മറഡോണ..ആരായിരുന്നു താങ്കൾ..

 മറഡോണ മരിച്ചു പോയി...എന്തോ ഒരു ബുള്ളെറ്റ് ഷോട്ട് കൊള്ളിയാൻ മനസ്സിലൂടെ പാഞ്ഞു പോയതുപോലെ..വാർത്ത കണ്ടതും ഓടിപ്പോയി സ്റ്റാറ്റസുകൾ ഇട്ടിട്ട് വീണ്ടും വീണ്ടും ആലോചിച്ചു..അങ്ങേരുടെ ഒരു കളി പോലും തത്സമയം കാണുവാൻ കഴിയാത്ത എനിക്ക് ആരായിരുന്നു മറഡോണ...

Maradona funeral

സച്ചിൻ തെണ്ടുൽക്കറാണ് തെങ്ങിന്റെ മടല് വെച്ചുണ്ടാക്കുന്ന ബാറ്റിന്റെ പിന്നിൽ MRF എന്ന് എഴുതുവാൻ കാരണമായതെങ്കിൽ ഇങ്ങു കേരളത്തിൽ വിയർപ്പിലൊട്ടിയ പല ജേഴ്സികളുടെയും പിന്നിലെ 10 ആം നമ്പറിന് കാരണം മറഡോണയായിരുന്നു.പെലെയോ മറഡോണയെ എന്ന ചോദ്യത്തിന് പലപ്പോഴും മറഡോണ എന്ന ഉത്തരം ഫുട്ബോൾ ലോകത്ത് ഉയർന്നു.പെലെയുടെ കളികളിൽ ഏറെയും നമ്മളാരും കണ്ടിട്ടില്ലല്ലോ.

1986 ലെ അർജന്റീനയുടെ ലോകകപ്പ് നേട്ടം ഇങ്ങു കേരളത്തിലുള്ള കാൽപ്പന്തുകളിയുടെ ആരാധകരുടെ നെഞ്ചിൽ ഇപ്പോഴും ഇടിമുഴക്കമായി നിലകൊള്ളുന്നുണ്ട് എങ്കിൽ അര്ജന്റീനക്കാരുടെ ഉള്ളിൽ അതെത്ര ആവേശകരമായിരിക്കും..തലമുറകളുടെ തലമുറയെ കാല്പന്തിന്റെ ലഹരിയിലേക്ക് കൈപിടിച്ച് നടത്തിയ മറഡോണയുടെ ഫുട്ബാൾ ജീവിതം കാൽപ്പന്തു കളിയുടെ തന്നെ ചരിത്രമായി മാറുന്നത് അങ്ങനെയാണ്.

പട്ടിണിയുടെ കുട്ടിക്കാലം..വിശപ്പ് മറന്നു പോകുവാൻ വേണ്ടിയുള്ള ഫുട്ബോൾ കളി..തീയിൽ നിന്നും പിറവിയെടുത്ത മറഡോണ മൈതാന മധ്യത്തിൽ സൂര്യനായി ഉദിച്ചുയരുകയായിരുന്നു.ശരാശരിക്കും താഴെ എന്ന് ഫുട്ബോൾ ലോകം വിധിയെഴുതിയ അര്ജന്റീന ടീം 1986 ലോകകപ്പും കൊണ്ട് ബ്യുണസ് അരീനസിൽ പറന്നിറങ്ങിയപ്പോൾ ഞെട്ടിയത് ഫുട്ബോൾ ലോകം മാത്രമല്ല,മറഡോണ കൂടെയായിരുന്നു.തന്റെ യാത്ര അർജന്റീനയുടെ ചരിത്രത്തിലേക്കാണെന്നു ആ കുറിയ മനുഷ്യൻ തിരിച്ചറിയുകയായിരുന്നു..


"ദൈവത്തിന്റെ കൈ "എങ്ങനെയാണു ലോകം മറക്കുന്നത്..എന്നാൽ അതോർക്കുമ്പോഴൊക്കെ ചതിക്കപ്പെട്ട ഇംഗ്ളണ്ടിന്റെ ഗോൾ കീപ്പർ പീറ്റർ ഷിൽട്ടൻറെ മുഖം എന്നെ നോക്കി പുഞ്ചിരിക്കുന്നു പോലെ..

എന്നാൽ നൂറ്റാണ്ടിന്റെ ഗോൾ അങ്ങയെ അനശ്വരനാക്കി മാറ്റുന്നു.മൈതാന മധ്യത്തുനിന്നുള്ള ഐതിഹാസികമായ ആ യാത്ര ഗോളിലേക്ക് പായിച്ചു,അലറിക്കരഞ്ഞു കൊണ്ട് ഗ്യാലറികൾക്ക് അടുത്തേക്ക് അങ്ങെത്തുമ്പോഴേക്കും മറഡോണ ..താങ്കൾ തിരിച്ചറിയുന്നുണ്ടായിരുന്നോ താങ്കൾ ആരാവുകയായിരുന്നു എന്ന്..?

മറഡോണ ഒരേ കളിയിൽ ദൈവവും ചെകുത്താനുമായി മാറുകയായിരുന്നു..

ഇറ്റാലിയൻ ലീഗിന്റെ പണകിലുക്കത്തിലോ സ്പാനിഷ് ലീഗ് വമ്പന്മാരായ റയലിന്റെ പ്രൗഡി യിലോ ഡിയാഗോ വീണില്ല. സാധാരണക്കാരുടെ ടീമായ നാപ്പോളിയെ നേട്ടങ്ങളിലേക്ക് നയിച്ചു.. വ്യക്തമായ രാഷ്ട്രീയമുള്ള ബാഴ്സലോനയുടെ നായകൻ. ബോക്കാ ജൂനിയേഴ്‌സിന്റെ ഇതിഹാസം..

പട്ടിണിയിൽ നിന്നും വന്ന മറഡോണ സമ്പത്തിന്റെ വരവിൽ വഴി തെറ്റുന്നതിൽ ഫുട്ബോൾ ലോകം ഒന്നാകെ ദുഖിച്ചു.കളിക്കളങ്ങളിലെ ഡ്രിബ്ലിങ് പാടവം,ജീവിതത്തിൽ അദ്ദേഹം പയറ്റിയില്ല.കളിക്കളത്തിലെ നായക മികവും,ഫിനിഷിങ്ങിലെ കൃത്യതയും പലപ്പോഴും ജീവിതത്തിൽ ഗോൾ വര കടന്നില്ല..

2010 ലോകകപ്പിൽ ലോകഫുട്ബോളിന്റെ ഇതിഹാസമായ മെസ്സിക്കൊപ്പം അർജന്റീനയുടെ പരിശീലകനായി വന്നപ്പോഴും മികവുകൾ പ്രതീക്ഷിച്ചു എന്നാൽ...

ബോബി ചെമ്മണ്ണൂർ താങ്കളെ കുറിച്ച് പറഞ്ഞ കഥയെ വിശ്വസിക്കാനാണ് എനിക്കിഷ്ടം.ചതിക്കപ്പെട്ട ഉത്തേചകത്തിന്റെ കഥ.കാലിലെ നഖം, പഴുത്തത്തിൽ മരുന്ന് എന്ന നിലയിൽ നിരോധിത മരുന്ന് നൽകുകയും, പിന്നെ ഒറ്റികൊടുക്കുകയും ചെയ്യുകയാണ് ഉണ്ടായതെന്ന് താങ്കൾ കരഞ്ഞു പറഞ്ഞിട്ടുണ്ട്. താങ്കളുടെ പേരിലുള്ള മയക്കമരുന്ന് ആരോപണങ്ങൾ ഈ സംഭവങ്ങൾ ശരിയാണെന്നു വിശ്വസിക്കുവാൻ ഏറെ പ്രേരിപ്പിച്ചിരുന്നു.

പിന്നീടുള്ള ലോകകപ്പുകളിൽ സിഗരറ്റും വലിച്ചു ഗാലറിയിൽ അര്ജെന്റീനയ്ക്കായി മുഷ്ടി ചുരുട്ടുന്ന മറഡോണയെ കണ്ടു.തന്റെ പിൻഗാമി എന്ന് ലോകം വാഴ്ത്തിയ മെസ്സിക്കായി താങ്കൾ ആരവം മുഴക്കിയപ്പോൾ ഞാൻ നോക്കിയത് മെസ്സിയെ ആയിരുന്നില്ല..മറഡോണയെ ആയിരുന്നു..

ലോകകപ്പിൽ നേടിയ 8 ഗോളടക്കം ഫുട്ബോൾ ജീവിതത്തിൽ ആകെ 312 ഗോൾ,റിട്ടയർ ആയതിനു ശേഷം,ഫിഫയുടെ നൂറ്റാണ്ടിലെ കളിക്കാരൻ അവാർഡ്..


വിവാദകരമായ പ്രസ്താവനകൾക്കും,ആരാണ് മികച്ച കളിക്കാരൻ എന്ന ഫുട്ബാൾ ലോകത്തെ തർക്കത്തിൽ പെലെയോടു തല്ലു പിടിച്ചും മറഡോണ സ്പോർട്സ് പേജുകളിൽ നിറഞ്ഞു നിന്നു.മികച്ചവൻ താൻ ആണെന്ന് അവകാശപ്പെട്ട മറഡോണ മെസ്സി തന്നെക്കാൾ മികച്ചവൻ ആണെന്ന് അഭിമുഖങ്ങളിൽ തുറന്നു പറഞ്ഞു.തനിക്കുണ്ടായിരുന്ന ഗബ്രിയേൽ ബാറ്റിസ്റ്റിയൂട്ടയെ പോലൊരു കളിക്കാരൻ മെസ്സിക്കില്ലാതെ പോയതാണ് ലോകകപ്പിലെ തോൽവി എന്നും പലപ്പോഴും അദ്ദേഹം പറഞ്ഞിരുന്നു.

കണ്ണൂരിലെ മറഡോണയുടെ വരവിലേക്ക് കുതിച്ചെത്തിയ ജനക്കൂട്ടം തന്നെ വിളിച്ചു പറയും ആരായിരുന്നു ഡിയാഗോ എന്ന് മറഡോണ ആവേശമായിരുന്നു..ആഘോഷമായിരുന്നു..

നന്ദി മറഡോണ..ഫുട്ബോൾ ഒരു വസന്തമാണെന്നു ലോകത്തിനോട് വിളിച്ചു പറഞ്ഞതിന് ...

Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.