ഡോഡ്ജ്
വാഹനങ്ങളുടെ സ്പെയർ പാർട്സ് നിർമാണത്തിനായി ആരംഭിച്ച് പിന്നീട് ലോകത്തിലെ തന്നെ മികച്ച സ്പോർട്സ് കാറുകളുടെ നിർമാതാക്കളായി മാറിയ കഥയാണ് ഡോഡ്ജിൻറേത്. സഹോദരങ്ങളായ ഹോറസ് എൽജിണ ഡോഡ്ജും ജോൺ ഫ്രാൻസിസ് ഡോഡ്ജും ചേർന്ന് 1900 കളുടെ ആരംഭത്തിലാണ് ഡോഡ്ജ് ബ്രദേഴ്സ് ആരംഭിച്ചത്. ഡെട്രോയിറ്റ് ആസ്ഥാനമായുള്ള കാർ നിർമാതാക്കളായ ഫോർഡും മറ്റുമായിരുന്നു ആദ്യകാലത്ത് ഡോഡ്ജിൻറെ ഉപഭോക്താക്കൾ.
1914-ൽ ഡോഡ്ജ് സ്വതന്ത്രമായി വാഹന നിർമ്മാണം ആരംഭിച്ചു. ഡോഡ്ജ് ബ്രദേഴ്സ് മോട്ടോർ കമ്പനി എന്ന കമ്പനി രൂപീകരിച്ചായിരുന്നു ഇത്.ഡോഡ്ജ് മോഡൽ 30-35 എന്ന ഫോർ സിലിണ്ടർ ടൂറിങ് കാറായിരുന്നു മിഷിഗണിലെ ഫാക്ടറിയിൽ നിന്ന് പുറത്തെത്തിയ ആദ്യത്തെ ഡോഡ്ജ് കാർ. ഫോർഡിൻറെ മോഡൽ ടി കാറായിരുന്നു വിപണിയിൽ ഡോഡ്ജിൻറെ പ്രധാന എതിരാളി. വാഹനങ്ങളെല്ലാം വുഡൻ ബോഡിയിൽ ഇറങ്ങിയിരുന്ന കാലത്ത് സ്റ്റീൽ ബോഡി ഉപയോഗിച്ചുള്ള ആദ്യത്തെ കാർ എന്ന പ്രത്യേകതയോടെ എത്തിയ ഡോഡ്ജിന് സ്ലൈഡിങ് ഗിയറായിരുന്നു എന്നതും വിപണിയിലെ വാർത്തയായി. രണ്ട് വർഷത്തിനുള്ളിൽ വിൽപ്പനയിൽ അമേരിക്കയിലെ രണ്ടാമത്തെ കാറായി ഡോഡ്ജ് മാറി. വാഹനത്തിൻറെ പാർട്സുകൾ നിർമിച്ച് നേരത്തെ തന്നെ നേടിയെടുത്ത പേര് ഡോഡ്ജിന് വിപണിയുടെ വിശ്വാസ്യത വേഗത്തിൽ നേടിക്കൊടുത്തു.
വിപണിയിൽ ഡോഡ്ജിൻെറ വളർച്ച ഫോർഡിനെ ചെറുതായൊന്നുമല്ല അലോസരപ്പെടുത്തിയത്. ഫോർഡ് കമ്പനിയിൽ ഡോഡ്ജ് ബ്രദേഴ്സിന് നൽകിയ 10 ശതമാനം ഓഹരിയുടെ ഡിവിഡൻറ് നൽകുന്നത് ഫോർഡ് നിർത്തി. ഇതേ തുടർന്ന് ഡോഡ്ജ് കേസ് നൽകുകയും ഡോഡ്ജിൻറെ ഓഹരികൾ വൻവിലയ്ക്ക് വാങ്ങാൻ ഫോർഡ് നിർബന്ധിതരാവുകയും ചെയ്തു. വൈകാതെ തന്നെ ഡോഡ്ജ് സൈനിക വാഹനങ്ങളുടെ നിർമാണരംഗത്തേക്കും കടന്നു. കരുത്തേറിയ ബോഡികളും വാഹനത്തിൻറെ ശേഷിയും മൂലം അമേരിക്കൻ സൈന്യത്തിനും ഡോഡ്ജിൻറെ വാഹനങ്ങൾ വേഗത്തിൽ തന്നെ പ്രിയപ്പെട്ടതായി. ഒന്നാം ലോകമഹായുദ്ധത്തിൽ അമേരിക്കൻ സൈന്യത്തിൻറെ കരുത്തായി മാറിയത് ഡോഡ്ജിൻറെ വാഹനങ്ങളാണ്. ട്രക്കുകളടക്കം യുദ്ധത്തിനായി അമേരിക്കൻ സൈന്യത്തിന് വേണ്ടി ഡോഡ്ജ് നിർമിച്ചുനൽകി.
വിപണിയിൽ 1920 വരേയും കരുത്തരായി നിന്ന ഡോഡ്ജിന് പക്ഷെ പിന്നീട് തിരിച്ചടികളുടെ കാലമായിരുന്നു. ഡോഡ്ജ് സഹോദരൻമാരുടെ പെട്ടെന്നുള്ള മരണം ഡോഡ്ജിൻറെ തകർച്ചയിലേക്ക് നയിച്ചു. കമ്പനിയുടെ ഭരണസാരഥ്യം ഏറ്റെടുത്ത ഡോഡ്ജ് ബ്രദേഴ്സിൻറെ വിധവകൾക്ക് പക്ഷെ കമ്പനിയെ മുന്നോട്ട് നയിക്കാനായില്ല. പുതിയ ഡിസൈനുകൾ ഒന്നും തന്നെ അവതരിപ്പിക്കാനില്ലാതെ ഡോഡ്ജ് രണ്ടാം റാങ്കിൽ നിന്ന് ഏഴാം റാങ്കിലേക്ക് അതിവേഗം കൂപ്പുകുത്തി. നഷ്ടത്തിലേക്ക് പോയികൊണ്ടിരുന്ന ഡോഡ്ജിനെ ഇതോടെ വിറ്റഴിക്കാൻ ഉടമകൾ തീരുമാനിച്ചു. 1925 ൽ ഡില്ലൺ ആൻറ് റീഡ് കോ എന്ന ഇൻവസ്റ്റേഴ്സ് ഗ്രൂപ്പിന് വിറ്റ സ്ഥാപനം ഒടുവിൽ ക്രിസ്ലറിൻറെ കൈവശമെത്തി. ഡോഡ്ജിൻറെ പ്രമുഖ ട്രക്കുകൾ വിപണിയിലെത്തിച്ച് ക്രിസ്ലർ ഡോഡ്ജിനെ വീണ്ടും വിപണിയിൽ സജീവമാക്കി.
രണ്ടാം ലോകമഹായുദ്ധകാലത്ത് ഡോഡ്ജിൻറെ ട്രക്കുകൾ വീണ്ടും അമേരിക്കയുടെ കരുത്തായിമാറി. ഫാർഗോ ട്രക്ക്സ് എന്ന് പേരിട്ട നാല് ലക്ഷം ലൈറ്റ് ട്രക്കുകൾ ആണ് രണ്ടാം ലോകമഹായുദ്ധത്തിൽ അമേരിക്കൻ സൈന്യത്തിനായി ഡോഡ്ജ് നിർമിച്ചത്. ഇതിനുപുറമെ ആംബുലൻസുകളും മറ്റ് സൈനിക വാഹനങ്ങളും ഡോഡ്ജ് നിർമിച്ചു. അമേരിക്കൻ സൈന്യത്തിന് പുറമെ സഖ്യസേനയിലെ റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളിലെ സൈന്യത്തിനും ഡോഡ്ജ് സൈനികവാഹനങ്ങൾ നിർമിച്ചു നൽകി.
1970-കളിൽ ഡോഡ്ജ് നിർമ്മിച്ച മുൻനിര വാഹനങ്ങൾ ട്രക്കുകളും വലിയ പാസഞ്ചർ കാറുകളുമായിരുന്നു. എന്നിരുന്നാലും 1963-76 കാലയളവിൽ തന്നെ 'ഡാർട്ട്' പോലുള്ള കോംപാക്റ്റ് കാറുകളും 1965-78 മുതൽ "ബി-ബോഡി" കോറോനെറ്റ്, ചാർജർ പോലുള്ള ഇടത്തരം കാറുകളും ഡോഡ്ജ് നിർമ്മിച്ചു.
1998 മുതൽ 2009 വരെയുള്ള കാലയളവിൽ ക്രിസ്‌ലറിൽ ഒന്നിലധികം ഉടമസ്ഥാവകാശ മാറ്റങ്ങൾ ഉണ്ടായി. 1998 മുതൽ 2007 വരെ ഡെയ്‌മ്‌ലർ-ബെൻസ് എ ജിയുമായി കമ്പനി ലയിച്ചു. തുടർന്ന് സെർബറസ് ക്യാപിറ്റൽ മാനേജ്‌മെന്റിന് ഡോഡ്ജിനെ വിറ്റു.2009നു ശേഷം ഒട്ടേറെ സംഭവ വികാസങ്ങൾക്കു ശേഷം ഫിയറ്റ്, കമ്പനിയെ ഏറ്റെടുത്തു.
2011-ൽ, ഡോഡ്ജും അതിന്റെ ഉപ ബ്രാൻഡുകളായ ഡോഡ്ജ് റാമും ഡോഡ്ജ് വൈപ്പറും വേർപിരിഞ്ഞു. വൈപ്പർ ഒരു എസ് ആർ ടി ഉൽപ്പന്നമാണെന്നും റാം ഒരു പ്രത്യേക ഉൽപ്പന്നമാണെന്നും ഡോഡ്ജ് പ്രഖ്യാപിച്ചു. 2014-ൽ, എസ് ആർ ടി വീണ്ടും ഡോഡ്ജിൽ ലയിച്ചു. 2021 ജനുവരി 16-ന് എഫ് സി എയും പി എസ് എ ഗ്രൂപ്പും (സ്റ്റെല്ലാന്റിസ്) തമ്മിൽ മറ്റൊരു ലയനം സംഭവിച്ചു.
ഫാസ്റ്റ് ആൻറ് ഫ്യൂരിയസ് പോലുള്ള ഹോളിവുഡ് ആക്ഷൻ സിനിമകളിൽ നിറസാനിധ്യമായിരുന്നു ഡോഡ്ജിൻറെ വാഹനങ്ങൾ. സ്റ്റണ്ട് സീനുകളിലും ചെയ്സിങ് സീനിലുമെല്ലാം മികച്ച പെർഫോർമെൻസ് കാഴ്ച്ചവെക്കുന്ന ഡോഡ്ജ് അതിനാൽ തന്നെ സാഹസികത ഇഷ്ടപ്പെടുന്ന കാർ പ്രേമികളുടെ ഇഷ്ടവാഹനങ്ങളുടെ ബക്കറ്റ് ലിസ്റ്റിൽ ഇടമുണ്ട്.
#ഡോഡ്ജ് #കാർ #ക്രിസ്ലർ #Dodge #Car #Chrysler