ഇപ്പോഴത്തെ ഇന്ത്യയിൽ മറ്റൊരു തിരഞ്ഞെടുപ്പ് മോഡി ജയിക്കും എന്ന് തോന്നുന്നുണ്ടോ..?

 അതീവ രൂക്ഷമായ കോവിഡ് വ്യാപനം,ജീവ വായു ലഭിക്കാതെ,ആശുപത്രികളിൽ ഇടം ലഭിക്കാതെ വഴിയരുകിൽ പിടഞ്ഞുവീണു മരിക്കുന്നവർ,പട്ടിണി കിടന്നു മരിക്കുന്നവർ,ആത്മഹത്യ മാത്രം മുന്നിൽകാണുന്ന കർഷകരും ചെറുകിട വ്യവസായികളും..


തകർന്നു തരിപ്പണമായി കിടക്കുന്ന വാക്‌സിൻ വിതരണ സംവിധാനം,അതിന്റെ ഇടയിലും രാഷ്ട്രീയ വിരോധം ഒളിച്ചുകടത്തുന്ന കേന്ദ്രസർക്കാരും..
ഇതിന്റെ എല്ലാത്തിനുമിടയിലൂടെ ഉയരുന്ന നിത്യോപയോഗ സാധനങ്ങളുടെ വിലയും,പാചകവാതക-പെട്രോൾ -ഡീസൽ വിലയും..
സ്ത്രീകൾക്ക് യാതൊരു സുരക്ഷയും നല്കാനാവാത്ത ഇന്ത്യൻ സംസ്ഥാനങ്ങൾ..
കയ്യിൽ ഒന്നുമില്ല എന്ന് പറഞ്ഞു ലോകരാജ്യങ്ങൾക്ക് മുന്നിൽ "തെണ്ടി"നിൽക്കുമ്പോളും സെൻട്രൽ വിസ്താ പ്രൊജെക്ടിനു വേണ്ടി ചിലവഴിക്കുന്ന 20,000 കോടി.
ഹിന്ദു-മുസ്ലിം വിഭാഗീയത വളർത്തി അതിലൂടെ ചോര കുടിക്കാനുള്ള ശ്രമങ്ങൾ,അതിനായി കൂട്ടുപിടിക്കുന്ന ന്യൂനപക്ഷങ്ങൾ ..
എതിർക്കുന്ന,തുറന്നു പറയുന്ന  ശബ്ദങ്ങളെ ഇല്ലാതാക്കുന്ന പ്രതികാര നിലപാടുകൾ..

ഇപ്പോഴത്തെ ഇന്ത്യയിൽ മറ്റൊരു തിരഞ്ഞെടുപ്പ് മോഡി ജയിക്കും എന്ന് തോന്നുന്നുണ്ടോ..?

എന്നാൽ ..........
2019 പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങൾക്കിടയിൽ മോദി ഭരണത്തിന്റെ അന്ത്യമാണ് ഇന്ത്യയിലെ ബുദ്ധിജീവികളിൽ സാമൂഹിക തല്പരരായ മിക്കവാറും പേരും പ്രതീക്ഷിച്ചിരുന്നത്.. ഫലമോ..നേരെ തിരിച്ചും..

ജനങ്ങളുടെ ജീവിത ദുരിതങ്ങൾ ഒട്ടേറെ വർധിക്കുകയും,സാംസ്‌കാരിക ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങു ഇടുകയും,ഫലമായി സാംസ്‌കാരിക ചിന്തകർ ഭരണത്തിനെതിരെ തിരിഞ്ഞെങ്കിലും അവരുടെ ചിന്തകൾ ഒന്നും ആ തിരഞ്ഞെടുപ്പിൽ ജനങ്ങളെ സ്വാധീനിച്ചില്ല...എന്തുകൊണ്ട് ..?

ജനങ്ങളുടെ അഭിപ്രായ രൂപീകരണത്തിൽ പ്രധാന പങ്കുള്ള മാധ്യമങ്ങൾ സാമൂഹിക ബുദ്ധിജീവികൾക്കും ജനങ്ങൾക്കും ഇടയിലുള്ള വന്മതിലായി നിലകൊള്ളുകയായിരുന്നു.ഭരണവിരുദ്ധ വാർത്തകൾ തുടർച്ചയായി വന്നുകൊണ്ടിരുന്നപ്പോഴും,മോഡി അനുകൂല(പുകഴ്ത്തൽ) വാർത്തകൾക്കും സ്ഥാനം നല്കിക്കൊണ്ടേയിരുന്നു.
ഒരു സ്വാധീനവും ഇല്ലാത്ത 'രാഷ്ട്രീയ കൂട്ടമായി' മാറിയ ബിജെപിക്ക് കേരളത്തിലെ മാധ്യമങ്ങൾ പോലും കൊടുക്കുന്ന സ്ഥലം എത്രത്തോളം ആണെന്ന് ഓർക്കുക..
കോവിഡ് മൂലം ജനങ്ങൾ മരിച്ചു വീഴുമ്പോഴും,മൻകി ബാത്തിലൂടെയുള്ള മോദിയുടെ 'പെരും നുണകൾക്ക് മാധ്യമങ്ങൾ ഇടം കൊടുക്കുന്നത് അതുകൊണ്ടാണ്.
ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും പേരിൽ മണ്ടത്തരങ്ങൾ എഴുന്നള്ളിക്കുന്ന നേതാക്കളുടെ വാർത്തകൾ കൊടുക്കുന്നത് അവരെ കളിയാക്കുവാനല്ല.കൂടെ ഞങ്ങൾ ഉണ്ട് എന്ന ഉറപ്പ് നൽകുവാനാണ്‌.

ഇസ്രായേൽ പലസ്തീൻ വിഷയം ഇത്രമേൽ നമ്മുടെയിടയിൽ ആളിക്കത്തിച്ചത് ഇന്ത്യൻ മാധ്യമങ്ങളാണ്,ചാരമായി പോയത് കത്തിക്കയറുന്ന ഇന്ധന വില വർദ്ധനവ് വാർത്തകളും,സർക്കാരിനെതിരെയുള്ള കോടതി പരാമർശങ്ങളും..

പൗരൻ എന്ന എല്ലിൻകഷ്ണത്തിന്റെ രണ്ടറ്റങ്ങൾ കടിച്ചു പറിച്ചു വളരുന്നവയാണ് മാധ്യമങ്ങളും രാഷ്ട്രീയവും.ആ ബന്ധം തിരിച്ചറിയണമെങ്കിൽ കാണുന്ന വാർത്തകളെ പറയുന്ന അതേ അർത്ഥത്തിൽ എങ്കിലും കേൾക്കാൻ ശ്രമിച്ചാൽ മതി.

വരുന്ന തിരഞ്ഞെടുപ്പിനുള്ള കോപ്പു ഇപ്പോഴേ കൂട്ടുന്ന കോർപ്പറേറ്റ് കൗശലങ്ങൾ  മാധ്യമങ്ങളുടെ പക്കലുണ്ട്.തിരിച്ചറിവുകൾ സൃഷ്ടിച്ചു,ബുദ്ധിപൂർവമായ നിലപാടുകളിലേക്ക് ജനങ്ങളെ എത്തിക്കുന്ന ജനാധിപത്യപരമായ മാധ്യമപ്രവർത്തനം ആണ് നിലവിലെ സാഹചര്യത്തിൽ വേണ്ടത് എന്നിരിക്കെ,എന്റെയും നിന്റെയും മുന്നിലേക്ക് വരുന്ന വാർത്തകൾക്ക് അജണ്ടകൾ ഉണ്ടെന്നു തിരിച്ചറിയണം .നമ്മുടെ തീരുമാനങ്ങളെ അവർ വിറ്റുകഴിഞ്ഞു എന്നും തിരിച്ചറിയണം.
ജനങ്ങളെ കൂട്ടമായി ആനയിച്ചു,വർഗ്ഗീയതയുടെ കുഴിയിലേക്ക് തള്ളിയിട്ട് കൊടുക്കുന്ന മാധ്യമങ്ങൾ ഉള്ള കാലത്തോളം മോദിയും സംഘപരിവാറും ഇനിയും തിരഞ്ഞെടുപ്പുകൾ ജയിക്കും..


വാൽകഷ്ണം ;മോദി വൈകാതെ തന്നെ ഹൈന്ദവ ഇന്ത്യയുടെ പരമോന്നത നേതാവായി മാറും..നീളൻ താടിയുടെ വളർച്ച നീളുക തന്നെ ചെയ്യും..അപ്പോഴും പാവം പട്ടേലിന്റെ പ്രതിമ ജനങ്ങളുടെ തെറിവിളി കേട്ടുകൊണ്ടേയിരിക്കും....
Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.