മഗധ ഭരിച്ചിരുന്ന ഗുപ്ത രാജവംശത്തിൻ്റെ കാലം ഇന്ത്യാ ചരിത്രത്തിലെ സുവർണ കാലം എന്നാണ് അറിയപ്പെടുന്നത്. കലാ സാഹിത്യ രംഗത്തുണ്ടായ മുന്നേറ്റമാണ് പ്രധാനമായും ഈ പേര് വരാൻ കാരണമെങ്കിലും വൻതോതിൽ സ്വർണ നാണയങ്ങൾ പ്രചരിപ്പിക്കപ്പെട്ട ആദ്യ കാലഘട്ടം എന്ന നിലയിൽ എന്തുകൊണ്ടും ഈ പേരിന് അർഹതയുള്ള കാലമാണിത്.
ബിസി ആറാം നൂറ്റാണ്ടിൽ ഇന്നത്തെ തുർക്കിയിൽപ്പെട്ട ലിദിയ (Lydia) എന്ന രാജ്യത്ത് നിലവിലിരുന്ന സ്വർണ നാണയങ്ങളാണ് ഇന്ന് ലഭ്യമായതിൽ വച്ച് ഏറ്റവും പഴക്കമുള്ളത്. ഗ്രീക്ക്, റോമാ സാമ്രാജ്യങ്ങളുടെ പ്രതാപകാലത്ത് വൻതോതിൽ സ്വർണനാണയങ്ങൾ പ്രചരിച്ചു.
ഇന്ത്യയിൽ മൗര്യന്മാരുടെ കാലത്ത് നിലവിലിരുന്ന ചെമ്പ് നാണയങ്ങളാണ് ലഭ്യമായതിൽ ഏറ്റവും പഴക്കമുള്ളത്. ചാണക്യൻ്റെ അർത്ഥശാസ്ത്രത്തിൽ സ്വർണ നാണയം പരാമർശിക്കപ്പെടുന്നെങ്കിലും അവ കണ്ടെത്തപ്പെട്ടിട്ടില്ല. വേണ്ടത്ര വ്യാപകമല്ലാത്തതാവാം കാരണം.
വലിയ അളവിൽ സ്വർണ നാണയങ്ങൾ കണ്ടെത്തപ്പെട്ടത് ഗുപ്ത കാലം മുതലാണ് (ഏഡി മൂന്നാം നൂറ്റാണ്ട് മുതൽ അഞ്ചാം നൂറ്റാണ്ട് വരെ). അതിൽ തന്നെ സമുദ്ര ഗുപ്തൻ്റെ (350 AD - 380 AD) നാണയങ്ങൾ ചരിത്രകാരന്മാരുടെ സവിശേഷ ശ്രദ്ധ ആകർഷിച്ചവയാണ്. ഡിസൈനിലെ വ്യത്യസ്തതയും ഉപയോഗിച്ചിരിക്കുന്ന സ്വർണത്തിന്റെ മേന്മയുമാണ് കാരണം.
ഈ ചിത്രത്തിൽ കാണുന്ന തരം നാണയങ്ങൾ 'ഗരുഡ' നാണയങ്ങൾ എന്നാണ് അറിയപ്പെടുന്നത്. സമുദ്ര ഗുപ്ത ചക്രവർത്തിയുടെ താഴ്ത്തിയിട്ട വലതു കൈയ്യുടെ അരികിൽ ഒരു സ്തംഭത്തിൽ ചിറകു വിടർത്താനൊരുങ്ങി ഇരിക്കുന്ന ഗരുഡനെ ചിത്രീകരിച്ചിരിക്കുന്നതാണ് കാരണം. ഗുപ്ത സാമ്രാജ്യത്തിൻ്റെ ഔദ്യോഗിക ചിഹ്നം (insignia) ഗരുഡൻ ആയിരുന്നു എന്ന് കരുതപ്പെടുന്നു.
ഈ നാണയത്തിൽ ചക്രവർത്തിയുടെ വേഷവും കൗതുകകരമാണ്. മധ്യ യുറോപ് മുതൽ മധ്യേഷ്യ വരെ ചിതറി താമസിച്ചിരുന്ന സ്കിതിയൻ വംശജരുടെ (Scythian) വേഷമാണ് ഇതിൽ സമുദ്ര ഗുപ്തൻ്റേത്. ട്രൗസറും കോട്ടും തൊപ്പിയുമൊക്കെ ധരിച്ച ചക്രവർത്തി, ഏതൊരു ചരിത്ര പുസ്തകത്തെക്കാളും വലിയ ഉൾക്കാഴ്ചകൾ നമുക്ക് തരുന്നു. എന്നാൽ, നെക്‌ലെയ്സും കർണാഭരണങ്ങളുമൊക്കെ തനി ഇന്ത്യൻ രീതി തന്നെ. കിരീടവുമുണ്ട്. (സമുദ്രഗുപ്തൻ്റെ മുൻഗാമികളായ ചന്ദ്രഗുപ്തൻ ഒന്നാമൻ, വാസുദേവൻ എന്നിവരുടെ നാണയങ്ങളിലെ വേഷവും സമാനമാണ്).
ചക്രവർത്തിയുടെ ഉയർത്തിപ്പിടിച്ച ഇടതു കൈയ്യിൽ ചെങ്കോലാണ്. കൈയ്യുടെ താഴെ കുത്തനെയുള്ള ബ്രഹ്മി ലിപിയിൽ 'സമുദ്ര' എന്നാണ് എഴുതിയിരിക്കുന്നത്.
നാണയത്തിലുടനീളം ഉപയോഗിച്ചിരിക്കുന്നത് ബ്രഹ്മി ലിപിയിലുള്ള സംസ്കൃത ഭാഷയാണ്.
ഈ നാണയത്തിന്റെ മറുവശത്ത് എഴുതിയിരിക്കുന്ന വാചകം, ചക്രവർത്തിയുടെ മഹത്വം പ്രകീർത്തിക്കുന്നതാണ്; "ശത്രുക്കളുടെ ദുർഗമമായ കോട്ടകൾ തകർത്ത് നൂറ് യുദ്ധങ്ങൾ ജയിച്ച വിജയി, ദേവലോകം കീഴടക്കുന്നു" എന്നാണ് ഇതിലെ ലിഖിതത്തിൻ്റെ അർത്ഥം.
അശ്വമേധത്തെ സൂചിപ്പിക്കുന്നതിന് കുതിരയെ ചിത്രീകരിച്ചത്, രാജാവിന്റെ യുദ്ധ നിപുണതയെ കാണിക്കാൻ വില്ലാളിയെ ചിത്രീകരിച്ചത് (Archer type) എന്നിവയാണ് സമുദ്ര ഗുപ്തൻ്റെ മറ്റു പ്രധാന നാണയങ്ങളുടെ ഡിസൈൻ.
വ്യാപകമായി സ്വർണനാണയങ്ങൾ ഉപയോഗിച്ചിരുന്നതിൽ നിന്നും, ആ കാലഘട്ടത്തിൽ നേടിയ സാമ്പത്തിക പുരോഗതി (പ്രത്യേകിച്ചും വാണിജ്യ പുരോഗതി) നമുക്ക് മനസ്സിലാക്കാൻ സാധിക്കും. അക്കാലത്ത് നാണയ നിർമ്മാണം, ലോഹ സംസ്കരണം (metallurgy) എന്നിവയിൽ നേടിയ പുരോഗതിയുടെ നേർസാക്ഷ്യം കൂടെയാണിത്. ഒരു രാജാവിന്റെ ഭരണകാലം കണ്ടെത്താൻ അക്കാലത്ത് പുറത്തിറക്കിയ നാണയങ്ങളുടെ കാലഗണനയിലൂടെ സാധിക്കുന്നു. ഇത്തരം നാണയങ്ങൾ കണ്ടെത്തുന്ന പ്രദേശങ്ങൾ ഒന്നുകിൽ ആ രാജാവിന്റെ ഭരണത്തിൻ കീഴിലായിരുന്നു, അല്ലെങ്കിൽ ആ രാജ്യവുമായി വ്യാപാരബന്ധം പുലർത്തിയിരുന്നു എന്നർത്ഥം. ചില പ്രധാന സംഭവങ്ങളുടെ ഓർമ്മയ്ക്കായി ഇറക്കുന്ന നാണയങ്ങൾ (commemorative coins), ഭാവി തലമുറയ്ക്ക് ഒരിക്കലും നിക്ഷേധിക്കാനാവാത്ത തെളിവുകൾ ബാക്കി വയ്ക്കുന്നു. അങ്ങനെ ചരിത്രത്തിന്, ഒത്തിരി തെളിവുകൾ ബാക്കി വയ്ക്കുന്ന കുഞ്ഞ് ബിന്ദുക്കളാണ് നാണയങ്ങൾ.