അടി കൊള്ളാൻ ചെണ്ടയും പണം വാങ്ങാൻ മാരാരും എന്നൊരു പഴഞ്ചൊല്ല് ഉണ്ടെങ്കിലും കേരള രാഷ്ട്രീയ ചരിത്രത്തിൽ എന്നും അടി കൊണ്ടത് ഒരു മാരാർ ആയിരുന്നു. സ്വന്തം അധ്വാനിച്ചുണ്ടാക്കിയ കാശ് മുഴുവൻ താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കായി ചിലവഴിച്ചു പാപ്പരായി തീർന്ന ഒരു മാരാർ. അതെ, ആർ എസ് എസ്സിന്റെ ആദ്യകാല നേതാക്കളിലൊരാളായ കെ ജി മാരാർ എന്ന കുറുവണ്ണിൽ ഗോവിന്ദൻ മാരാർ.
നാരായണൻ മാരാരുടെയും നാരായണി മാരസ്യാരുടെയും നാല് മക്കളിൽ മൂന്നാമനായാണ് 1934 സെപ്റ്റമ്പർ 14 ന്ന് ഗോവിന്ദൻ മാരാർ ജനിക്കുന്നത്. കണ്ണൂർ ജില്ലയിലെ പറശ്ശിനി കടവിന് അടുത്തുള്ള നണിയൂർ എന്ന ഗ്രാമത്തിലെ ചെറിയ അമ്പലത്തിലെ ജോലി വരുമാനത്തിൽ നിന്നാണ് കുടുംബം ജീവിച്ചിരുന്നത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മലയാളം വിദ്വാൻ പരീക്ഷ എഴുതിയ ഗോവിന്ദൻ മാരാർ പറശ്ശിനി കടവ് സ്കൂളിൽ അധ്യാപകനായി ജോലി ചെയിതു വന്നിരുന്ന കാലത്താണ് സംഘപ്രവർത്തനത്തിൽ വ്യാപ്രുതനാവുന്നത്. ഇതേ സ്കൂളിൽ ടീച്ചർ ആയി ജോലി ചെയ്തിരുന്ന ഇ കെ നായനാരുടെ പത്നി ശാരദ ടീച്ചർ സഹപ്രവർത്തകയും ചടയൻ ഗോവിന്ദൻ മാരാരുടെ ആത്മമിത്രവും ആയിരുന്നു.
സംഘപ്രവർത്തനത്തിനായി അധ്യാപന ജോലി ഉപേക്ഷിച്ച ഗോവിന്ദൻ മാരാർ, കെ ജി മാരാർ ആയി അറിയപ്പെട്ടു. കമ്യൂണിസ്റ്റ് കോട്ടയായിരുന്ന കണ്ണൂരിന്റെ പാർട്ടി ഗ്രാമങ്ങളിൽ ആർ എസ് എസിനെ വളർത്തിയതിൽ കെ ജി മാരാരുടെ പങ്ക് ഓർക്കപ്പെടുന്നു. സി പി എം ന്റെ ശക്തിദുർഗങ്ങളിൽ പോലും ജനസംഘ ആശയുമായി കടന്ന് ചെന്ന് വിജയം വരിക്കാൻ കെ ജി മാരാർ എന്ന ആർ എസ് എസ് കാരന്ന് സാധിച്ചു. 1954 ൽ ആർ എസ് എസ്സിന്റെ കണ്ണൂർ ജില്ലാ പ്രചാരകനായ മാരാർ 1980 ൽ ബിജെപി രൂപീകരിക്കപ്പെട്ടപ്പോൾ ബിജെപി യുടെ സംസ്ഥാന സെക്രട്ടറിയും പിന്നീട് സംസ്ഥാന പ്രസിഡന്റ് ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പാർട്ടിയുടെ സമുന്നതനായ നേതാവ് ആയി ഉയർന്നപ്പോഴും രാഷ്ട്രീയം ജനസേവനം എന്ന് വിശ്വാസച്ചിരുന്ന മാരാർ, കണ്ണൂർ ടൗണിലെ തെരുവുകളിൽ പോസ്റ്റർ ഒട്ടിച്ചു നടന്നിരുന്നു.
സംഘത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയിരുന്നപ്പോഴും തിരഞ്ഞെടുപ്പുകളിൽ നേരിയ വിജയ സാധ്യതയുള്ള മണ്ഡലങ്ങളിൽ മത്സരിക്കാൻ ആർ എസ് എസ് എന്നും നിയോഗിച്ചിരുന്നത് മാരാരെയായിരുന്നു. പല തെരഞ്ഞെടുപ്പുകളിലും മത്സരിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും ജയിക്കാൻ സാധിച്ചിട്ടില്ല എന്നതും മാരാരിന്റെ മാത്രം പ്രത്യേകതയാണ്. 1977 ൽ ജനതാ പാർട്ടിയുടെ സ്ഥാനാർഥിയായി ഉദുമയിൽ മത്സരിക്കുമ്പോൾ കേരളത്തിലെ പ്രധാന ഇടത് പക്ഷ പാർട്ടികളുടെ പിന്തുണ നേടാൻ സാധിച്ചത് ചടയൻ ഗോവിന്ദനടക്കമുള്ള നേതാക്കളോട് രാഷ്ട്രീയ വൈര്യത്തിലുപരി വ്യക്തിബന്ധങ്ങൾക്ക് മാരാർ നൽകിയ മുൻഗണന ഒന്ന് കൊണ്ട് മാത്രമാണ്. രാഷ്ട്രീയത്തിൽ ശത്രുക്കളില്ല, പ്രതിയോഗികൾ മാത്രമേയുള്ളൂവെന്ന് പ്രസംഗിക്കാറുള്ള മാരാർജിക്ക് ശത്രുക്കളില്ലായിരുന്നു എന്നുതന്നെ പറയാം. കെ.ജി. മാരാർജിയുടെ രാഷ്ട്രീയത്തോട് ശക്തമായ എതിർപ്പുള്ളവർപോലും അദ്ദേഹത്തെ സ്നേഹപൂർവം സ്വീകരിച്ചതും ചരിത്രം.
അടിയന്തിരാവസ്ഥ കാലത്ത് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയേണ്ടി വന്നിട്ടുണ്ട്. ആർ എസ് എസിനും ജനസംഘത്തിനും ബിജെപിക്കും ഹിന്ദു രാഷ്ട്രീയത്തിനും വേണ്ടി ജീവിച്ച മാരാർ 1991 ൽ മഞ്ചേശ്വരത്ത് തോറ്റത് വെറും ആയിരത്തിൽ താഴെ വോട്ടുകൾക്ക് മാത്രമായിരുന്നു. സ്വന്തം ആരോഗ്യം ശ്രദ്ധിക്കാതെ, ആവശ്യത്തിന് ഉറങ്ങാതെ, എന്തിന് നന്നായി ഭക്ഷണം പോലും കഴിക്കാതെ അസുഖം പിടിപ്പെട്ടു എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെടുമ്പോൾ കേവലം 60 വയസ്സ് മാത്രമായിരുന്നു കെ ജി മരാരുടെ പ്രായം. രാഷ്ട്രീയത്തിലെ യൗവന പ്രായത്തിൽ ജീവൻ വെടിയേണ്ടി വന്ന മാരാർക്ക് സ്വന്തമായി വീടോ ഒരു രൂപയുടെ ബാങ്ക് ബാലൻസോ ഉണ്ടായിരുന്നില്ല. മൃതദേഹം കൊണ്ട് പോകാൻ പോലും വീട് ഇല്ലാതിരുന്ന അദ്ദേഹത്തിന്റെ ഭൗതിക ശരീരം കണ്ണൂർ ടൗൺ ഹാളിൽ പൊതു പ്രദർശനത്തിന് വെച്ച ശേഷം പയ്യാമ്പലം കടപ്പുറത്തുള്ള പൊതുശ്മശാനത്തിൽ സംസ്കരിച്ചു.
കടപ്പാട്;സിദ്ദീഖ് പടപ്പിൽ