Posts

l&e/ markets/ trading/ bull & bear market
 
 
ബുള്‍ ആന്റ് ബെയര്‍ മാര്‍ക്കറ്റ് (Bull and Bear Market)
 
വിപണി സാഹചര്യങ്ങളെ സൂചിപ്പിക്കാനാണ് 'ബുള്‍', 'ബെയര്‍' എന്നീ പദങ്ങള്‍ ഉപയോഗിക്കുന്നത്. സ്‌റ്റോക്ക് മാര്‍ക്കറ്റ് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് മനസിലാക്കാന്‍ ഇവ സഹായിക്കുന്നു. അതായത്, വിപണിയിലെ മൂല്യവര്‍ധനവിനെ ബുള്‍ എന്ന പദവും മൂല്യത്തകര്‍ച്ചയെ ബെയര്‍ എന്ന പദവും സൂചിപ്പിക്കുന്നു. ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സമ്പദ് വ്യവസ്ഥയാണ് ബുള്‍ മാര്‍ക്കറ്റില്‍ കാണാന്‍ സാധിക്കുക. ഓഹരികളുടെ മൂല്യം വര്‍ധിക്കുമെന്ന പ്രതീക്ഷയാല്‍ ധാരാളം നിക്ഷേപകര്‍ ബുള്‍ മാര്‍ക്കറ്റില്‍ ഓഹരികള്‍ വാങ്ങുന്നു. തുടര്‍ച്ചയായി ഓഹരി വിപണിയില്‍ ഇടിവുണ്ടാകുമ്പോഴാണ് ബെയര്‍ മാര്‍ക്കറ്റ് എന്ന പ്രയോഗം വരുന്നത്. ഓഹരികളുടെ വില സമീപകാലത്തെ ഉയര്‍ച്ചയില്‍ നിന്ന് 20% മോ അതില്‍ കൂടുതലോ കുറയുകയാണ് ഇവിടെ സംഭവിക്കുന്നത്. ഇവിടെ വിലകള്‍ അസ്ഥിരമാവുകയും ഇക്വിറ്റികള്‍ക്ക് മൂല്യം നഷ്ടപ്പെടുകയും ചെയ്യുന്നു. എന്നാല്‍ ബെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്ന പ്രവണതയും പലപ്പോഴും കണ്ടുവരാറുണ്ട്.
 
ബുള്‍ മാര്‍ക്കറ്റിനെയും ബെയര്‍ മാര്‍ക്കറ്റിനെയും നിര്‍ണയിക്കുന്ന ഒരുപാട് ഘടകങ്ങളുണ്ട്. വിപണിയിലെ ധന ഉല്‍പ്പന്നങ്ങളുടെ വിതരണവും ആവശ്യകതയും (Supply and Demand for Securities) ഇതില്‍ പ്രധാനമാണ്. ഒരു ബുള്‍ മാര്‍ക്കറ്റില്‍ ഉല്‍പ്പന്നങ്ങളുടെ ഡിമാന്‍ഡ് വര്‍ധിക്കുകയും വിതരണം കുറയുകയും ചെയ്യുന്നു. നിക്ഷേപകര്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ താല്‍പര്യം കാണിക്കുമെങ്കിലും വിപണിയില്‍ അതിന് ക്ഷാമം നേരിടും. ഇതിന്റെ ഫലമായി ഓഹരി വില വര്‍ധിക്കുന്നു. എന്നാല്‍ ബെയര്‍ മാര്‍ക്കറ്റില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനെക്കാള്‍ വില്‍ക്കാനുള്ള താല്പര്യം പ്രകടമാകുന്നു. അതിനാല്‍ ഓഹരി വില കുറയുന്നു.
 
സമ്പദ് വ്യവസ്ഥയിലെ മാറ്റങ്ങളും വിപണിയില്‍ പ്രകടമാകാറുണ്ട്. ഒരു ബുള്‍ മാര്‍ക്കറ്റില്‍ കോര്‍പ്പറേറ്റ് വരുമാനം (corporate earnings) വര്‍ധിക്കുന്നു. തത്ഫലമായി ഉപഭോക്താക്കള്‍ കൂടുതല്‍ പണം ചെലവഴിക്കുന്നു. അതിനാല്‍ സമ്പദ് വ്യവസ്ഥ വളരുന്നു. ഈ സമയത്ത് ട്രേഡിംഗും, ഐ പി ഒ പ്രവര്‍ത്തനങ്ങളും വര്‍ധിക്കുന്നു. എന്നാല്‍ ബെയര്‍ മാര്‍ക്കറ്റില്‍ വില്‍പ്പനയും ബിസിനസ് ലാഭവും കുറയുന്നത് വിപണിയെ ബാധിക്കുന്നു.
 
നിക്ഷേപകരുടെ മനശാസ്ത്രവും വിപണിയുമായി നല്ല ബന്ധമുണ്ട്. ഒരു ബുള്‍ മാര്‍ക്കറ്റില്‍ വിലയിലെ വര്‍ധനവ് നിക്ഷേപകരുടെ ആത്മ വിശ്വാസം വര്‍ധിപ്പിക്കുന്നു. ലാഭം ലഭിക്കുമെന്ന പ്രതീക്ഷയാല്‍ കൂടുതല്‍ പണം ഇവര്‍ വിപണിയില്‍ ഇറക്കുന്നു. ഇതിനു വിപരീതമായി ബെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപകര്‍ തങ്ങളുടെ പണം ഇക്വിറ്റികളില്‍ നിന്ന് സ്ഥിര വരുമാന ഉല്‍പ്പന്നങ്ങളിലേക്ക് (fixed-income securities) മാറ്റാന്‍ ശ്രമിക്കുന്നു.
 
ബുള്‍ മാര്‍ക്കറ്റില്‍ ട്രെന്‍ഡിന്റെ തുടക്കത്തില്‍ തന്നെ നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങുകയും വില വര്‍ധിക്കുമ്പോള്‍ അവ വിറ്റ് ലാഭമെടുക്കുകയും ചെയ്യുന്നു. ഈ സമയത്തുണ്ടാകുന്ന നഷ്ടങ്ങള്‍ ചെറുതും താല്‍ക്കാലികവുമായിരിക്കും. എന്നാല്‍ ബെയര്‍ മാര്‍ക്കറ്റില്‍ മൂല്യത്തകര്‍ച്ച കാരണം നഷ്ടങ്ങള്‍ സംഭവിക്കുന്നു.
 
 
tag; bull market/ bear market/ ബുള്‍ മാര്‍ക്കറ്റ്/ ബെയര്‍ മാര്‍ക്കറ്റ്


Oops!
It seems there is something wrong with your internet connection. Please connect to the internet and start browsing again.