിട്ടിയതിലുള്ള ആനന്ദം പങ്കുവെക്കുന്നത് നനവുള്ള,ചിരികളുണർത്തുന്ന കാഴ്ചയായി ഫാമിലി പാക്കിനെ മാറ്റുന്നു.
ടീം കരിക്കിന്റെ വളർച്ച കണ്ട്,അതേ മാതൃകയിൽ ആരംഭിച്ച പല വെബ് സീരീസുകളും നിലനിൽക്കാനാവാതെ പരാജയപ്പെടുമ്പോൾ ചിരികളുടെ കാഴ്ചാനുഭവം കരിക്ക് ആസ്വാദകർക്കായി ഒരുക്കുന്നു.കഥാപാത്രങ്ങളെ ഒരുക്കുന്നതിലും,അവതരണത്തിലും നിർമാതാക്കൾ പുലർത്തുന്ന ശ്രദ്ധ കയ്യടി അർഹിക്കുന്നതാണ്.പലപ്പോഴും ഹാസ്യം അനാവശ്യമായി 'തിരുകി..തിരുകി'അരോചകമാക്കി കാഴ്ചക്കാരനെ വെറുപ്പിക്കുന്നതിനു പകരം,കൃത്യമായ കഥാപാത്ര സൃഷ്ടിയിലൂടെ സ്വാഭാവികമായി നർമം നിർമ്മിച്ചെടുക്കുന്നതിൽ ഫാമിലി പാക്ക് വിജയിച്ചിട്ടുണ്ട്.കരിക്ക് ടീമിന്റെ മികച്ച കണ്ടെത്തലാണ് തേരാ പാരാ സീരീസിലൂടെ മലയാളികളുടെ 'ജോർജ്' ആയി മാറിയ അനു.കെ അനിയൻ.അഭിനയ മികവിനൊപ്പം അദ്ദേഹത്തിന്റെ രചനാ -സംവിധാന മികവും ഈ എപ്പിസോഡ് കാണിച്ചു തരുന്നുണ്ട്.